സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് നടന് ബാബുരാജ് തിരക്കഥയെഴുതി സംവിധാനംചെയ്ത ബ്ലാക്ക് കോഫി പ്രദര്‍ശനത്തിനെത്തി.
സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കുക്ക് ബാബുവും, കാളിദാസനും, മായയും, മൂപ്പനുമെല്ലാം ബ്ലാക്ക് കോഫിയിലൂടെ വീണ്ടും തിരശീലയിലേക്ക് എത്തിയപ്പോള്‍ ആസിഫിന്റെ മനു രാഘവും മൈഥിലിയുടെ മീനാക്ഷിയും എവിടെ എന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. ചിത്രത്തില്‍ അവര്‍ക്ക് എന്തുപറ്റി എന്നതിനെക്കുറിച്ച് പറയുകയാണ് സംവിധായകന് ബാബുരാജ്.
"ഞാന്‍ ഇതിനുമുമ്പ് സംവിധാനംചെയ്ത രണ്ടുചിത്രങ്ങളും ത്രില്ലര്‍, ക്രൈം വിഭാഗത്തില്‍പ്പെട്ടതാണ്. എന്തുകൊണ്ടൊരു കോമഡിചിത്രം ചെയ്യുന്നില്ല എന്നചോദ്യം, കുറെക്കാലമായി പലരും ചോദിച്ചു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹിറ്റായി മാറിയ ഉടനെ തന്നെ ചിത്രത്തിനൊരു രണ്ടാം ഭാഗം എന്ന ചിന്ത ഉയര്‍ന്നിരുന്നു.
പ്രേക്ഷകരെ രസിപ്പിക്കുന്നൊരു തുടര്‍ച്ചയ്ക്കായി കാത്തിരിക്കുകയായിരുന്നു. സിനിമയ്ക്കുപറ്റിയൊരു കഥ കിട്ടിയപ്പോള്‍ ആഷിക്ക് അബുവിനോട് കാര്യം പറഞ്ഞു. സോള്‍ട്ട് ആന്‍ഡ് പെപ്പറിനൊരു തുടര്ച്ചയെന്നു കേട്ടപ്പോള്‍ ആഷിക്കിനും സന്തോഷം. ഞാന്‍ സംവിധാനംചെയ്യുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.
തുടക്കത്തില്‍ ആസിഫ് അലിയുടെയും മൈഥിലിയുടെയുമെല്ലാം വേഷങ്ങള്‍ക്ക് കഥയില്‍ സ്ഥാനമുണ്ടായിരുന്നു. പക്ഷേ, മൈഥിലി അമേരിക്കയില്‍ താമസമായതിനാല്‍ അവരുടെ രണ്ടു പേരുടെയും കഥാപാത്രങ്ങളെ മാറ്റിനിര്‍ത്തേണ്ടിവന്നു..'- ബാബുരാജ് പറയുന്നു.
ആസിഫിനും മൈഥിലിക്കും എന്ത് സംഭവിച്ചു?
03:28 PM Mar 03, 2021 | Deepika.com