മമ്മൂട്ടിയെ കുഞ്ഞാലിമരയ്ക്കാറാക്കി ഹിറ്റ് സംവിധായകൻ അമൽ നീരദ് സിനിമയൊരുക്കുന്നു എന്ന് നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാർത്തകൾക്കു വിശദീകരണവുമായി അമൽ നീരദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ഞാലിമരയ്ക്കാറെക്കുറിച്ച് ആലോചനകളുണ്ടായിരുന്നുവെന്നും എന്നാൽ ചിത്രം താൻ സംവിധാനം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ എവിടെനിന്നാണ് വരുന്നതെന്ന് തനിക്കറിയില്ലെന്നും അമൽ നീരദ് പറഞ്ഞു.
ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ട്രാൻസിന്റെ തിരക്കിലാണ് താനിപ്പോഴെന്നും അമൽ നീരദ് കൂട്ടിച്ചേർത്തു. ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിക്കുന്നത് അമൽ നീരദാണ്.
അതേസമയം, കുഞ്ഞാലി മരയ്ക്കാറുടെ ജീവിതത്തെ ആസ്പദമാക്കി ഓഗസ്റ്റ് സിനിമാസ് ചിത്രം നിർമിക്കുമെന്നും അതിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് അറിയിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ വരുമോ? അമൽ നീരദ് തന്നെ പറയുന്നു
06:46 PM Aug 22, 2017 | Deepika.com