ദിലീപ് പുറത്തിറങ്ങാൻ കാത്തുനിൽക്കുന്നില്ല; രാമലീല 28ന് തീയറ്ററുകളിൽ

01:25 PM Sep 07, 2017 | Deepika.com
ദിലീപിന്‍റെ അറസ്റ്റിനെ തുടർന്ന് റിലീസ് വൈകിയ ബിഗ് ബജറ്റ് ചിത്രം രാമലീല തീയറ്ററുകളിലേക്ക്. ദിലീപിന്‍റെ ജാമ്യാപേക്ഷ മൂന്നാമതും കോടതി തള്ളിയ സാഹചര്യത്തിൽ താരം പുറത്തിറങ്ങിയ ശേഷം സിനിമ റിലീസ് ചെയ്യാമെന്ന തീരുമാനം അണിയറക്കാർ ഉപേക്ഷിക്കുകയായിരുന്നു. സെപ്റ്റംബർ 28ന് ചിത്രം ചിത്രം തീയറ്ററുകളിൽ എത്തിക്കാനാണ് തീരുമാനം.

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ചിത്രം നിർമിച്ചിരിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. 14 കോടി മുതൽ മുടക്കിൽ ഒരുക്കിയിരിക്കുന്ന ചിത്രം ജൂലൈ ആദ്യവാരമാണ് റിലീസ് ചെയ്യാനിരുന്നത്. എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ ആരോപണങ്ങൾ ഉയരുകയും പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതോടെ റിലീസ് നീട്ടി. പിന്നീട് ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായതോടെ ചിത്രത്തിന്‍റെ റിലീസ് പ്രതിസന്ധിയിലാവുകയായിരുന്നു.



പൊളിറ്റിക്കൽ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സച്ചിയാണ്. വിജയരാഘവൻ, മുകേഷ്, കലാഭവൻ ഷോജോണ്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രയാഗ മാർട്ടിനാണ് ചിത്രത്തിലെ നായിക.

ഹൈക്കോടതി ജാമ്യം അനുവദിച്ചാൽ ഓണച്ചിത്രമായി രാമലീല തീയറ്ററുകളിൽ എത്തിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ജാമ്യം നിഷേധിച്ചതോടെ അത് നടന്നില്ല. പിന്നീടാണ് നിർമാതാവും അണിയറക്കാരും ചേർന്ന് ദിലീപിന്‍റെ മോചനത്തിന് കാക്കാതെ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.