നേരും നെറിവുമുള്ള കള്ളന്‍റെ കഥയുമായി ചോരൻ

04:09 PM Jan 13, 2021 | Deepika.com

സാന്‍റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ചോരൻ റിലീസിന് തയാറെടുക്കുന്നു. സ്റ്റാന്‍ലി ആന്‍റണിയാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത്.

സംവിധായകനും നിര്‍മാതാവുമായ ഡോ പ്രവീണ്‍ റാണയാണ് ചോരനിൽ പ്രധാന വേഷത്തിലെത്തുന്നത്. ചങ്ക്‌സ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച രമ്യ പണിക്കരാണ് നായികാവേഷം കൈകാര്യം ചെയ്യുന്നത്.

അങ്കമാലി ഡയറീസ് ഫെയിം സിനോജ് വര്‍ഗീസാണ് ചോരനിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യയും സിനോജും പൊറിഞ്ചു മറിയം ജോസിന് ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ചോരൻ.

റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ. എം. നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വഹിക്കുന്നു. തുടർച്ചയായ പതിനഞ്ചു രാത്രികളിലായാണ് ചിത്രം ഷൂട്ട് ചെയ്തത്. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെ ആയിരുന്നു ഷൂട്ടിംഗ് സമയം. ചിത്രത്തിന്‍റെ ഇതിവൃത്തത്തിനിണങ്ങുന്ന ഡാര്‍ക്ക് മോഡ് ഉടനീളം നിലനിര്‍ത്താനായിരുന്നു രാത്രി മാത്രം ഷൂട്ടിംഗ് നടത്തിയത്.