മലയാള സിനിമയിലെ താരകുടുംബങ്ങളിൽ പ്രധാനമാണ് നടൻ സുകുമാരന്റെ കുടുംബം. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഭാര്യ മല്ലികയും മരുമകളായ പൂർണിമയുമെല്ലാം അറിയപ്പെടുന്ന അഭിനേതാക്കളാണ്. ഇവരുടെ കുടുംബ വിശേഷങ്ങളും മറ്റും മലയാള സിനിമാസ്വാദകർ ഏറ്റെടുക്കാറുണ്ട്.
സിനിമയെ സ്നേഹിക്കുന്നവരുടെ പ്രിയപ്പെട്ട താരദന്പതികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും, ഇന്ദ്രജിത്തും ഭാര്യ പൂർണിമയും. ഇവരുടെ മക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും അലംകൃതയ്ക്കും പോലും ആരാധകരുണ്ട്. ഇപ്പോഴിതാ എല്ലാവരും കൂടി ഏവരും ഒത്തുകൂടിയപ്പോൾ പൃഥ്വിയുടെ ഭാര്യ സുപ്രിയ പകർത്തിയ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. മൂന്ന് തലമുറകളുടെ സംഗമം എന്ന പേരിൽ സോഷ്യൽ മീഡിയയിലും ചിത്രം ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
നേരത്തെ തന്നെ പൃഥ്വിയും സുപ്രിയയുമൊക്കെ തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രം ഏറെ പ്രത്യേകതകളുള്ളതാണ്.
ചിത്രത്തിൽ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും മടിയിൽ അവരുടെ മക്കളെ കാണാം. പിറകിലെ ചുവരിൽ മണ്മറഞ്ഞ നടനും അവരുടെ അച്ഛനുമായ സുകുമാരനെയും കാണാം. വലതു വശത്ത് പൃഥ്വിയും അലംകൃതയും ഇടതുവശത്ത് ഇന്ദ്രജിത്തും നക്ഷത്രയും. മൂന്നു തലമുറകൾ, ഫാമിലി വീക്കെൻഡ് എന്നു കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
മൂന്നു തലമുറകളുടെ സംഗമം
07:55 PM Jul 07, 2020 | Deepika.com