മലയാളികള്‍ക്ക് ഏറെ സുപരിചിതയായ പേരാണ് സുബി സുരേഷ്. ടെലിവിഷന്‍ കോമഡി ഷോകളിലൂടെയും കോമഡി സ്കിറ്റുകളിലൂടെയും മലയാളികൾക്കു പരിചിതയാണ് സുബി. ഒരുകാലത്ത് സ്ത്രീകള്‍ അധികം കടന്നു ചെല്ലാത്ത ഈ മേഖലയില്‍ സ്വന്തമായൊരു ഇടം നേടിയ വ്യക്തിയാണ് സുബി.
അവതാരകയായും സുബി കൈയടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സുബി സജീവമായി. സുബി തന്റെ ജീവിതത്തിലെ രസകരമായ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മറ്റു പലരെയും പോലെ ചിലപ്പോഴെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്നു സുബിക്കും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ളൊരു അനുഭവത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സുബി.
തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മോശം കമന്റ് ചെയ്തയാള്‍ക്കെതിരേ തുറന്നടിച്ചിരിക്കുകയാണ് സുബി. വീട്ടില്‍ എല്ലാവരോടും ഈ ഭാഷയിലാണോടാ നീ സംസാരിക്കുന്നത്. കൂടുതല്‍ ചൊറിച്ചില്‍ വന്നാല്‍ സ്വന്തം അച്ഛനോട് ഈ വാക്കൊന്ന് പറഞ്ഞു നോക്കൂ. അപ്പോള്‍ നീ അറിയും അതിന്റെ അര്‍ഥം. കേട്ടോ ഡാ മോനെ... എന്നായിരുന്നു സുബിയുടെ മറുപടി. പക്ഷേ മറുപടി വന്നപ്പോഴേക്കും താനെഴുതിയ അസഭ്യവാക്ക് അയാള്‍ "മൈക്ക്'എന്ന് തിരുത്തി എഴുതുകയായിരുന്നു.
പിന്നാലെ സ്ക്രീന്‍ ഷോട്ടുമായെത്തി സുബി പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ റിച്ചു എന്നയാള്‍ എന്റെ പോസ്റ്റുകള്‍ക്കു താഴെ അസഭ്യമായ കമന്റിടുന്നു. ചോദ്യം ചെയ്യുമ്പോള്‍ അത് എഡിറ്റ് ചെയ്ത് "മൈക്ക്' എന്നാക്കുന്നു. കൂടാതെ വാട്സാപ്പിലേക്ക് എന്നെ ക്ഷണിക്കുന്നുമുണ്ട്. ഈ റിച്ചു മോന്റെ അസുഖം എന്താണെന്ന് മനസിലാകുന്നില്ല. ഈ അസുഖ വിവരം അദ്ദേഹത്തിന്റെ വീട്ടുകാരെ അറിയിക്കേണ്ടത് നമ്മുടെ കടമയാണെന്നുമായിരുന്നു സുബിയുടെ പോസ്റ്റ്.
മോശം കമന്റ് ചെയ്ത വ്യക്തിയുടെ പ്രൊഫൈലിന്റെയും കമന്റിന്റെയും വാട്സ്ആപ്പിന്റെയുമെല്ലാം സ്ക്രീന്‍ഷോട്ടുകളും സുബി പങ്കുവച്ചിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് സുബിക്ക് പിന്തുണയുമായി എത്തുന്നത്.
മോനേ നിന്റെ അസുഖം എന്താണ്..! മോശം കമന്റിട്ടയാൾക്ക് സുബി കൊടുത്ത പണി
04:35 PM Apr 29, 2021 | Deepika.com