ഫഹദ് ഫാസിൽ നായകനായി എത്തിയ ജോജി മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ചിത്രത്തിൽ പി.എൻ. സണ്ണി അവതരിപ്പിച്ച പി.കെ. കുട്ടപ്പൻ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.
സ്ഫടികത്തിൽ തൊരപ്പൻ ബാസ്റ്റിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സണ്ണി സിനിമയിലേക്ക് എത്തിയത്. അപ്രതീക്ഷിതമായ ആ സിനിമാപ്രവേശത്തിന്റെ കഥ ഒരിക്കൽ കൂടി പറയുകയാണ് താരം ഇപ്പോൾ.
കോട്ടയത്താണ് സ്ഫടികത്തിന്റെ ഷൂട്ടിംഗ് നടന്നത്. താന്‍ കളരിയില്‍ പരിശീലിക്കുന്ന സമയത്ത് അവിടെ എത്തിയ സ്ഫടികം ജോര്‍ജാണ് തൊരപ്പൻ ബാസ്റ്റിൻ എന്ന വേഷത്തിനു വേണ്ടി തന്നെ ഭദ്രന് പരിചയപ്പെടുത്തിയതെന്നും സണ്ണി പറയുന്നു.
ഭദ്രന് സാറിനെ കണ്ടപ്പോള്‍ അദ്ദേഹം തന്നോട് തീപ്പെട്ടി ചോദിക്കുന്ന ഡയലോഗ് പറയാനും ഒപ്പം കാല് പൊക്കി തൊഴിക്കാനും ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായെന്നും അപ്പോള്‍ തന്നെ പോയി മുടിയൊക്കെ വെട്ടി പിറ്റേന്ന് സെറ്റിലെത്തിയെന്നും സണ്ണി കൂട്ടിച്ചേർത്തു.
"മോഹന്‍ലാലിന്റെ അടുത്ത് ചെന്ന് നിന്നപ്പോഴാണ് സിനിമയില്‍ അഭിനയിക്കുന്നതിന്റെ ഒരു ഗൗരവം ശരിക്കും മനസിലാകുന്നത്. എല്ലാം ഒരു സ്വപ്നം പോലെ കടന്നു പോയി. അതിലെ ഫൈറ്റിന്റെ അവസാനഭാഗം ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹന്‍ലാല്‍ ഇതില്‍ മുഴുവന്‍ ഇടിയാണ് ഓടുമോ എന്ന് സംശയമാണെന്നു പറഞ്ഞു. അങ്ങനെയല്ല ഇതു 100 ദിവസം ഓടുമെന്ന് ഞാന്‍ പറഞ്ഞു...'- പി.എൻ. സണ്ണി പറയുന്നു.
ഓടുമോ എന്ന് സംശയമെന്ന് മോഹൻലാൽ; നൂറുദിവസം ഓടുമെന്ന് സണ്ണി
02:27 PM Apr 19, 2021 | Deepika.com