രാജീവ് അഞ്ചൽ എന്ന സംവിധായകനെ കുറിച്ചും മെയ്ഡ് ഇൻ യുഎസ്എ എന്ന സിനിമയെ കുറിച്ചു സോഷ്യൽ മീഡിയകളിൽ ഒരു സിനിമപ്രേമി പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. ജ്യോതി ലാൽ എന്ന സിനിമ ആസ്വാദകനാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
മെയ്ഡ് ഇൻ യുഎസ്എ എന്ന സിനിമയിലെ നായികയായ കാവേരിയുടെ കുട്ടിക്കാലം അതേ കാവേരി തന്നെ അവതരിപ്പിച്ചതിനു പിന്നിലെ കഥയെക്കുറിച്ചും അദ്ദേഹം ഈ കുറിപ്പിലൂടെ പറയുന്നു.
ആ കുറിപ്പിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്: അധികം ചർച്ച ചെയ്യപ്പെടാതെ പോയെങ്കിലും എന്റെ പ്രിയപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഉള്ള ഒരു സിനിമയാണ് മെയ്ഡ് ഇൻ യു എസ് എ. കഴിഞ്ഞ ദശകത്തിൽ ടീനേജ് ആഘോഷിച്ച തലമുറയുടെ അതിൽ തന്നെ പെണ്കുട്ടികളുടെ ക്രഷ് എന്നു പറയാവുന്ന മാധവൻ മലയാളത്തിൽ നായകനായി അഭിനയിച്ച ചിത്രമായിരുന്നു അത്.
പ്രമേയപരമായി ഈ സിനിമയ്ക്ക് അക്കാലത്ത് നല്ല പുതുമ ഉണ്ടായിരുന്നു. മലയാളം അധികമൊന്നും പരാമർശിച്ചിട്ടില്ലാത്ത ചൂതാട്ടവും അതുമൂലമുണ്ടാവുന്ന ധനനഷ്ടവും ഒരാളുടെ ജീവിതത്തിൽ ചെലുത്തുന്ന മാനസിക അസ്വാസ്ഥ്യവുമൊക്കെ ആയിരുന്നു ചിത്രം പറഞ്ഞത്. മാധവനൊപ്പം തന്പി ആന്റണിയും കാവേരിയും പ്രധാന വേഷം കൈകാര്യം ചെയ്തു.
ഇതിലെ നായികയായ കാവേരിക്ക് ഒരു വലിയ നേട്ടം ഈ സിനിമ നൽകിയിട്ടുണ്ട് എന്നുള്ളതാണ് മെയ്ഡ് ഇൻ യു എസ് എ എന്ന സിനിമയുടെ പ്രത്യേകത. നായികയായ കാവേരിയുടെ കുട്ടിക്കാലത്തെ രൂപമായി സിനിമ കാണിക്കുന്നതും ബാലികയായ അതേ കാവേരിയെ തന്നെ ആയിരുന്നു. സിനിമയിൽ ഒരാൾക്കും ലഭിക്കാത്ത അപൂർവഭാഗ്യം അങ്ങനെ കാവേരിക്ക് ലഭിച്ചു.
1986-ൽ രാജീവ് അഞ്ചൽ തന്നെ സംവിധാനം ചെയ്ത അമ്മാനം കിളി എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു കാവേരി തന്റെ സിനിമ കരിയറിന് തുടക്കം കുറിക്കുന്നത്. ദൗർഭാഗ്യവശാൽ ആ ചിത്രം റിലീസായില്ല . പിൽക്കാലത്ത് മെയ്ഡ് ഇൻ യു എസ് എ അദ്ദേഹം ചെയ്യുന്പോൾ അമ്മാനം കിളിയിലെ കാവേരിയുടെ വിഷ്വൽസ് മെയ്ഡ് ഇൻ യുഎസ്എ എന്ന ചിത്രത്തിലെ പുന്നെല്ലിൻ കതിരോല എന്ന പാട്ടിന് ഉപയോഗിക്കുകയായിരുന്നു.
ആ ചിത്രത്തിൽ കാവേരിയുടെ കുട്ടിക്കാലം അവതരിപ്പിച്ചതും കാവേരി തന്നെ!
04:12 PM Jul 15, 2020 | Deepika.com