ആഗോള സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കി കൊറോണ (കോവിഡ്-19). മോളിവുഡ്, ബോളിവുഡ്, ഹോളിവുഡ് എന്നുവേണ്ട തീയറ്റര്‍ വ്യവസായത്തെ മുഴുവന്‍ കൊറോണ വൈറസ് പിടിച്ചുലച്ചുകഴിഞ്ഞു. എല്ലാ രാജ്യങ്ങളിലും സിനിമകളുടെ റിലീസ് മാറ്റിവയ്ക്കുകയാണ്. ചിത്രങ്ങളുടെ ഷൂട്ടിംഗിനെയും കൊറോണ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കേരളത്തില്‍ കൊറോണ മുന്‍കരുതല്‍ എന്ന രീതിയില്‍ ഈ മാസം ഒടുവില്‍ വരെ തീയറ്ററുകള്‍ അടച്ചുകഴിഞ്ഞു. ബോളിവുഡിലും ഹോളിവുഡിലും സ്ഥിതി വ്യത്യസ്തമല്ല. വിന് ഡീസല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ ഒമ്പതാം ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷം ഏപ്രിലിലേക്കു മാറ്റി.
ജയിംസ് ബോണ്ട് പരമ്പരയില്‍ ഡാനിയല്‍ ക്രെയ്ഗ് നായകനായി പുറത്തിറങ്ങുന്ന നോ ടൈം ടു ഡൈയുടെയും റിലീസ് മാറ്റിയിട്ടുണ്ട്. ഡിസ്നിയുടെ മ്യുലന്, ദി ന്യൂ മുട്ടന്റ്സ്, ആന്റ്ലേഴ്സ് എന്നീ സിനിമകളുടെയും റിലീസ് നീട്ടി. ഹോളിവുഡ് സൂപ്പര്‍ താരം ടോം ഹാങ്ക്സ് കൊറോണ ബാധിച്ച് ക്വാറന്റൈനില്‍ കഴിയുകയാണ്.
ഇര്ഫാന് ഖാന് നായകനാകുന്ന അന്ഗ്രേസി മീഡിയം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് തീയറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നിര്‍ദ്ദേശം നല്‍കിയത്. രാജ്യവ്യാപകമായി റിലീസ് ചെയ്യുവാന്‍ തീരുമാനിച്ച ചിത്രത്തിന് ഇതു വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവച്ചത്.
അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, രണ്‍വീര്‍ സിംഗ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂര്യവൻശിയും കൊറോണ പേടിയില്‍ റിലീസ് നീട്ടിയിരിക്കുകയാണ്. മാര്‍ച്ച് 24നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്.
കൊറോണ വൈറസ് തീയറ്റര്‍ വ്യവസായത്തില്‍ വന്‍ പ്രതിസന്ധിയും സാമ്പത്തിക നഷ്ടവും സൃഷ്ടിച്ചെങ്കിലും കോവിഡ്-19 ബോധവത്കരണത്തില്‍ വെള്ളിത്തിരയിലെ താരങ്ങള്‍ മുന്നില്‍തന്നെയുണ്ട്. ആളുകളെ സ്വീകരിക്കുന്നതിനു ഷേക്ക് ഹാന്‍ഡ് നല്കുന്നതിനു പകരം നമസ്തെ എന്നു പറയുവാന്‍ ശീലിക്കണമെന്ന തരത്തിലുള്ള വീഡിയ പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ പങ്കുവച്ചു. ഹോളി ആഘോഷത്തിനിടെ ആരാധകന് ഷേക്ക് ഹാന്‍ഡ് നല്കുമ്പോള് പ്രിയങ്ക നിരസിക്കുന്നതും വീഡിയോയില്‍ കാണാം.
കവിത പങ്കുവച്ചാണ് അമിതാഭ് ബച്ചന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കൂടാതെ ഡബ്ല്യുഎച്ച്ഒ, യുണിസെഫ് എന്നീ സംഘടനകളോട് ബോധവത്കരണം ചെയ്യുവാന്‍ വീഡിയോ പുറത്തിറക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ദില്‍വാലെ ദുല്‍ഹനിയ ലെ ജായേംഗേ എന്ന സിനിമയിലെ പ്രശസ്തമായ ഒരു ചിത്രം പങ്കുവച്ചാണ് കാജല്‍ അഗര്‍വാള്‍ ബോധവത്കരണത്തില്‍ പങ്കാളിയായത്.