ചാർലിയുടെ അഞ്ചാംവാർഷികത്തിൽ മാർട്ടിൻ പ്രക്കാട്ടിന്‍റെ "നായാട്ട്'

04:43 PM Sep 20, 2020 | Deepika.com

വൻവിജയം നേടിയ ചാർലിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നായാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. ജോജു ജോർജും നിമിഷ സജയനും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തുവിട്ടത്. "ചിലപ്പോൾ വേട്ടക്കാരൻ ഇരയായി മാറും' എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ താരം പങ്കുവച്ചത്.

'ജോസഫി'ന് തിരക്കഥയൊരുക്കിയ ഷാഹി കബീര്‍ ആണ് നായാട്ടിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ ചിത്രസംയോജനവും നിർവഹിക്കുന്നു.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് നായാട്ട് നിർമിക്കുന്നത്.