സെയ്ഫ് അലി ഖാനെ വിവാഹം ചെയ്യരുതെന്ന് പറഞ്ഞ് പലരും തന്നെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതായി കരീനാ കപൂർ. മുന്പ് സംവിധായകൻ കരൺ ജോഹറുമായി നടത്തിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
നടി അമൃതാ സിംഗുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് സെയ്ഫ്, കരീനയെ വിവാഹം ചെയ്യുന്നത്. 2012ലായിരുന്നു ഇവരുടെ വിവാഹം. സെയ്ഫിന് അമൃതയിൽ രണ്ടു മക്കളുമുണ്ട്. സെയ്ഫും കരീനയും തമ്മിൽ പത്തു വയസിന്റെ വ്യത്യാസമുണ്ട്.
പലരും കരീനയെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കരീന അന്ന് സിനിമയിൽ ജ്വലിച്ചു നിൽക്കുന്ന, തിരക്കേറിയ താരമായിരുന്നു. ആ സമയത്ത് വിവാഹമോചിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഒരാളെ വിവാഹം കഴിച്ചാൽ കരീനയുടെ കരിയർ തകർന്നുപോകുമെന്ന് പലരും മുന്നറിയിപ്പ് നൽകി.
സ്നേഹിക്കുന്നതും വിവാഹം കഴിക്കുന്നതും അത്ര വലിയ കുറ്റകൃത്യമാണോ.. എന്തു നടക്കുമെന്ന് കാണാം.. എന്നായിരുന്നു മുന്നറിയിപ്പുമായി വന്നവർക്കെല്ലാം കരീന നൽകിയ മറുപടി. മറ്റുള്ളവർ ഭയന്നതുപോലെ ഒന്നും സംഭവിച്ചില്ല. വിവാഹശേഷവും കരീന സിനിമയിൽ തിരക്കുള്ള താരമായി തുടർന്നു. പല ഹിറ്റ് ചിത്രങ്ങളിലും കരീന നായികയായി. ഇരുവർക്കും ഒരു ആൺകുട്ടിയുണ്ട്.
സെയ്ഫിനെ കെട്ടരുതെന്ന് പലരും പറഞ്ഞു: കരീന കപൂർ
02:40 PM Jun 15, 2020 | Deepika.com