സച്ചിയുടെ സ്വപ്നചിത്രവുമായി പൃഥ്വിരാജ്; വിലായത്ത് ബുദ്ധ എത്തുന്നു

04:15 PM Feb 08, 2021 | Deepika.com

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന "വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

അന്തരിച്ച സംവിധായകൻ സച്ചിയുടെ അയ്യപ്പനും കോശിയും റിലീസ് ചെയ്ത് ഒരു വർഷം തികയുന്ന വേളയിലാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കിയത്. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്പ്യാര്‍. സച്ചിയുടെ സ്വപ്നചിത്രമായിരുന്നു വിലായത്ത് ബുദ്ധയെന്ന് പൃഥ്വിരാജ് പറഞ്ഞു. ആ ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്.

ജി. ആര്‍. ഇന്ദുഗോപന്‍റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയുള്ള ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത് കഥാകൃത്തും രാജേഷ് പിന്നാടനും ചേർന്നാണ്. ഉർവശി തീയേറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ, അനീഷ് എം. തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോമോൻ ടി. ജോൺ ഛായാഗ്രഹണവും മഹേഷ് നാരായണൻ ചിത്രസംയോജനവും നിർവഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം .