മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സഞ്ജന ഗൽറാണിക്ക് 90 ദിവസത്തെ ജയിൽ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ സജീവമാകാൻ ഒരുങ്ങുകയാണെന്ന സ്റ്റോറിയാണ് താരം പങ്കുവച്ചിരിക്കുന്നത്.
എനിക്ക് മെസേജ് അയച്ച എല്ലാവരോടും നിറയെ സ്നേഹം. നിങ്ങളുടെ ഓരോ മെസേജും ഞാൻ വായിച്ചു. നിങ്ങളുടെ ഉത്കണ്ഠ എനിക്ക് വിലമതിക്കാനാവാത്ത അനുഗ്രഹമായി തോന്നുന്നു. എന്റെ ആരോഗ്യം മെച്ചപ്പെട്ടാൽ എത്രയും വേഗം സോഷ്യൽ മീഡിയയിൽ തിരിച്ചുവരും. നിങ്ങളുടെ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, പ്രത്യേകിച്ച് എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഇൻസ്റ്റഗ്രാമേഴ്സിനോടും എന്നാണ് സഞ്ജനയുടെ കുറിപ്പ്.
സഹോദരിയും നടിയുമായ നിക്കി ഗൽറാണിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ജയിലിലാവുന്നതിന് മുൻപുവരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു സഞ്ജന.
മയക്കുമരുന്ന് കേസിൽ ബംഗളൂരു ക്രൈം ബ്രാഞ്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് സഞ്ജനയെയും രാഗിണി ദ്വിവേദിയെയും അറസ്റ്റ് ചെയ്തത്. തെലുങ്ക്, കന്നഡ സിനിമാരംഗത്ത് സജീവമായ സഞ്ജന കാസനോവ, ദ കിംഗ് ആൻഡ് ദ കമ്മീഷണർ തുടങ്ങിയ മലയാളചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
"എല്ലാവർക്കും നന്ദി, ഞാൻ തിരിച്ചുവരും'
03:24 PM Jan 06, 2021 | Deepika.com