അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരിഫ്, റോമ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ തന്നെയാണ് പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചത്.
തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലുള്ള റൊമാന്റിക് ഫാന്റസി ചിത്രമാണ് വെള്ളേപ്പം. ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി, കൈലാഷ്, വൈശാഖ് രാജൻ, ഫായിമം, സാജിദ് യഹിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജീവൻലാലാണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്.
നീണ്ട ഇടവേളക്ക് ശേഷം സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ബറോക് ഫിലിംസിന്റെ ബാനറിൽ ജിൻസ് തോമസ്, ദ്വാരക് ഉദയശങ്കർ എന്നിവർ ചേർന്നാണ് വെള്ളേപ്പം നിർമിച്ചത്. ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണവും രഞ്ജിത് ടച്റിവർ ചിത്രസംയോജനവും നിർവഹിക്കുന്നു. തൃശൂരിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച വെള്ളേപ്പം ഉടൻ പ്രേക്ഷകരിലേക്ക് എത്തും.