പൃഥ്വിരാജ് നായകനാകുന്ന നിർമൽ സഹദേവ് ചിത്രം "രണ’ത്തിന്റെ ചിത്രീകരണം യുഎസിൽ ആരംഭിച്ചു. നേരത്തേ അനൗണ്‍സ്മെന്റ് ഘട്ടത്തിൽ "ഡെട്രോയിറ്റ് ക്രോസിംഗ്’ എന്നു വാർത്തകളിൽ വന്ന പ്രോജക്ടാണ് പിന്നീട് "രണ'മെന്ന് ഒൗദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടത്. അമേരിക്കയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
പൃഥ്വിരാജ് ചിത്രം "ഇവിടെ’യിൽ ശ്യാമപ്രസാദിന്റെ അസിസ്റ്റന്റും ഫഹദ് ഫാസിൽ ചിത്രം "മണ്‍സൂണ്‍ മാംഗോസി’ൽ ചീഫ് അസോസിയേറ്റുമായിരുന്ന ആളാണു "രണ’ത്തിന്റെ സംവിധായകൻ നിർമൽ സഹദേവ്. ഡെട്രോയിറ്റിലെയും ടൊറേന്റോയിലെയും തെരുവുകളിൽ പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തിൽ ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണു സിനിമ. മലയാളത്തിലും തമിഴിലുമാണു ചിത്രം എത്തുക.
ചിത്രീകരണം പൂർത്തിയാക്കി ഒക്ടോബറിൽ തിരിച്ചെത്തുന്ന പൃഥ്വി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും പിന്നെ അഭിനയിക്കുക.
നവാഗതസംവിധായകനായ ജിനു എബ്രഹാമിന്റെ ആദം ജോണാണു പൃഥ്വിയുടേതായി തീയേറ്ററുകളിൽ എത്താനുള്ള സിനിമ. സ്കോട്ട്ലാൻഡിൽ ഭൂരിഭാഗവും ചിത്രീകരിച്ച സിനിമ ഈ മാസം 31നു തീയേറ്ററുകളിലെത്തും.
പൃഥ്വിയുടെ "രണം' യുഎസിൽ ആരംഭിച്ചു
05:32 PM Aug 25, 2017 | Deepika.com