എഴുപതുകൾ മുതൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ അഭിനയിച്ചത് ആയിരത്തിലധികം ചിത്രങ്ങളിലാണ്. നായകനായും വില്ലനായും സ്വഭാവ നടനായും ഹാസ്യ നടനായുമെല്ലാം തന്റെ കഴിവു തെളിയിച്ച ജഗതി ശ്രീകുമാർ കുറച്ചു വർഷം മുൻപുണ്ടായ ഒരു അപകടത്തെ തുടർന്ന് ഇപ്പോൾ അഭിനയ രംഗത്തുനിന്നും വിട്ടു നിൽക്കുകയാണ്. അദ്ദേഹത്തിന് ഒരു പകരക്കാരനെ ഇനി നമുക്ക് ലഭിക്കില്ല എന്നു മാത്രമല്ല, അദ്ദേഹത്തെപ്പോലെ ഏതു കഥാപാത്രവും അതിന്റെ പൂർണതയിൽ എത്തിക്കുന്ന നടന്മാർ നമുക്ക് വളരെ കുറവാണു താനും.
ജഗതിക്കുവേണ്ടി രചിച്ച കഥാപാത്രം മറ്റാരെക്കൊണ്ടും ചെയ്തു ഫലിപ്പിക്കാൻ പറ്റില്ല എന്ന് മലയാളത്തിലെ പ്രമുഖ സംവിധായകരും രചയിതാക്കളും പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഒരിക്കൽ ജഗതിക്ക് വേണ്ടി തയാറാക്കിയ ഒരു റോൾ അദ്ദേഹത്തിന്റെ അസൗകര്യം കൊണ്ട് സുരേഷ് ഗോപി ഏറ്റെടുക്കുകയും, അതിലെ ഗംഭീരപ്രകടനം കൊണ്ട് സുരേഷ് ഗോപി കൈയടി മേടിക്കുകയും ചെയ്തിട്ടുണ്ട്.
ഡെന്നിസ് ജോസഫ് എഴുതി സംവിധാനം ചെയ്ത മനു അങ്കിൾ എന്ന ചിത്രത്തിലെ മിന്നൽ പ്രതാപൻ എന്ന മണ്ടനായ പോലീസ് ഓഫീസർ കഥാപാത്രത്തെ കുറിച്ചാണ് പറയുന്നത്. മനു അങ്കിളിൽ സുരേഷ് ഗോപിയല്ല, ജഗതി ശ്രീകുമാർ ആയിരുന്നു മിന്നൽ പ്രതാപന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്നത് എന്നും, പക്ഷെ ഷൂട്ടിംഗ് ദിവസം അദ്ദേഹത്തിന് വന്നെത്താൻ സാധിച്ചില്ല എന്നും ഡെന്നിസ് ജോസഫ് തന്നെയാണ് പിന്നീടൊരിക്കൽ പറഞ്ഞത്.
കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലെ ക്ലൈമാക്സ് സീനിന്റെ ലൊക്കേഷനിൽ ആകസ്മികമായാണ് സുരേഷ് ഗോപിയെത്തുന്നത്. സുരേഷ് ഗോപിയുടെ വീട് കൊല്ലത്തായതു കൊണ്ട് അദ്ദേഹം ഡെന്നിസ് ജോസഫിനെയും ജൂബിലി ജോയിയെയും മറ്റു സഹപ്രവർത്തകരെയും അദ്ദേഹത്തിന്റെ വീട്ടിൽ ഉൗണ് കഴിക്കാൻ വേണ്ടി ക്ഷണിക്കാൻ വന്നതായിരുന്നു. അപ്പോഴാണ് വേറെ തിരക്കുകൾ ഇല്ലെങ്കിൽ മിന്നൽ പ്രതാപനെ അവതരിപ്പിക്കാമോ എന്ന് സുരേഷ് ഗോപിയോട് ഡെന്നിസ് ജോസഫ് ചോദിക്കുന്നതും, അദ്ദേഹം സമ്മതിക്കുന്നതും.
ജഗതിക്ക് വേണ്ടി മാറ്റി വച്ച പോലീസ് യൂണിഫോമെടുത്ത് ചെറുതായി ഓൾട്ടർ ചെയ്ത് സുരേഷ് ഗോപിക്ക് നൽകുകയും അദ്ദേഹം അവിടെയെത്തി ഒരു പതിനഞ്ച് ഇരുപത് മിനിറ്റുകൾക്കുള്ളിൽ ഷൂട്ടിംഗ് തുടങ്ങുകയും ചെയ്തു. ഏതായാലും ഇന്നും സിനിമാ പ്രേമികൾ ഓർത്തിരിക്കുന്ന ഒരു കോമഡി കഥാപാത്രമാണ് മിന്നൽ പ്രതാപൻ. മമ്മൂട്ടി നായകനായ ആ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.
ജഗതിക്കു പകരം ആ റോൾ ചെയ്തത് സുരേഷ് ഗോപി!
07:31 PM Jul 23, 2020 | Deepika.com