മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണു കിരീടം. ചിത്രത്തിൽ പാർവതിയാണ് മോഹൻലാലിന്റെ ജോഡിയായെത്തിയത്.
സിബി മലയിൽ-ലോഹിത ദാസ് കൂട്ടുകെട്ടിൽ 1989 ൽ പുറത്തിറങ്ങിയ കിരീടം എന്ന സിനിമയുടെ നിർമാതാക്കളിൽ ഒരാൾ ദിനേശ് പണിക്കരായിരുന്നു. ആ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരവും ആ നാളുകളിൽ ദിനേശ് പണിക്കരെ തേടിയെത്തിയിരുന്നു.
കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എന്ന ഗാനരംഗത്തിൽ പാർവതിക്കൊപ്പം അഭിനയിക്കാൻ ആദ്യം സംവിധായകൻ പരിഗണിച്ചത് ദിനേശ് പണിക്കരെയായിരുന്നു. എന്നാൽ ഗാനരംഗം ഷൂട്ട് ചെയ്യുന്നതിന് മുന്പ് തന്റെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം ഭാര്യയോട് പറഞ്ഞു. കിരീടത്തിൽ അഭിനയിക്കാൻ തനിക്ക് അവസരം കിട്ടിയെന്നാണ് ഭാര്യയോട് പറഞ്ഞത്. പാർവതിയുടെ ഭർത്താവായി അഭിനയിക്കാൻ പോവുകയാണെന്ന് തമാശ രൂപേണയാണ് പറഞ്ഞത്.
എന്നാൽ എന്തുകൊണ്ടോ ഭാര്യയ്ക്ക് അത് തമാശയായി തോന്നിയില്ല. ആ രംഗത്തിൽ അഭിനയിക്കാൻ അവർ സമ്മതിച്ചില്ല. സ്വന്തം സിനിമയിൽപ്പോലും അഭിനയിക്കാനുള്ള ധൈര്യം താൻ കാണിച്ചിരുന്നില്ല എന്നതാണ് സത്യമെന്നും ദിനേശ് തുറന്നു പറയുന്നു.
അഭിനയിക്കാൻ അറിയില്ലായിരുന്നു തനിക്ക്. കിരീടത്തിലെ വേഷം അഭിനയ പ്രാധാന്യമുള്ളതായിരുന്നില്ല. ഗാനരംഗത്തിൽ പാർവതിയുടെ കൈ പിടിച്ച് നടന്നാൽ മതിയായിരുന്നു. ഭാര്യ സമ്മതിക്കാത്തതിനാൽ ആ രംഗത്ത് അഭിനയിക്കാൻ വേറെ താരത്തെ കൊണ്ടുവരികയായിരുന്നു. പണിക്കർ പറയുന്നു. നേരത്തെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിനേശ് പണിക്കരുടെ ഈ വെളിപ്പെടുത്തൽ.
കിരീടത്തിൽ അഭിനയിക്കാൻ ഭാര്യ സമ്മതിച്ചില്ല!
07:38 PM Aug 14, 2020 | Deepika.com