ബാഹുബലി ചിത്രങ്ങൾക്ക് ശേഷം പ്രഭാസ് നായകനാകുന്ന ‘സാഹോ’ ഇതിനോടകം വാർത്തകളിൽ നിറഞ്ഞതാണ്. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തിന് ബോളിവുഡിൽ നിന്ന് ഒരു നായികയെ കിട്ടാൻ വേണ്ടി അലയുകയായിരുന്നു അണിയറപ്രവർത്തകർ. ഒടുവിൽ ശ്രദ്ധ കപൂറിനെ നായികയായി തീരുമാനിച്ചു. ചിത്രത്തിൽ അഭിനയിക്കുന്നതിന് ശ്രദ്ധ കപൂർ വാങ്ങിക്കുന്ന പ്രതിഫലത്തെ സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ സിനിമാരംഗത്ത് ചർച്ചാവിഷയം.
സാധാരണ ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ഇരട്ടിയിലധികമാണ് സാഹോയ്ക്ക് വേണ്ടി ശ്രദ്ധ വാങ്ങുന്നത്. 150 കോടി ബജറ്റിലാണ് സാഹോ എന്ന ചിത്രം ഒരുക്കുക്കുന്നത്. മൂന്ന് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ തനിക്ക് 12 കോടി പ്രതിഫലം നൽകണം എന്നാണ് ശ്രദ്ധ ആദ്യം ആവശ്യപ്പെട്ടത്.
സാധാരണ ഒരു ഹിന്ദി ചിത്രത്തിൽ അഭിനയിക്കാൻ ശ്രദ്ധ വാങ്ങുന്നത് നാലു കോടി രൂപയാണ്. മൂന്നു ഭാഷകളിലായി ഒരു ചിത്രം ഒരുക്കുന്പോൾ അത്രയും സമ്മർദവും ചിത്രത്തിനുണ്ടാവും. ഹിന്ദിയിൽ മാത്രമല്ല, മറ്റ് ഭാഷകളിലും അതേ പ്രതിഫലം വേണം എന്ന് പറഞ്ഞാണ് ശ്രദ്ധ 12 കോടി ആവശ്യപ്പെട്ടത്. മാത്രമല്ല, സാഹോ ചെയ്യുന്ന കാലയളവിൽ മറ്റൊരു ചിത്രം ചെയ്യാൻ കഴിയില്ല എന്ന ന്യായമായ കാരണവുമുണ്ടായിരുന്നു.എന്നാൽ ശ്രദ്ധ പറഞ്ഞ പന്ത്രണ്ടു കോടി നൽകാൻ അണിയറപ്രവർത്തകർ തയാറായിരുന്നില്ല. ഒടുവിൽ സംസാരിച്ച് ഒന്പത് കോടിയിൽ എത്തിക്കുകയായിരുന്നു. ഇതിന് ശ്രദ്ധയും ഓകെ പറഞ്ഞു. അങ്ങനെയാണ് സാഹോയിൽ ശ്രദ്ധ നായികയായെത്തുന്നത്.
ശ്രദ്ധ വാങ്ങുന്നതിന്റെ മൂന്നിരട്ടിയാണ് പ്രഭാസിന്റെ പ്രതിഫലം. ബാഹുബലി ചിത്രത്തിൽ അഭിനയിക്കുന്നത് വരെ 25 കോടിയായിരുന്നു പ്രഭാസിന്റെ പ്രതിഫലം. സാഹോയിൽ അഭിനയിക്കാൻ നടൻ കൈപ്പറ്റുന്നത് മുപ്പത് കോടി രൂപയാണത്രെ.പതിവ് സിനിമകൾ പോലെ തന്നെ, സാഹോയ്ക്ക് വേണ്ടിയും പ്രഭാസ് സാഹസങ്ങൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ കാണാത്ത ലുക്കിലും ഗെറ്റപ്പിലുമാവും ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. ചിത്രത്തിൽ ധാരാളം മോഡേണ് ഫൈറ്റ് രംഗങ്ങളുമുണ്ട്. മുംബൈ, അബുദാബി, റൊമാനിയ എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. 2018 ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ശ്രദ്ധയുടെ പ്രതിഫലം ശ്രദ്ധേയമാകുന്നു
05:27 PM Aug 17, 2017 | Deepika.com