മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകെട്ടാണ് ദാസനും വിജയനും. മോഹൻലാലും ശ്രീനിവാസനും ദാസനും വിജയനുമായി വീണ്ടുമെത്തുന്നതും കാത്തിരിക്കുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് മറ്റൊരു ദാസനും വിജയനുമെത്തുന്നു.
ധ്യാൻ ശ്രീനിവാസനും അജു വർഗീസും ദാസനും വിജയനുമായെത്തുന്ന പുതിയ ചിത്രമായ ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ലിജോ ജോസ് പെല്ലിശേരി, വി.എം.വിനു എന്നിവരുടെ സംവിധാനസഹായി ആയിരുന്ന മാക്സ്വെൽ ജോസ് ആണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്.
ഐടി പ്രഫഷണലുകളായ ബിബിൻദാസ്, ബിബിൻ വിജയ് എന്നീ കഥാപാത്രങ്ങളെയാണ് ധ്യാനും അജുവും അവതരിപ്പിക്കുന്നത്. ദാസനും വിജയനുമായാണ് ഇവർ ചിത്രത്തിൽ അറിയപ്പെടുന്നത്. അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തൻവി റാം ആണ് നായിക.
ഇവർക്കൊപ്പം ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, അഹമ്മദ് സിദ്ദിഖ്, അലൻസിയർ, ജോണി ആന്റണി, മേജർ രവി, ഇടവേള ബാബു, സോഹൻ സീനുലാൽ, ലെന, സരയൂ ദിപ്തി, നീനാ കുറുപ്പ്, ദീപ്തി കല്യാണി എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്ക് പുറമേ സണ്ണി വെയ്നും രഞ്ജിനി ഹരിദാസും അതിഥിതാരങ്ങളായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ബഞ്ചാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അഹമ്മദ് റുബിൻ സലിം, അനു ജൂബി ജയിംസ്, നഹാസ് എം.അഹമ്മദ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അനിൽ ലാലിന്റെ വരികൾക്ക് പ്രകാശ് അലക്സ് ഈണം പകരുന്നു. സന്തോഷ് തനിമ ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള ചിത്രസംയോജനവും നിർവഹിക്കുന്നു.
ബുധനാഴ്ച കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന ചടങ്ങോടെ ചിത്രീകരണത്തിനു തുടക്കമായി. റോജി എം. ജോൺ എംഎൽഎ സ്വിച്ചോൺ കർമം നിർവഹിച്ചു.