നടനും സംവിധായകനുമായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ടോവിനോ തോമസും കീർത്തി സുരേഷും ഒന്നിക്കുന്നു. വാശി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.
ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ ഒരിടവേളയ്ക്കു ശേഷം നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വാശിക്കുണ്ട്. 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
റോബി വർഗീസ് രാജ് ഛായാഗ്രഹണവും മഹേഷ് നാരായണൻ ചിത്രസംയോജനവും നിർമിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോൻ സംഗീതം നിര്‍വഹിക്കുന്നു.
ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഉർവശി തീയറ്റേഴ്സും രമ്യാ മൂവീസും ചേർന്നാണ്.
ടോവിനോയുടെ നായികയായി കീർത്തി; "വാശി' ഒരുങ്ങുന്നു
03:38 PM Jan 25, 2021 | Deepika.com