മലയാള സിനിമയുടെ ചരിത്രത്താളുകളിൽ പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ‘ചിത്രം’ എന്ന സിനിമയ്ക്ക് വലിയ ഒരു സ്ഥാനമുണ്ട്. ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രത്തിന്റെ അപൂർവ റിക്കാർഡ് ബ്രേക്ക് ചെയ്യാൻ ഇനിയൊരു മലയാള സിനിമയ്ക്കും സാധ്യമായെന്നു വരില്ല.
18 സെന്ററുകളിൽ റിലീസ് ചെയ്ത ചിത്രം 365 ദിവസത്തിൽക്കൂടുതൽ തുടർച്ചയായി റെഗുലർ ഷോയിൽ പ്രദർശിപ്പിച്ച് അന്നത്തെ സകല റിക്കാർഡുകളും തകർത്തു. ഗ്രോസ് കളക്ഷനായി മൂന്നു കോടിയിലേറെ നേടുകയും ചെയ്തു. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ചിത്രം.
ആർക്കും എത്തിപ്പിടിക്കാനാകാത്ത ബോക്സോഫീസ് നേട്ടത്തിലേക്ക് ഉയർന്നിട്ടും ‘ചിത്രം’ എന്ന സിനിമ വലിയ പ്രയോജനം ചെയ്യാതിരുന്നത് നായിക രഞ്ജിനിക്കാണ്.
‘ചിത്രം’ എന്ന സൂപ്പർഹിറ്റ് മലയാള സിനിമയുടെ ഭാഗമായിട്ടും ഒരു വർഷം കഴിഞ്ഞാണ് രഞ്ജിനിക്ക് അടുത്ത മലയാള സിനിമയിലേക്കുള്ള ഓഫർ വന്നത്. തമിഴിലും തെലുങ്കിലും തിരക്കായിരുന്ന രഞ്ജിനി ചിത്രം എന്ന സിനിമയ്ക്ക് ശേഷം അഭിനയിച്ചത് വിജി തന്പിയുടെ കാലാൾപ്പട എന്ന ചിത്രത്തിലാണ്. പിന്നീട് തുടരെത്തുടരെ മലയാള സിനിമകൾ ലഭിച്ച രഞ്ജിനി മോളിവുഡിന്റെയും സജീവസാന്നിധ്യമായിരുന്നു.
ലെനിൻ രാജേന്ദ്രന്റെ സ്വാതിതിരുനാൾ എന്ന ചിത്രത്തിൽ സുഗന്ധവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് രഞ്ജിനി മലയാളത്തിൽ തുടക്കം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയം കണ്ടിട്ടാണ് സംവിധായകൻ പ്രിയദർശൻ ചിത്രത്തിലേക്കു നായികയായി രഞ്ജിനിയെ ക്ഷണിച്ചത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ പത്തു ദിവസത്തെ ഗ്യാപ്പ് വന്നപ്പോൾ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന മോഹൻലാൽ ചിത്രത്തിൽ കൂടി നായികയാകാൻ രഞ്ജിനിയെ പ്രിയദർശൻ വിളിക്കുകയായിരുന്നു. ആ ക്ഷണം സ്വീകരിച്ച രഞ്ജിനി പിന്നീടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രം എന്ന സിനിമയിലൂടെയാണ് രഞ്ജിനി മലയാളികൾക്ക് സുപരിചിതയാകുന്നത്.
കൗതുക വാർത്തകൾ, വർണം, കാലാൾപ്പട, കസ്റ്റംസ് ഡയറി, അനന്തവൃത്താന്തം, പാവക്കൂത്ത്, ന്യൂസ്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, രാജവാഴ്ച, മുഖം, തൂവൽ സ്പർശം, കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയവയാണ് രഞ്ജിനിയുടെ ശ്രദ്ധേയമായ മറ്റു മലയാള സിനിമകൾ.
ചിത്രം വൻവിജയമായിട്ടും നായികയ്ക്ക് സംഭവിച്ചത്...
07:44 PM Jul 22, 2020 | Deepika.com