ജോജു ജോർജ്ജിനെ നായകനാക്കി മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ‘പീസി'ന്റെ ഒഫീഷ്യൽ ടൈറ്റിൽ ലോഞ്ച് മോഹൻലാൽ, രക്ഷിത് ഷെട്ടി, വിജയ് സേതുപതി, ഭരത് തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ നിർവഹിച്ചു.
സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ നിര്‍മ്മിക്കുന്ന 'പീസ്' ഒരു ആക്ഷേപഹാസ്യ ത്രില്ലർ ചിത്രമാണ്. കാർലോസ് എന്ന ഓൺലൈൻ ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം.
ജോജു ജോർജിനെ കൂടാതെ ഷാലു റഹീം, രമ്യാ നമ്പീശൻ, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനിൽ നെടുമങ്ങാട്, അർജുൻ സിംഗ്, വിജിലേഷ്, മാമുക്കോയ പോളി വൽസൻ തുടങ്ങിയവരും 'പീസി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളിൽ 75 ദിവസങ്ങൾ കൊണ്ട് പൂർത്തീകരിച്ച ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.
സൻഫീറിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ്. വിനായക് ശശികുമാർ, അൻവർ അലി, സൻഫീർ എന്നിവരുടെ വരികൾക്ക് ജുബൈർ മുഹമ്മദ് ഈണംപകരുന്നു.
അഞ്ചുഭാഷകളിലായി ജോജുവിന്റെ പീസ്; താരസാന്നിധ്യത്തിൽ ടൈറ്റിൽ ലോഞ്ച്
07:27 PM May 31, 2021 | Deepika.com