ചെറിയ ചില കാര്യങ്ങൾ വലിയ കാര്യങ്ങളേക്കാൾ പ്രധാനമാണെന്ന് നടൻ മോഹൻലാൽ. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവം പങ്കുവച്ചുകൊണ്ടാണ് സൂപ്പർതാരം ഇങ്ങനെ പറഞ്ഞത്.
ദുബായിയില്‍ ഒരു ഷൂട്ടിനായി പോകുന്ന സമയത്ത് മോഹൻലാലിനെ യാത്രയയയ്ക്കാന്‍ ഭാര്യ സുചിത്രയും കൂടെപ്പോയിരുന്നു. യാത്രയാക്കി പിരിഞ്ഞ ശേഷം ലോബിയില്‍ ഇരിക്കുമ്പോള്‍ സുചിത്ര വിളിച്ചിട്ടു പറഞ്ഞു കൈയിലുള്ള ബാഗില്‍ ഒരു കാര്യമുണ്ട് അതൊന്നു നോക്ക് എന്ന്.
അദ്ദേഹം ബാഗ് തുറന്നു നോക്കുമ്പോള്‍ അതൊരു സമ്മാനമായിരുന്നു. ഒരു മോതിരം. അതിന്റെ കൂടെ ഒരു ചെറിയ കുറിപ്പ് കൂടിയുണ്ടായിരുന്നു- "ഇന്ന് നമ്മുടെ വിവാഹവാര്‍ഷികമാണ്. ഇതെങ്കിലും മറക്കാതിരിക്കൂ..' എന്ന്. സുചിത്രയുടെ ആ വാക്കുകള്‍ അന്ന് തന്നെ ഭയങ്കരമായി സങ്കടപ്പെടുത്തിയെന്ന് മോഹൻലാൽ പറയുന്നു.
"മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി തീയതി ഓര്‍ത്തുവച്ചു വിഷ് ചെയ്യുന്ന ആളല്ല ഞാന്‍. പക്ഷെ ഇത്തരം ചെറിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വലിയ കാര്യങ്ങളാണ്. ഞാന്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്ന ആളാണ് എന്ന് എനിക്ക് തന്നെ തോന്നി. ഈ ദിവസമെങ്കിലും മറക്കാതിരിക്കു എന്ന് സുചിത്ര പറഞ്ഞത് എന്നെ വിഷമിപ്പിച്ചു. ചെറിയ കാര്യങ്ങള്‍ എന്നത് വലിയ കാര്യങ്ങളേക്കാള്‍ പ്രധാനമാണ് എന്ന് എനിക്ക് മനസിലായി.'
അതിനു ശേഷം ഏപ്രില്‍ 28 എന്ന ആ വിവാഹ ദിവസം താന്‍ മറന്നിട്ടില്ലെന്ന് താരം പറഞ്ഞു. തന്റെ ജീവിതത്തില്‍ വലിയ തിരിച്ചറിവ് ഉണ്ടാക്കിയ ദിവസമായിരുന്നു അതെന്നും ചെറിയ കാര്യങ്ങള്‍ ചെയ്യാതിരിക്കരുത് എന്ന് ഞാന്‍ മനസിലാക്കിയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.
സങ്കടവും തിരിച്ചറിവും ഉണ്ടാക്കിയ ആ ദിവസം
04:51 PM Jul 18, 2021 | Deepika.com