അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവാണ് നടൻ സുരേഷ് ഗോപി നടത്തിത്. രാഷ്ട്രീയത്തിൽ നിന്നു വീണ്ടും സിനിമയിലേക്ക് എത്തിയ താരത്തിന്റെ അഭിനയമികവിനെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.
സുരേഷ് ഗോപിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിൽ മുഖ്യ ആകർഷണമായിരിക്കുന്നതെന്ന് സിനിമ കണ്ടവർ അഭിപ്രായപ്പെട്ടിരുന്നു. മേജർ ഉണ്ണികൃഷ്ണനായി മികച്ച പ്രകടനം തന്നെയാണ് നടൻ കാഴ്ചവച്ചത്.
സുരേഷ് ഗോപിയുടെ പഴയ സിനിമകളിലെ റെഫറൻസുകളും വളരെ രസകരമായി ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. മുന്പ് തരംഗമായ സുരേഷ് ഗോപിയുടെ ഒരു ഡാൻസ് സ്റ്റെപ് വീണ്ടും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ആ ഡാൻസ് സ്റ്റെപ്പ് വേണമെന്ന് പറഞ്ഞപ്പോൾ സുരേഷ് ഗോപിയുടെ പ്രതികരണം എങ്ങനെ ആയിരുന്നുവെന്ന് ചിത്രത്തിന്റെ നായകൻ കൂടിയായ ദുൽഖർ സൽമാൻ ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ഈ ഐഡിയ ആദ്യം അനൂപ് പറഞ്ഞപ്പോൾ അദ്ദേഹം ഇത് ചെയ്യുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞപ്പോൾ യാതൊരു എതിർപ്പും കൂടാതെ അത് ചെയ്യുകയായിരുന്നു. അദ്ദേഹവും അത് ഏറെ ആസ്വദിച്ചതായാണ് എനിക്ക് തോന്നിയത്’-ദുൽഖർ സൽമാൻ പറഞ്ഞു.
ചുക്കാൻ എന്ന് സിനിമയ്ക്ക് വേണ്ടിയാണ് സുരേഷ് ഗോപി ആദ്യമായി തന്റെ ട്രേഡ്മാർക്ക് സ്റ്റെപ്പ് കളിച്ചത്. സിനിമയിലെ മലരന്പൻ തഴുകുന്ന കിളിമകളേ... എന്ന ഗാനത്തിലാണ് വളരെ രസകരമായ ഈ നൃത്തച്ചുവട് നടൻ അവതരിപ്പിച്ചത്, അത് പിന്നീട് മിമിക്രിക്കാരും ട്രോളന്മാരും ഏറെ പോപ്പുലറാക്കകയും ചെയ്തിരുന്നു. പിന്നീട് ഡ്രീംസ് എന്ന ചിത്രത്തിന് വേണ്ടിയും ഈ ഡാൻസ് സ്റ്റെപ് സുരേഷ് ഗോപി കളിച്ചു.