മാറ്റിനിർത്തപ്പെട്ടവരുടെ കഥ; "അറ്റെൻഷൻ പ്ലീസ്' ചലച്ചിത്രോത്സവത്തിലേക്ക്

04:14 PM Dec 27, 2020 | Deepika.com

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് "അറ്റന്‍ഷന്‍ പ്ലീസ് ' എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.

വിഷ്ണു ഗോവിന്ദന്‍, ആതിര കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ ഐസക് തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അറ്റൻഷൻ പ്ലീസ് ". ആനന്ദ് മന്മഥന്‍, ശ്രീജിത്ത്, ജോബിന്‍, ജിക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഡിഎച്ച് സിനിമാസിന്‍റെ ബാനറിൽ ഹരി വെെക്കം, എൻ.ജെ. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിർമിക്കുന്നു.

സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും എടുത്തുകാട്ടുന്ന ഒരു സിനിമയാണിത്. ജാതിയുടെയും നിറത്തിന്‍റെയും പേരില്‍ കളിയാക്കൽ അതിരുവിടുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

മാറ്റിനിർത്തലുകളിൽ പ്രതികരിക്കേണ്ടി വരുന്ന സാധാരണക്കാരന്‍റെ കഥ പറയുന്ന "അറ്റന്‍ഷന്‍ പ്ലീസ് "ഒരു പരീക്ഷണാർഥ സിനിമാ മാതൃകയ്ക്ക് തുടക്കം എന്ന നിലയില്‍ ശ്രദ്ധേയമാകുമെന്ന് സംവിധായകന്‍ ജിതിന്‍ ഐസക്ക് തോമസ് പറഞ്ഞു.