ദൃശ്യം രണ്ടിനു ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്വൽത് മാൻ (പന്ത്രണ്ടാമൻ). ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
24 മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് നിറഞ്ഞ ചിത്രമാകും ഈ പ്രോജക്ടെന്ന് ജീത്തു ജോസഫ് പറയുന്നു. ചിത്രീകരണം തുടങ്ങാൻ ഗവണ്മെന്റിന്റെ ഔദ്യോഗിക ഉത്തരവിനായി കാത്തിരിക്കുകയാണ്. സിനിമയുടെ തിയറ്റർ റിലീസിന്റെ സാധ്യത തള്ളിക്കളയാനാകില്ല. സാഹചര്യങ്ങൾ ഒത്തുവന്നാൽ ചിത്രം തിയറ്റർ റിലീസ് ആയിരിക്കുമെന്നും ജീത്തു വ്യക്തമാക്കി.
താരനിർണയം നടന്നുവരുകയാണ്. തൊടുപുഴയാണ് പ്രധാന ലൊക്കേഷൻ. കോവിഡ് നിയന്ത്രണങ്ങളോടെ ഒറ്റ ലൊക്കേഷനിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതി. അതുകൊണ്ട് തന്നെ ചുരുക്കം ചില അഭിനേതാക്കൾ മാത്രമാകും സിനിമയിൽ പ്രത്യക്ഷപ്പെടുക.
സിനിമയിൽ പാട്ടുകളും ഉണ്ടാകില്ല. ദൃശ്യം 2വിന്റെ പിന്നിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിലും അണിനിരക്കും. കെ.ആർ. കൃഷ്ണകുമാർ ആണ് ചിത്രത്തിനുവേണ്ടി തിരക്കഥയൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് നിർമാണം.
24 മണിക്കൂറിൽ നടക്കുന്ന കഥ, ഒപ്പം നിഗൂഢതകളും സസ്പെൻസും!
06:55 PM Jul 08, 2021 | Deepika.com