തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന "തലൈവി’യിൽ പ്രധാന വേഷത്തിലെത്തുന്നത് ബോളിവുഡ് നടി കങ്കണ റണാവത് ആണ്. ജയലളിതയുടെ ചരമ ദിനത്തോടനുബന്ധിച്ച് കങ്കണ പങ്കുവെച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
ജയ അമ്മയുടെ ചരമദിനത്തിൽ ഞങ്ങളുടെ പുതിയ സിനിമ തലൈവി-ദ റെവല്യൂഷണറി ലീഡറിലെ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്. എന്റെ ടീമിലുള്ള എല്ലാവർക്കും നന്ദി, പ്രത്യേകിച്ച് സിനിമ പൂർത്തീകരിക്കാൻ ഒരു സൂപ്പർഹീറോയെപ്പോലെ പ്രവർത്തിക്കുന്ന ഞങ്ങളുടെ നേതാവ് വിജയ് സാറിന്. ഇനി ഒരാഴ്ച്ചകൂടി...’ ചിത്രത്തോടൊപ്പം കങ്കണ ട്വീറ്റു ചെയ്തതിങ്ങനെയാണ്.
എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് ബാഹുബലി, മണികർണ്ണിക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ. ആർ. വിജയേന്ദ്ര പ്രസാദാണ്. ചിത്രത്തിൽ മലയാളിതാരം ഷംന കാസിം ആണ് ശശികലയുടെ വേഷത്തിലെത്തുന്നത്.
വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് ചിത്രത്തിന്റെ നിർമാണം. ജി.വി. പ്രകാശ് കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിംഗ് ആന്റണിയും ആക്ഷൻ ഡയറക്ടർ സിൽവയുമാണ് നിർവഹിക്കുക.
ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംവിധായകൻ മിഷ്കിന്റെ അസോസിയേറ്റ് ആയിരുന്ന പ്രിയദർശിനി സംവിധാനം ചെയ്യുന്ന ദി അയണ്‍ ലേഡിയും നിർമാതാവ് ആദിത്യ ഭരദ്വാജും സംവിധായകൻ ഭാരതിരാജയും ചേർന്നൊരുക്കുന്ന തായ്: പുരട്ചി തലൈവിയുമാണ് നേരത്തെ പ്രഖ്യാപിച്ച ചിത്രങ്ങൾ. അയണ്‍ ലേഡിയിൽ ജയലളിതയായി വേഷമിടുന്നത് നിത്യാ മേനോനാണ്.
ജയലളിതയായി കങ്കണ; ചിത്രങ്ങൾ വൈറൽ
10:55 AM Dec 11, 2020 | Deepika.com