കൃഷിയും പ്രണയവും മുഖ്യപ്രമേയമാക്കി സാന്റോ തട്ടിൽ സംവിധാനം ചെയ്യുന്ന കനിയുടെ ചിത്രീകരണം തൃശൂരിൽ പൂർത്തിയായി. പോലീസ് സേനയ്ക്കുവേണ്ടി നിർമിച്ച ഡയൽ 1091 എന്ന സിനിമയ്ക്കുശേഷം സാന്റോ തട്ടിൽ വീണ്ടു സംവിധാനം ചെയ്യുന്ന ചിത്രമാണ് കനി. കൃഷി വകുപ്പിന്റെ ഹരിത കേരള മിഷന്റെ ഭാഗമായാണ് സിനിമ നിർമിക്കുന്നത്.ബാക്ക്ലെൻസ് ഫിലിംസിനുവേണ്ടി ഫിറോസ്, മുസ്തഫ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കുട്ടികളിലും മുതിർന്നവരിലും കൃഷിയെക്കുറിച്ചുള്ള ചിന്ത വളർത്തുന്ന ഒരു ചിത്രമാണ് കനി. തൃശൂർ വലപ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂളും സിനിമയുമായി സഹകരിച്ചിട്ടുണ്ട്. സലാല മൊബൈൽ, ഒരു മെക്സിക്കൻ അപാരത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അൻവർ ആണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയശ്രീ, ശിവജി ഗുരുവായൂർ, വിനീത്, വനിത, ശോഭാ സിംഗ്, സൈനൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കഥ, തിരക്കഥ നിർവഹിച്ചിരിക്കുന്നത് സ്റ്റാൻലിയാണ്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് ബിഷോയ് ഈണംപകരുന്നു.
കൃഷിയും പ്രണയവും മുഖ്യപ്രമേയമാക്കി കനി
04:05 PM Aug 20, 2017 | Deepika.com