പ്രണയവിലാസത്തിലെ ഗോപികയും പ്രിയതരം: മമിത ബൈജു

04:03 PM Mar 01, 2023 | Deepika.com

ഓപ്പറേഷന്‍ ജാവയിലെ അല്‍ഫോണ്‍സയും ഖോഖോയിലെ അഞ്ജുവും സൂപ്പര്‍ ശരണ്യയിലെ സോനയുമൊക്കെയാണ് മമിത ബൈജുവിനെ ജനപ്രിയമാക്കിയത്. നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയവിലാസമാണ് മമിതയുടെ പുതിയ സിനിമ. ഇതിലെ ഗോപികയും തനിക്ക് അത്രത്തോളം തന്നെ പ്രിയപ്പെട്ടതാണെന്ന് മമിത പറയുന്നു.

സൂപ്പര്‍ ശരണ്യയ്ക്കു ശേഷം മമിതയും അനശ്വര രാജനും അര്‍ജുന്‍ അശോകനും ഒന്നിച്ച സിനിമകൂടിയാണിത്. ‘ഓരോ സിനിമയിലെ വേഷവും എന്‍റെ തന്നെ ഷേഡ്സ് ഓഫ് കാരക്ടേഴ്സ് പോലെ തോന്നുന്നു' - മമിത പറഞ്ഞു.



പ്രണയവിലാസം

പേരുപോലെ തന്നെ പ്രണയത്തെക്കുറിച്ചു പറയുന്ന, രസകരമായ സംഭവങ്ങള്‍ ഏറെയുള്ള പടമാണിത്. കഥ പറയുന്നത് ടീനേജുകാരിലൂടെയാണെങ്കിലും ഇതു പഴയ തലമുറയുടെ പ്രണയത്തെപ്പറ്റിയാണ്. ഒപ്പം ഒരു സന്ദേശവും ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

സ്ക്രിപ്റ്റും എന്‍റെ കഥാപാത്രവുമൊക്കെയാണ് ഈ സിനിമയിലെത്തിച്ചത്. സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ എന്താണോ തോന്നിയത് അതു തന്നെയാണ് സിനിമ കണ്ടുകഴിഞ്ഞപ്പോഴും തോന്നിയത്. മലയാളത്തില്‍ അത്ര കാണാത്ത തരത്തിലുള്ളതാണ് ഇതിന്‍റെ ഇതിവൃത്തം. ത്രികോണ പ്രണയം എന്ന ട്രാക്കിലൂടെയല്ല കഥാസഞ്ചാരം.



വളരെ അടുത്തറിയാവുന്ന ഒരു സുഹൃത്ത് അല്ലെങ്കില്‍ ഒരു പ്രണയിനി എങ്ങനെയാണോ അതുപോലെയാണ് ഗോപിക. സാധാരണജീവിതത്തില്‍ കാണാറുള്ള കഥാപാത്രം. അത് എന്‍റേതായ രീതിയില്‍ ചെയ്താല്‍ മാത്രം മതിയായിരുന്നു.

സെന്‍സിബിള്‍ ലവര്‍ - അതാണ് ഗോപികയുടെ ടാഗ്. ഞാന്‍ അത്രയ്ക്കു സെന്‍സിബിള്‍ ലവറാണോ എന്ന് എനിക്കറിയില്ല. ഒരു കാര്യത്തെ പ്രായോഗികമായി കാണുന്ന രീതിയൊന്നും എനിക്കറിയില്ല. പക്ഷേ, ഗോപികയെപ്പോലെ ആകണമെന്നുണ്ട്. ഗോപിക എനിക്ക് ഏറെ സ്പെഷലാണ്, പ്രചോദനമാണ്.



ടെന്‍ഷനില്ലാതെ സൗഹൃദങ്ങളില്‍...

ഞാനും അനശ്വരയും അര്‍ജുന്‍ അശോകനും... ഒന്നിച്ചുള്ള അഭിനയം ഏറെ കംഫര്‍ട്ടാണ്. സുഹൃത്തുക്കള്‍ ഒന്നിച്ചതുപോലെ രസകരം. പരസ്പരം അറിയാവുന്നതിനാല്‍ ഡയലോഗ് പറയുമ്പോള്‍ ടെന്‍ഷനൊന്നുമില്ലായിരുന്നു. തുടക്കം മുതല്‍ തന്നെ ഗിവ് ആന്‍ഡ് ടേക്ക് നടന്നു. കോളജ് സീനുകളും രസകരമായി. സാധാരണ, സെറ്റിലെത്തിയാല്‍ ഒപ്പം അഭിനയിക്കുന്നവരുമായി കംഫര്‍ട്ടാകുന്നതു രണ്ടു മൂന്നു സീന്‍ കഴിഞ്ഞാണ്.

സൂപ്പര്‍ ശരണ്യയിലാണ് ഞാനും അനശ്വരയും ഒന്നിച്ച് അഭിനയിച്ചുതുടങ്ങിയത്. ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഹോസ്റ്റല്‍ സീനൊക്കെ ചെയ്തതോടെ ഏറെ അടുത്തു. ഞങ്ങള്‍ക്കിടയില്‍ പരസ്പരം കൗണ്ടര്‍ പറയാനുള്ള ഇടമുണ്ട്. അങ്ങനെയൊരു കെമിസ്ട്രി ഗുണപരമാണെന്നു തോന്നിയിട്ടുണ്ട്. അനശ്വരയുമായി വര്‍ക്ക് ചെയ്യാൻ രസമാണ്.



നല്ല വിമര്‍ശനങ്ങൾ...

നല്ല ക്വാളിറ്റി സ്ക്രിപ്റ്റുള്ള സിനിമകളുടെ ഭാഗമാകാന്‍ ശ്രദ്ധിക്കാറുണ്ട്. അതുപോലെതന്നെ അതിലെ വേഷവും. നമുക്ക് എത്രത്തോളം ഇന്‍പുട്സ് കൊടുക്കാനാവും എന്നതും നോക്കും. പൊളിറ്റിക്കല്‍ കറക്ട്നെസിനും എന്‍റര്‍ടെയ്നിംഗിനും മുന്‍ഗണന കൊടുക്കാറുണ്ട്.

കോമഡി ഫാന്‍റസി മോഡില്‍ ആണെങ്കില്‍ക്കൂടി എല്ലാ ടൈപ്പ് സിനിമകളും വരണമല്ലോ. നമുക്ക് നമ്മളെ എന്‍ഗേജ് ചെയ്യാന്‍ പറ്റുന്നത് അങ്ങനെയല്ലേ. സിനിമ പറയുന്ന വിഷയത്തിനു മുന്‍ഗണന നല്കി അതിന്‍റെ ഭാഗമാകാനാണ് ഇഷ്ടം.



ചില സിനിമകളില്‍ ഇംപ്രോവൈസ് ചെയ്യാനുള്ള അവസരം കൂടുതലായിരിക്കും. അപ്പോള്‍ കുറേക്കൂടി ഇന്‍പുട്സ് കൊടുക്കാന്‍ ശ്രമിക്കും. ചിലതില്‍ അത്രയും ഇംപ്രോവൈസ് ചെയ്യാനുള്ളത് ആയിരിക്കില്ല. സ്ക്രിപ്റ്റിലുള്ളതുപോലെ തന്നെ ചെയ്യേണ്ടിവരും. അത്തരത്തില്‍ ഫ്ലക്സിബിളായി നിൽക്കാന്‍ ശ്രമിക്കാറുണ്ട്.

നമ്മള്‍ എന്തുചെയ്താലും സോഷ്യല്‍മീഡിയയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുമല്ലോ. നല്ല വിമര്‍ശനങ്ങളും റിവ്യൂസും പരിഗണിക്കാറുണ്ട്. നെഗറ്റീവ് കമന്‍റുകളിലെ കഴമ്പുള്ള വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കും. നമ്മളെ അധിക്ഷേപിക്കുന്നതാണെങ്കില്‍ ശ്രദ്ധിക്കാറുമില്ല. പ്രേക്ഷകര്‍ക്ക് എന്‍റെ കഥാപാത്രം എത്രത്തോളം ഇഷ്ടപ്പെട്ടു അല്ലെങ്കില്‍ ഇഷ്ടമായില്ല എന്നൊക്കെ റിവ്യൂസ് നോക്കുമ്പോള്‍ അറിയാനാകും.



ഇതുവരെ ഹാപ്പിയാണ്

അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്രയും സിനിമകള്‍ കിട്ടുമെന്നോ ഇത്തരം വേഷങ്ങള്‍ ചെയ്യാനാകുമെന്നോ വിചാരിച്ചിരുന്നില്ല. ഓര്‍ക്കാപ്പുറത്തുവന്ന കാര്യമാണ് എനിക്കു സിനിമ. സിനിമ എനിക്കു വേറൊരു ലോകമായിരുന്നു. നമുക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഒരു ലോകം. അതിലേക്ക് അധികം ഫോക്കസ് ചെയ്തിരുന്നില്ല.

ആദ്യസിനിമ കിട്ടിയപ്പോള്‍ ഞാന്‍ വളരെ ഹാപ്പിയായി. കാരണം, അങ്ങനെയൊരു കാര്യം അനുഭവിച്ചറിയാനായല്ലോ. അതില്‍ ഒരു ഷോട്ടേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും സിനിമകളിലേക്കു വിളിക്കുമെന്നു കരുതിയില്ല. പിന്നീട് ഹണീബി 2 ല്‍ അവസരം കിട്ടി.



ആദ്യമൊക്കെ സ്ക്രിപ്റ്റ് കിട്ടിയിരുന്നില്ല. നമ്മുടെ സീന്‍ മാത്രം പറഞ്ഞുതരും. സിനിമ ചെയ്യുമ്പോള്‍ പോലും അതേക്കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ പറ്റിയിരുന്നില്ല. അവസരങ്ങള്‍ കിട്ടിവന്നതോടെ സിനിമയോടുള്ള ഇഷ്ടവും കൂടി. അപ്പോഴാണ് പ്രധാന കഥാപാത്രങ്ങളിലേക്ക് എത്താന്‍ എന്‍റെ ഭാഗത്തുനിന്നു ശ്രമം തുടങ്ങിയത്.

അങ്ങനെ ഓപ്പറേഷന്‍ ജാവയുടെയും സൂപ്പർ ശരണ്യയുടെയും ഓഡിഷനു പോയി. പിന്നീടു ഖോ ഖോ ചെയ്യാൻ സാധിച്ചു. ഓഡിഷനുകളില്‍ പോലും അഭിനയം മെച്ചപ്പെടുത്താന്‍ ശ്രദ്ധിച്ചു. കുറേക്കൂടി നിരീക്ഷിക്കാന്‍ തുടങ്ങി. ഇതുവരെയുള്ള കരിയറിൽ ഞാന്‍ വളരെ ഹാപ്പിയാണ്.



ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന, നിവിന്‍പോളി നായകനായ സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. അതിന്‍റെ ഷൂട്ടിംഗ് യുഎഇയില്‍ തുടരുകയാണ്. പഠനത്തിനൊപ്പം ഇതര ഭാഷകളിലുള്‍പ്പെടെ ചലഞ്ചിംഗ് ആയ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാനാകുമെന്നാണു പ്രതീക്ഷ - മമിത പറഞ്ഞു.

ടി.ജി.ബൈജുനാഥ്