മലയാളിയായ പോലീസ് ഉദ്യോഗസ്ഥന് കഥയും തിരക്കഥയും ഒരുക്കിയ ആദ്യ തമിഴ് ചിത്രം റിലീസിംഗിന് ഒരുങ്ങുന്നു. എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രസാദ് പാറപ്പുറം കഥയും തിരക്കഥയും തയാറാക്കിയ തമിഴ് ചിത്രം കളേഴ്സ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
ദുബായ് ആസ്ഥാനമായ സിനിമാ നിര്‍മാണക്കമ്പനിയായ ലൈംലൈറ്റ് പിക്ച്ചേഴ്സ് ഒരുക്കുന്ന കളേഴ്സിന്റെ സംവിധായകന് മലയാളത്തില്‍ 25 സിനിമകള്‍ ഒരുക്കിയ നിസാര്‍ ആണ്. പ്രമുഖ താരങ്ങളായ വരലക്ഷ്മി ശരത്കുമാര്, ഇനിയ, ദിവ്യപിള്ള, രാംകുമാര്‍, മൊട്ട രാജേന്ദ്രന്, തലൈവാസല്‍ വിജയ്, ദേവന്, ഡല്‍ഹി മോഹന്‍, ബാല ശരവണന്, മധുമിത, ടിക് ടോക്കിലൂടെ ശ്രദ്ധേയയായ ബേബി ആരാധ്യ തുടങ്ങിയവരാണു സിനിമയിലെ പ്രധാന താരങ്ങള്‍.
കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും സംഘര്‍ഷങ്ങളുമാണു സിനിമയുടെ പശ്ചാത്തലമെന്നു പ്രസാദ് പാറപ്പുറം പറഞ്ഞു. ഭാര്യ അപര്‍ണയ്ക്കും മകള്‍ രോഹിതയ്ക്കുമൊപ്പമുള്ള രാഹുലിന്റെ കുടുംബജീവിതത്തിലേക്കു എയ്റോബിക് സെന്റര്‍ നടത്തുന്ന സരയുവും വിദേശമലയാളിയുടെ ഭാര്യയായ കൊമേന്തയും കടന്നു വരുന്നതിലൂടെയുണ്ടാകുന്ന വഴിത്തിരിവ് ഉദ്യോഗജനകമായി സിനിമ അവതരിപ്പിച്ചിട്ടുണ്ട്.
അജി ഇടിക്കുളയാണ് കളേഴ്സിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യുസര്‍: ജിയ ഉമ്മന്‍. സജന് കളത്തില്‍ ഛായാഗ്രഹണവും വിശാല്‍ എഡിറ്റിംഗും നടത്തി. വൈര ഭാരതിയുടെ പാട്ടുകള്‍ക്ക് എസ്.പി. വെങ്കിടേഷിന്റേതാണു സംഗീതം. ഗായകര്‍: ശ്വേത മോഹന്‍ അഫ്സല്, ശ്രീകാന്ത്. കലാസംവിധാനം വത്സന്. പ്രൊഡക്ഷന്‍ കണ്ട്രോളര് നിസാര്‍ വരാപ്പുഴ. നിശ്ചല ഛായാഗ്രഹണം: അനില്‍ വന്ദന. റസല്‍ , ശരവണന് എന്നിവര്‍ അസോസിയേറ്റ് ഡയറക്ടര്‍മാരാണ്.
നിരവധി സീരിയലുകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും തിരക്കഥകളെഴുതിയിട്ടുള്ള പ്രസാദ് പാറപ്പുറത്തിന്റെ ആദ്യ സിനിമയാണു കളേഴ്സ്. അഞ്ചു സിനിമകള്‍ക്കായി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ സ്വദേശിയാണ്.
സിജോ പൈനാടത്ത്
വരലക്ഷ്മിയുടെ തമിഴ് സിനിമയ്ക്കു കഥയൊരുക്കി മലയാളി പോലീസ്
04:35 PM Jul 09, 2020 | Deepika.com