സംവിധായകൻ എന്ത് പറയുന്നുവോ അത് അക്ഷരംപ്രതി അനുസരിക്കുന്ന സൂപ്പർസ്റ്റാർ ആയിരുന്നു നിത്യഹരിതനായകൻ പ്രേംനസീർ എന്നു നെടുമുടി വേണുവിന്റെ വെളിപ്പെടുത്തൽ. പ്രേം നസീർ എന്ന മഹാപ്രതിഭയുമായി ഒന്നിച്ചഭിനയയിച്ച നിമിഷങ്ങൾ ഓർത്തെടുക്കവേയാണ് നടൻ നെടുമുടി വേണു ഇക്കാര്യം വ്യക്തമാക്കിയത്.
പകരംവയ്ക്കാനില്ലാത്ത ഒരേയൊരു സൂപ്പർസ്റ്റാറായിരുന്നു അദ്ദേഹം. സംവിധായകൻ എന്ത് പറയുന്നുവോ അത് അക്ഷരംപ്രതി അനുസരിക്കുന്ന വലിയ താരമായിരുന്നു പ്രേം നസീർ. ഏതാണ്ട് പതിനഞ്ചോളം സിനിമകളിൽ ഞാനും നസീർ സാറും ഒന്നിച്ചഭിനയിച്ചു.
ആ അനുഭവത്തിൽ നിന്ന് പറയാം ഒരു സിനിമയുടെ ചിത്രീകരണ വേളയിലും സംവിധായകൻ പറയുന്നതിനപ്പുറമുള്ള നിർദേശങ്ങൾ ഒന്നും തന്നെ നസീർ സാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സംവിധായകൻ എന്ത് പറയുന്നുവോ അത് അക്ഷരംപ്രതി അനുസരിക്കുന്ന ഒരു വിദ്യാർഥിയായിരുന്നു നസീർ സാർ.
സ്വന്തം പരിമിതിയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. നടനേക്കാൾ വലിയ മനുഷ്യനാണ് നസീർ സാർ എന്ന് പലരും തിരിച്ചറിയുന്നത് വ്യക്തിപരമായ അനുഭവങ്ങളിലൂടെയാണ്. താരപ്രഭയിൽ നിറഞ്ഞു നിൽക്കുന്ന കാലത്തും വിടപറയും മുൻപേയിലെ വേഷം സ്വീകരിക്കാൻ സാർ തയാറായത് ആ മനസിന്റെ നന്മ കൊണ്ടാണ്.
വിടപറയും മുൻപേയിൽ അഭിനയിക്കുന്പോഴാണ് നസീർ സാറുമായി ഏറെ അടുക്കുന്നത്. അന്നാണ് അദ്ദേഹത്തിന് സിനിമയോടുള്ള സമീപനമെന്താണെന്ന് മനസിലായത്- നെടുമുടി വേണു വ്യക്തമാക്കി.
പകരം വയ്ക്കാനില്ലാത്ത സൂപ്പർ സ്റ്റാർ!
07:15 PM Sep 17, 2020 | Deepika.com