സുരേഷ് ഗോപിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് ലേലം. ജോഷി സംവിധാനം ചെയ്ത സിനിമ നിർമിച്ചത് സെവൻ ആർട്സ് വിജയകുമാറായിരുന്നു.
ഈ സിനിമ തിയറ്ററുകളിലേക്കെത്തിയിട്ട് 23 വർഷം പിന്നിട്ടിരിക്കുകയാണ്. എങ്കിലും ആനക്കാട്ടിൽ ചാക്കോച്ചിയെയും അദ്ദേഹത്തിന്റെ തീപ്പൊരി ഡയലോഗുകളുമൊന്നും ആരാധകർ ഇന്നും മറന്നിട്ടില്ല. രഞ്ജി പണിക്കരായിരുന്നു ലേലത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. സോമൻ, എൻഎഫ് വർഗീസ്, കൊച്ചിൻ ഹനീഫ, ഇവരെല്ലാം ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. നന്ദിനിയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കാനിരുന്ന സിനിമയായിരുന്നു ലേലം എന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. സമയക്കുറവ് കാരണം അദ്ദേഹം ചിത്രത്തിൽ നിന്നും പിൻമാറിയതോടെയാണ് ആ ഭാഗ്യം സുരേഷ് ഗോപിക്ക് ലഭിച്ചത്.
സോമന്റെ കരിയറിലെ മികച്ച ചിത്രം കൂടിയായിരുന്നു ഇത്. ഈ സിനിമയ്ക്കിടയിലായിരുന്നു അദ്ദേഹം അസുഖബാധിതനായത്. സിനിമ തിയറ്ററുകളിലേക്കെത്തുന്നതിന് മുൻപായിരുന്നു അദ്ദേഹം അന്തരിച്ചത്. തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുക്കുന്നത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല.
ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിലെ മികച്ച ചിത്രമായ ലേലത്തിന് രണ്ടാം ഭാഗം വരുമോയെന്നായിരുന്നു മുൻപ് പ്രേക്ഷകർ ചോദിച്ചത്. സുരേഷ് ഗോപിയുടെ മകനായ ഗോകുലിനെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ ലേലത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നുണ്ട്.
സിനിമയുടെ രണ്ടാം ഭാഗമുണ്ടാവുമെന്നറിഞ്ഞപ്പോൾ മുതൽ ആരാധകരും കാത്തിരിപ്പിലാണ്. പ്രമേയത്തിന് പ്രസക്തിയില്ലെന്നും സിനിമ ഉപേക്ഷിച്ചേക്കുമെന്ന തരത്തിലുള്ള വിവരങ്ങൾ ഇടയ്ക്ക് പ്രചരിച്ചിരുന്നു. ഇതിന് ശേഷമായാണ് പ്രതികരണവുമായി നിഥിൻ എത്തിയത്.
മമ്മൂട്ടി വിട്ടുകളഞ്ഞ ലേലം
07:08 PM Oct 21, 2020 | Deepika.com