എന്നെപ്പോലെയല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യണം: അന്നു ആന്‍റണി

04:33 PM Mar 27, 2023 | Deepika.com

ആനന്ദത്തിലെ ദേവികയ്ക്കുശേഷം അന്നു ആന്‍റണി പ്രേക്ഷകരിലെത്തിയത് പ്രണവിനൊപ്പം ഹൃദയത്തിലാണ്, മായ എന്ന നിര്‍ണായകവേഷത്തിൽ. ദർശനയെ സ്നേഹിച്ചതുപോലെ എന്നെ എന്നെങ്കിലും സ്നേഹിച്ചിട്ടുണ്ടോ എന്നു ചോദിക്കുന്ന മായ.

വിനീത് നിര്‍മിച്ച ആനന്ദത്തില്‍നിന്ന് അദ്ദേഹം സംവിധാനം ചെയ്ത ഹൃദയത്തിലെത്തിയപ്പോഴേക്കും അന്നു സിനിമയെ സീരിയസായി കണ്ടുതുടങ്ങി. അന്നു പ്രധാന കഥാപാത്രമായ മെയ്ഡ് ഇന്‍ ക്യാരവാനും ഗണേഷ് രാജിന്‍റെ പൂക്കാലവും വിഷു റിലീസാണ്. അരുൺ കുര്യനാണ് പൂക്കാലത്തില്‍ അന്നുവിന്‍റെ നായകന്‍.



‘ഞാന്‍ എങ്ങനെയാണോ അതുപോലെതന്നെയാണ് ആനന്ദത്തില്‍. എന്നില്‍നിന്ന് ഏറ്റവും വ്യത്യസ്തമായി തോന്നിയത് ഹൃദയത്തിലെ മായയാണ്. അതു ചെയ്തപ്പോൾ എനിക്കു ചെറുതായി മായയുടെ സൈഡും ഉണ്ടെന്നു മനസിലായി.

21 വയസിലെ എന്‍റെ എനര്‍ജി ലെവലായിരുന്നു പൂക്കാലത്തിലെ എല്‍സിയുടേത്. അതില്‍നിന്ന് ഞാന്‍ കുറച്ചൊക്കെ എടുത്തിട്ടുണ്ട്’- അന്നു പറഞ്ഞു.



ഹൃദയം

ആനന്ദം ചെയ്തുകഴിഞ്ഞപ്പോഴേക്കും സിനിമയുമായി ഇഷ്ടത്തിലായി. പക്ഷേ, തുടർന്നു നല്ല ഓഫറുകൾ വന്നില്ല. ആ ഇടവേളയില്‍ തിയറ്ററില്‍ ഉപരിപഠനം നടത്തി. എല്‍പി സ്കൂളില്‍ ടീച്ചറായി. അപ്രതീക്ഷിതമായി വിനീത് ശ്രീനിവാസന്‍റെ കോള്‍ - ഞാനൊരു പടം ചെയ്യുന്നു, അഭിനയിക്കാന്‍ താത്പര്യമുണ്ടോ. ഈ കോളിനുവേണ്ടിയാണ് അത്രകാലവും ഞാന്‍ കാത്തിരുന്നത്. ആദ്യാവസാനമുള്ളതല്ലെങ്കിലും ആ വേഷം എനിക്കിഷ്ടമായി. വളരെ പ്രാധാന്യമുള്ള കഥാപാത്രം. അതാണ് ഹൃദയത്തിലെ മായ.



എന്നിലെ അഭിനേത്രിയെ മെച്ചപ്പെടുത്തിയ സംവിധായകനാണ് വിനീത്ശ്രീനിവാസന്‍. ചില കാര്യങ്ങള്‍ എനിക്കു ചെയ്യാനാവില്ലെന്നു ഞാന്‍ വിശ്വസിച്ചിരുന്നു. അതേപ്പറ്റി നേരിട്ടു പറയാതെതന്നെ എനിക്കു സ്വയം കൂടുതല്‍ എക്സ്പ്ലോര്‍ ചെയ്യാനുണ്ടെന്നു മനസിലാക്കിത്തന്നത് അദ്ദേഹമാണ്.

എല്ലാവരും പറയുന്നതുപോലെതന്നെ പ്രണവ് വളരെ സിംപിളാണ്. ആക്ടറെന്ന നിലയിലും നമുക്കു വളരെ കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്യാന്‍ ഇടം തരുന്നയാളാണ്. ആവശ്യത്തിനു മാത്രം സംസാരം. ശാന്തസ്വഭാവം. പ്രണവിന്‍റെ സാന്നിധ്യം സെറ്റിന് ഊര്‍ജം പകരുന്നതായി തോന്നിയിട്ടുണ്ട്.



ഹൃദയം കണ്ട കുറേപ്പേര്‍ മായയുടെ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നു മെസേജ് ചെയ്തു. ഞാന്‍ കരയുന്നതു കണ്ടപ്പോള്‍ സങ്കടമായെന്നു ചിലര്‍. ആ കഥാപാത്രം അവരിലേക്ക് എത്തിയതില്‍ സന്തോഷമായി. മായയുടെ ആദ്യത്തെ സീന്‍ ഏഴെട്ടു ടേക്ക് പോയിരുന്നു. അഞ്ചാറു വര്‍ഷം കഴിഞ്ഞ് അഭിനയിക്കുകയായിരുന്നു.

സിനിമ സീരിയസായി എടുത്തശേഷം കിട്ടിയ പടം. അതിന്‍റെ പ്രഷര്‍ വേറെയും. പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട, കണ്ണുകളില്‍ ആ കഥാപാത്രമുണ്ട്. ആ വേഷമിട്ടു വന്നാല്‍ മാത്രം മതിയെന്ന് വിനീത്. അതിനുശേഷം എന്‍ജോയ് ചെയ്താണ് സിനിമ പൂര്‍ത്തിയാക്കിയത്.



മെയ്ഡ് ഇന്‍ ക്യാരവാന്‍

ഹൃദയം കഴിഞ്ഞയുടനെയാണ് ജോമി കുര്യാക്കോസിന്‍റെ മെയ്ഡ് ഇന്‍ ക്യാരവാനിലെത്തിയത്. താര - അതാണ് എന്‍റെ കഥാപാത്രം. ദുബായിലെ റാസല്‍ഖൈമയില്‍ ജോലി അന്വേഷിച്ചുവരുന്ന താര എന്ന മലയാളി പെണ്‍കുട്ടിക്കു ജോലി കിട്ടാതെയാകുന്നു. യാദൃച്ഛികമായി അവള്‍ ചിലരെ പരിചയപ്പെടുന്നു. അതൊരു സഞ്ചാരത്തിലേക്ക് എത്തുന്നു.

കഥയിലെ പല പ്രധാന കാര്യങ്ങളും ആ ക്യാരവാന്‍ യാത്രയിലാണു സംഭവിക്കുന്നത്. താരയിലൂടെയും അവളുടെ ജീവിതത്തിലേക്കു കടന്നുവരുന്നവരിലൂടെയുമാണ് സിനിമ പോകുന്നത്. പുതുമുഖം പ്രിജിലാണ് നായകന്‍ . ഇന്ദ്രന്‍സ്, ആര്‍.ജെ മിഥുന്‍ എന്നിവരും പ്രധാന വേഷങ്ങളിൽ. ഒപ്പം, ചില പോളണ്ട്, ഫിലിപ്പീന്‍സ് താരങ്ങളും.



വീട്ടിലെത്തിയ ഫീല്‍ !

ഹൃദയം കണ്ടിട്ടാണ് പൂക്കാലത്തിലേക്കു വിളിച്ചത്. ഗണേഷ് രാജ്, ആനന്ദ് സി. ചന്ദ്രന്‍, അരുണ്‍, റോഷന്‍, വിനീത് ... ഇവരെല്ലാമുള്ള സെറ്റ്. തിരിച്ചു വീട്ടിലേക്കു വന്ന ഫീലായിരുന്നു. മായത്തട്ടകത്തു കുടുംബത്തിലെ ഒരംഗമാണ് എന്‍റെ കഥാപാത്രം എല്‍സി. ആദ്യാവസാനമുള്ള കഥാപാത്രം.

ആനന്ദം സമയത്ത് ഞാന്‍ ഏറെ ഡെഡിക്കേറ്റഡ്, ഫോക്കസ്ഡ് ആയി അഭിനയിക്കുന്ന ആള്‍ ആയിരുന്നില്ല. ഇപ്പോള്‍ കഥാപാത്രത്തെക്കുറിച്ചു കൂടുതല്‍ മനസിലാക്കി കുറേക്കൂടി നന്നായി ചെയ്യാൻ ശ്രമിക്കുന്നു. ഇതില്‍ എന്‍റെയും അടയാളം ഉണ്ടാവണം എന്നും ആഗ്രഹിക്കുന്നു.



കുറേ നാളുകളായി മലയാള സിനിമയില്‍ കരുത്തുള്ള സ്ത്രീ വേഷങ്ങളാണല്ലോ വരുന്നത്. പക്ഷേ, എല്‍സി അങ്ങനെയല്ല. കാര്യങ്ങള്‍ ഓര്‍ത്ത്, ആലോചനയോടെ സംസാരിക്കുന്ന ആളല്ല. മണ്ടത്തരവും വായില്‍ തോന്നിയതും വിളിച്ചുപറയും. പരിമിത ജീവിതാനുഭവങ്ങള്‍ മാത്രമുള്ള കഥാപാത്രം.

ജീവിതം അത്ര സിംപിളല്ലെന്ന് അവൾ തിരിച്ചറിയുന്നത് ഇരുപത്തിമൂന്നാംവയസിലാണ്. ഏറെ ഫണ്ണിയായ കഥാപാത്രം. അരുണ്‍ കുര്യനാണ് എല്‍സിയുടെ പാര്‍ട്ണറായി വരുന്നത്. ആനന്ദം മുതല്‍ പരസ്പരം അറിയാവുന്നവരാണു ഞങ്ങൾ.



ഇതിൽ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ ആര്‍ട്ടിസ്റ്റുകളുമായി വര്‍ക്ക് ചെയ്തു. മുഖത്ത് ഭാവങ്ങള്‍ വരുന്നുണ്ട്, പക്ഷേ, അഭിനയിക്കുമ്പോള്‍ ശരീരം കുറച്ചുകൂടി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പഴയ നാടകാനുഭവങ്ങളും പങ്കുവച്ചു. കെപിഎസി ലീലയുമായാണ് എന്‍റെ കോംബിനേഷന്‍ സീനുകളിലേറെയും.



പ്രിയപ്പെട്ടവന്‍ പീയൂഷ്

റിയല്‍ ലൈഫില്‍ നിന്നു വ്യത്യസ്തമായ, എന്നെപ്പോലെ അല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. കരിക്ക് വെബ്സീരീസ് പ്രിയപ്പെട്ടവന്‍ പീയൂഷിലെ മിനി...

ഒട്ടും പ്രതീക്ഷിക്കാത്തവിധമുള്ള കഥാപാത്രമാണ്. അത് അടുത്ത മാസം കരിക്ക് ഫ്രഷില്‍ റിലീസാവും.



എനിക്കു മെയിന്‍ റോള്‍ തന്നെ വേണമെന്നില്ല. നല്ല വേഷങ്ങള്‍ ചെയ്യണമെന്നേയൂള്ളൂ. ത്രൂ ഔട്ട് വേണമെന്നുമില്ല. എത്ര ചെറുതാണെങ്കിലും പ്രേക്ഷകരെ സ്വാധീനിക്കുന്ന വേഷങ്ങളാവണം. അടുത്തു ചെയ്യുന്ന സിനിമയില്‍ കാരക്ടര്‍ വേഷമാണ് - അന്നു പറഞ്ഞു.

ടി.ജി.ബൈജുനാഥ്