മനസിനക്കരെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്തു താനും രഞ്ജൻ പ്രമോദും ഡയാനയ്ക്കായി കുറച്ച് അധികം പേരുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. ആ ലിസ്റ്റിൽ നിന്നു നയൻതാരയാണ് തനിക്ക് ഇഷ്ടമുള്ള പേര് സെലക്ട് ചെയ്തത്- സത്യൻ അന്തിക്കാട്.
ഏതാനും നാൾ മുന്‍പ് ആലപ്പുഴ എരമല്ലൂർ സ്വദേശിയും സിനിമാപ്രവർത്തകനുമായ ജോണ്‍ ടിറ്റോ പിറ്റർ നയൻ താരയ്ക്ക് താനാണ് ഡയാന എന്ന പേരിനു പകരം നയൻതാര എന്ന പേരിട്ടത് എന്ന് അവകാശവാദമുന്നയിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് ഏറെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു. എന്നാൽ ഇത് നിഷേധിച്ചുകൊണ്ടുള്ള മറുപടിയുമായാണ് സംവിധായകൻ സത്യൻ അന്തിക്കാട് പിന്നീടു രംഗത്ത് വന്നത്. ഒരു ദേശീയ മാധ്യമത്തോടായിരുന്നു സത്യൻ അന്തിക്കാടിന്റെ ഈ പ്രതികരണം.
ഇങ്ങനെയൊരു തർക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യം ഈ വിഷയത്തിലുണ്ടെന്നു പോലും ഞാൻ കരുതുന്നില്ല. മനസിനക്കരെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്തു താനും രഞ്ജൻ പ്രമോദും ഡയാനയ്ക്കായി കുറച്ച് അധികം പേരുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. ആ ലിസ്റ്റിൽ നിന്നും നയൻതാരയാണ് തനിക്ക് ഇഷ്ടമുള്ള പേര് സെലക്ട് ചെയ്തത്-സത്യൻ അന്തിക്കാട് പറയുന്നു.
അതേസമയം ജോണ്‍ ടിറ്റോ പീറ്റർ നേരത്തെ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്;
തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജൻ സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു.
ഒരു ദിവസം വൈകുന്നേരം സാറിനെ കാണാൻ പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണ്ണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു.
ക്രിസ്ത്യൻ പെണ്‍കുട്ടിയാണ്, ഡയാനയെന്നാണ് പേര്. ഡിറ്റോ ഒരു പേര് ആലോചിക്ക് സർ നിർദേശിച്ചു. ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ ചിന്തിച്ചു .. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി. നയൻതാര.... ഞാൻ പറഞ്ഞു. സാജൻസാർ തലയാട്ടി. സ്വാമിനാഥൻ സാറും തലകുലുക്കി. പിന്നീട് മനസിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗണ്‍സ് ചെയ്തു.
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ സന്പൂർണ പരാജിതനായി വീട്ടിലിരിക്കുന്നു. ഒരു ദിവസം സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്..
പുതിയ നിയമം എന്ന മമ്മൂട്ടിച്ചിത്രം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല. എങ്കിൽ ഇക്കഥ പറയാമായിരുന്നു.
നയൻ താരയ്ക്ക് ആ പേരിട്ടത് ആര്?
07:23 PM Jul 28, 2020 | Deepika.com