തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന രണ്ട് നായികമാരാണ് മലയാളികളായ നയൻതാരയും കീർത്തി സുരേഷും. സൂപ്പർതാരങ്ങളുടെയെല്ലാം തന്നെ നായികയായി തിളങ്ങിയ ഇരുവരും താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ്. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴിൽ തിളങ്ങിയ നായികമാരാണ് നയൻസും കീർത്തിയും.
നായികയായും കേന്ദ്രകഥാപാത്രവുമായൊക്കെ അഭിനയിച്ചാണ് നയൻതാര ലേഡീ സൂപ്പർസ്റ്റാറായി മാറിയത്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്കാരം നേടി കീർത്തിയും തന്റെ കഴിവ് തെളിയിച്ചിരുന്നു. നിലവിൽ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് രണ്ട് താരസുന്ദരിമാരും മുന്നേറുന്നത്.
സ്റ്റൈൽമന്നൻ രജനീകാന്ത് നായകനാവുന്ന അണ്ണാത്തെയിലും നയൻതാരയും കീർത്തിയും അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ആദ്യമായാണ് ഇരുവരും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നയൻതാരയാണ് തലൈവരുടെ നായികയായി എത്തുന്നത്. ചിത്രത്തിൽ കീർത്തിയുടെ കഥാപാത്രം എന്തായിരിക്കുമെന്ന് എല്ലാവരും ആകാംക്ഷകളോടെ ഉറ്റുനോക്കുന്നൊരു കാര്യമാണ്. അതേസമയം രജനിയുടെയും നയൻസിന്റെയും മകളായാണ് ചിത്രത്തിൽ കീർത്തി എത്തുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമ്മയും മകളുമായുളള നയൻസിന്റെയും കീർത്തിയുടെയും വരവിനായി ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതേസമയം കീർത്തിയുടെ കഥാപാത്രം സംബന്ധിച്ച് അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും ഒൗദ്യോഗിക സ്ഥീരികരണമൊന്നും ഉണ്ടായിട്ടില്ല. അജിത്ത് ചിത്രങ്ങളിലൂടെ തമിഴിൽ ശ്രദ്ധേയനായ സിരുത്തൈ ശിവയാണ് രജനീകാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്. രജനിക്കൊപ്പം സിനിമയിൽ മീന, ഖുശ്ബു തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവർക്കൊപ്പം പ്രകാശ് രാജ്, സൂരി തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു.
സണ് പിക്ചേഴ്സാണ് തലൈവരുടെ അണ്ണാത്തെ നിർമ്മിക്കുന്നത്. ഡി ഇമൻ അണ്ണാത്തെയിലെ പാട്ടുകൾ ഒരുക്കുന്നു. അണ്ണാത്തെയുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. പേട്ട, ദർബാർ തുടങ്ങിയ സിനിമൾക്ക് പിന്നാലെയാണ് രജനീകാന്ത് പുതിയ ചിത്രവുമായി എത്തുന്നത്.
ഈ വർഷമാദ്യം ദർബാറാണ് രജനീകാന്തിന്റെതായി ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം. ഏആർ മുരുകദോസ് സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നയൻതാര തന്നെയായിരുന്നു ദർബാറിലും രജനിയുടെ നായികയായി എത്തിയത്. ദർബാറിന് മുൻപും രജനി ചിത്രങ്ങളിൽ നായികയായി നയൻസ് അഭിനയിച്ചിരുന്നു. അതേസമയം കീർത്തി സുരേഷ് ആദ്യമായാണ് തലൈവർക്കൊപ്പം അഭിനയിക്കുന്നത്. മഹാനടിക്ക് പിന്നാലെയാണ് രജനി ചിത്രത്തിലും കീർത്തിക്ക് അവസരം ലഭിച്ചിരിക്കുന്നത്.
അമ്മയും മകളുമായി നയൻസും കീർത്തിയും?
07:00 PM Aug 05, 2020 | Deepika.com