കോവിഡ് ബാധിച്ച് ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഏറെ ആവശ്യമുള്ള ഒന്നാണ് പൾസ് ഓക്സിമീറ്റർ. ശരീരത്തിലെ ഓക്സിജൻ നില പരിശോധിക്കുന്നതിനായിട്ടാണ് പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുന്നത്. ഓക്സിജൻ നില പരിധിയിൽ കൂടുതൽ താഴുകയാണെങ്കിൽ ഉടൻ ഓക്സിജൻ ലഭ്യമാക്കണം.
എന്നാൽ പൾസ് ഓക്സിമീറ്റർ ശരിയായി ഉപയോഗിക്കാൻ ഭൂരിഭാഗം പേർക്കും അറിയില്ല. പൾസ് ഓക്സിമീറ്റർ ശരിയാംവണ്ണം ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് പങ്കുവെക്കുകയാണ് നടി പൂജ ഹെഗ്ഡെ.കോവിഡിനെ അതിജീവിച്ച അനുഭവത്തിൽ നിന്നാണ് പൂജ പൾസ് ഓക്സിമീറ്ററിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞത്.
രോഗം ബാധിച്ച സമയത്ത് തന്നോടും ഇടയ്ക്കിടെ ഓക്സിജൻ പരിശോധിക്കാൻ പറഞ്ഞിരുന്നുവെന്നു. എന്നാൽ ഡോക്ടർ പറഞ്ഞു തരുന്നതുവരെ ഓക്സിമീറ്റർ ശരിയായി ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലായിരുന്നെന്നും പൂജ പറയുന്നു.
നഖങ്ങളിലെ നെയിൽ പോളിഷ് പൂർണമായും നീക്കിക്കളയുകയാണ് ആദ്യപടി. പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് വിശ്രമിക്കണമെന്നും ചൂണ്ടുവിരലോ നടുവിരലോ ആണ് ഉപയോഗിക്കേണ്ടതെന്നും പൂജ പറയുന്നു. ശേഷം നെഞ്ചോടു ചേർത്ത് ഒരു മിനിറ്റോളം വച്ച് ഓക്സിജൻ ലെവൽ പരിശോധിക്കണമെന്നും പറയുകയാണ് പൂജ. ഓരോ ഘട്ടവും പൂജ വീഡിയോയിലൂടെ കാണിച്ചുതരുന്നുമുണ്ട്.
പൾസ് ഓക്സിമീറ്റർ ഉപയോഗിക്കാൻ അറിയില്ലേ? വീഡിയോയുമായി നടി
08:41 PM May 14, 2021 | Deepika.com