"പരീക്ഷണങ്ങള്‍ തുടരും, ഡാന്‍സറാവാനും ഒരുക്കം'

09:06 AM Jan 07, 2023 | Deepika.com

പുതുവർഷത്തിൽ നടനായും നിര്‍മാതാവായും വേറിട്ട സമീപനങ്ങളും പരീക്ഷണങ്ങളും തുടരുമെന്ന് കുഞ്ചാക്കോ ബോബൻ. ന്നാ താന്‍ കേസ് കൊട്, അറിയിപ്പ് തുടങ്ങിയ സിനിമകൾ നേടിയ വിജയവും അംഗീകാരവുമാണ് അതിനു ധൈര്യവും പ്രോത്സാഹനവുമാകുന്നത്.

‘നടന്‍, നിര്‍മാതാവ് തുടങ്ങി എല്ലാനിലകളിലും അനുഗൃഹീത വര്‍ഷമായിരുന്നു 2022. തിരിച്ചറിവുകളും വീണ്ടുവിചാരങ്ങളുമുണ്ടായിട്ടുണ്ട്. മുന്നോട്ടുള്ള കാഴ്ചപ്പാടുകളില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. പരീക്ഷണമെന്ന നിലയില്‍ ചെയ്ത സിനിമകളെയും കഥാപാത്രങ്ങളെയും ആസ്വാദകരും നിരൂപകരും സ്വീകരിച്ച രീതി സന്തോഷകരമാണ്' -കുഞ്ചാക്കോ ബോബന്‍ പറയുന്നു.



രാജ്യാന്തരമേളകളില്‍ മലയാളത്തെ അടയാളപ്പെടുത്തുന്ന സിനിമകളുടെ ഭാഗമാകുന്നതു തുടരുമോ...?

നായാട്ട്, പട, അറിയിപ്പ് എന്നീ ചിത്രങ്ങള്‍ ഗൗരവമായി സിനിമയെ കാണുന്നവരുടെ ഇടയില്‍, പ്രത്യേകിച്ചു രാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടുന്നതു വലിയ അംഗീകാരമാണ്. അത്തരം സിനിമകളുടെ ഭാഗമായിട്ടു കുറച്ചു നാളുകളേ ആയിട്ടുള്ളൂ. സിനിമാജീവിതത്തിന്‍റെ 25ാമതു വര്‍ഷമാണ് ആദ്യമായി അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പങ്കെടുക്കുന്നത്; ലൊക്കാര്‍ണോയിലും പിന്നെ നമ്മുടെ ഐഎഫ്എഫ്കെയിലും.

ഞാന്‍ അഭിനയിക്കുകയും സഹനിര്‍മാതാവുകയും ചെയ്ത അറിയിപ്പിലൂടെയാണ് അതു സാധ്യമായത്. 75 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ലൊക്കാര്‍ണോ മേളയില്‍ വിശ്വവിഖ്യാത ചലച്ചിത്രകാരന്മാരും സിനിമാപ്രേമികളും നിരൂപകരുമെല്ലാമുള്ള വേദിയില്‍ മൂവായിരത്തിനടുത്തു കാണികള്‍ക്കൊപ്പമിരുന്നു സിനിമ കണ്ടതും കയ്യടികളും അഭിനനന്ദനവും സ്വീകരിച്ചതുമെല്ലാം അഭിമാനം നിറഞ്ഞ അനുഭവമായിരുന്നു.



ഐഎഫ്എഫ്കെയില്‍ എത്തിയപ്പോള്‍ ഗേറ്റ് മുതല്‍ നീണ്ട ക്യൂ. തിരക്കിയപ്പോള്‍ ടിക്കറ്റെടുത്തവർ സിനിമ കാണാന്‍ കാത്തുനില്‍ക്കുന്നതാണെന്ന് അറിഞ്ഞു. നമ്മുടെ ഒരു പടം തിയറ്ററില്‍ ഇറങ്ങിയതിന്‍റെ ആളും ആരവവും പോലെ ഒരു ഫീലാണു കിട്ടിയത്. പല സീനുകളിലും കയ്യടിയുണ്ടായതും ഹൃദയം തുറന്ന് സിനിമയെ സ്വീകരിച്ചതുമെല്ലാം വീണ്ടും വേറിട്ട സിനിമകള്‍ ചെയ്യാൻ പ്രചോദനമാകുന്നു.

അറിയിപ്പിലേക്ക് എത്തിച്ചതു മഹേഷ് നാരായണന്‍ എന്ന പേരു മാത്രമാണോ..?

മഹേഷ് നാരായണന്‍ സിനിമ എന്നത് ഒരു മുന്‍ഗണനയായിരുന്നു. അതിനപ്പുറം നല്ല കഥ, വ്യത്യസ്തമായ ഒരു പരീക്ഷണം, മസാലകളൊന്നുമില്ലാതെ ജീവിതത്തോട് ഏറ്റവുമടുത്തു നില്‍ക്കുന്ന കഥാപാത്രങ്ങളും കഥാസാഹചര്യങ്ങളുമുള്ള ഒരു പാന്‍ ഇന്ത്യന്‍ സിനിമ ചെയ്ത് അന്തര്‍ദേശീയ തലത്തില്‍ എത്തിക്കാനുള്ള ശ്രമവും അവസരവും....ഇതെല്ലാമാണ് അറിയിപ്പിലേക്ക് എത്തിച്ചത്.

ഞാന്‍ ചെയ്തിട്ടുള്ളവയില്‍ ഏറ്റവും ധൈര്യമുള്ളതും മുമ്പു ചെയ്യാത്തതുമായ കഥാപാത്രമാണ് ഇതിലെ ഹരീഷ്. എന്നെ വ്യക്തിപരമായും തൊഴില്‍പരമായും നന്നായി അറിയുന്ന സുഹൃത്തും സംവിധായകനും തിരക്കഥാകൃത്തും ടെക്നീഷനുമാണ് മഹേഷ്. എന്നിലെ അഭിനേതാവിനു ശക്തമായ പ്രേരണ നല്കി എന്നെക്കൊണ്ട് വേറിട്ട വേഷം ചെയ്യിക്കാനുള്ള ആഗ്രഹം മഹേഷിനുണ്ടായിരുന്നു. അതുതന്നെയായിരുന്നു അറിയിപ്പിലെ പ്രധാന കംഫർട്ട് ഫാക്ടർ.

പിന്നെ, ഇതൊരു കോ പ്രൊഡക്ഷനാണ്. പടത്തിന്‍റെ റിസള്‍ട്ട് എന്താണെങ്കിലും ആരോടും ഉത്തരം പറയേണ്ടതില്ല. അങ്ങനെ ചിന്തിക്കുന്ന മൂന്നു സുഹൃത്തുക്കള്‍ ...ഞാനും ഷെബിനും മഹേഷും ചേര്‍ന്ന് ഇതു നിര്‍മിക്കാന്‍ തീരുമാനിച്ചിടത്തുതന്നെ കംഫര്‍ട്ട് ഫാക്ടര്‍ സെറ്റായി.



അറിയിപ്പിലെ ചലഞ്ച്...

ലാറ്റക്സ് ഫാക്ടറിയില്‍ നടക്കുന്ന ഒരു സംഭവമാണു കഥ. ഫാക്ടറി സെറ്റിടണോ അതോ യഥാര്‍ഥ ഫാക്ടറിയില്‍ പോയി ഷൂട്ട് ചെയ്യണോ എന്ന ചിന്തയായി. കേരളത്തില്‍ എവിടെയും അത്തരം ഫാക്ടറി കിട്ടിയില്ല. വടക്കേ ഇന്ത്യയില്‍ പോയി സെറ്റിടാന്‍ നോക്കി. അതു ശ്രമകരമാകുമെന്നു തോന്നി.

റിയലിസ്റ്റിക്കായി ഷൂട്ട് ചെയ്യാന്‍ ആഗ്രഹമുള്ളതിനാല്‍ മഹേഷ് വടക്കേ ഇന്ത്യയില്‍ ചുറ്റിസഞ്ചരിച്ച് നോയിഡ ഫരീദാബാദ് ഭാഗത്ത് ഒരു ഫാക്ടറി കണ്ടെത്തി. പിന്നീട്, അവിടെ ചിത്രീകരണത്തിന് അനുമതി കിട്ടാനുള്ള പ്രയാസങ്ങൾ. കോവിഡ് സമയത്തെ ഷൂട്ടിംഗിന്‍റെ വെല്ലുവിളികള്‍.

ഡല്‍ഹിയില്‍ ഷൂട്ട് ചെയ്യാന്‍ ഏറ്റവും പ്രയാസമേറിയ ഡിസംബറിലെ തണുപ്പ്. ഹരീഷിന്‍റെയും രശ്മിയുടെയും വീടും സ്ട്രീറ്റുമൊക്കെ ഡല്‍ഹി, നോയിഡ, ഫരീദാബാദ് എന്നിവിടങ്ങളിലാണു ചിത്രീകരിച്ചത്.



മഹേഷ് നാരായണന്‍ എന്ന ടെക്നീഷനില്‍ നിന്നു പഠിച്ചതെന്താണ്...

സിനിമയോടു കൂടുതല്‍ തീവ്രമായ ഇഷ്ടത്തില്‍ തുടരാനും കുറച്ചുകൂടി ധീരമായ പരീക്ഷണങ്ങള്‍ ചെയ്യാനുമുള്ള മാനസികാവസ്ഥയിലെത്തിയത് മഹേഷിനൊപ്പമുള്ള യാത്രകളിലായിരിക്കാം.

നടനെന്ന രീതിയില്‍ എന്നെ ഊർജസ്വലമാക്കി നിർത്തുക, പാഷനിലും പ്രഫഷനിലും സത്യസന്ധമായ പങ്കാളിത്തം തുടരുക...അതൊക്കെ മഹേഷ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദഗ്ധരിൽ നിന്നാണു പഠിച്ചത്.



ദേവദൂതര്‍ ഡാന്‍സ് ജനം ഏറ്റെടുത്തു. ഡാന്‍സറെന്ന രീതിയില്‍ പ്രധാന്യമുള്ള സിനിമകള്‍ ആഗ്രഹമുണ്ടോ..?

സിനിമയിലെ പാട്ടും ഡാന്‍സും ജനകീയമാകുന്നത് അത് എല്ലാവര്‍ക്കും മൂളിനടക്കാനും ചുവടു വയ്ക്കാനും കഴിയുന്ന തരത്തില്‍ ആസ്വാദ്യമാകുമ്പോഴാണ്. ദേവദൂതരിലെ ഡാന്‍സ് ചുവടുകള്‍ ആര്‍ക്കും ചെയ്യാവുന്നതാണ്. അവരവരുടെ യുക്തിക്കും ശരീരഭാഷയ്ക്കുമനുസരിച്ച് എതുതരം സ്റ്റെപ് വേണമെങ്കിലും ഇടാം.

ഡാന്‍സര്‍ എന്ന രീതിയില്‍ ഇതുവരെ പരീക്ഷിച്ചു നോക്കാത്ത തരത്തിലുള്ള ഡാന്‍സ് ബേസ്ഡ് സിനിമകള്‍ക്കു ശ്രമിക്കുന്നുണ്ട്. അതിനാദ്യം വേണ്ടത് ഞാൻ ഡാന്‍സ് കുറച്ചുകൂടി നന്നായി പഠിക്കുക എന്നതാണ്. അതിനുള്ള ശ്രമങ്ങളും ആലോചനകളും നടക്കുന്നുണ്ട്.



2023 ലെ പ്രതീക്ഷകൾ, റിലീസുകള്‍...

ആദ്യ റിലീസ് ഞാന്‍ പ്രധാന വേഷത്തില്‍ വരുന്ന ചാവേര്‍. ഇതില്‍ എനിക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമുള്ള വേഷമാണ്. ജോയ് മാത്യുവിന്‍റെ സ്ക്രിപ്റ്റില്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സിനിമ. ഷൂട്ടിംഗ് തുടങ്ങാന്‍ പോകുന്നതു പദ്മിനി. അതിനുശേഷം രണ്ടു മൂന്നു നല്ല പ്രോജക്ടുകളുണ്ട്.

വേറിട്ട സിനിമകളും വേഷങ്ങളുമാണ്. അതിനുവേണ്ടി രൂപത്തിലും ഭാവത്തിലും കാഴ്ചപ്പാടുകളിലുമെല്ലാം മാറ്റങ്ങള്‍ക്കു തയാറെടുക്കുന്നുണ്ട്. ഈ വര്‍ഷം കുറച്ചുകൂടി ഹ്യൂമറസായ സിനിമകളും കഥാപാത്രങ്ങളും ഉണ്ടാവും. ചുറ്റുപാടും നടക്കുന്ന എന്നാല്‍ അയ്യോ! ഇങ്ങനെയൊരു കാര്യം ഉണ്ടായിരുന്നോ എന്ന് പലപ്പോഴും നമ്മള്‍ വിട്ടുപോകുന്ന രസകരമായ കാഴ്ചപ്പാടുകളും സാഹചര്യങ്ങളുമുള്ള സിനിമകളുമുണ്ടാവും.



നിർമിക്കുന്ന പ്രോജക്ടുകൾ...

എനിക്കു വളരെ ആവേശം തോന്നിയ പ്രോജക്ടുകളിലാണ് നിര്‍മാണപങ്കാളിയായത്. ഈ വര്‍ഷം ചെയ്യുന്ന പ്രോജക്ടുകളും അത്തരത്തിൽ താത്പര്യമുള്ളവയാണ്. പക്ഷേ, ചില സാഹചര്യങ്ങളില്‍ അതു സാധ്യമാവില്ല.

മുമ്പ് ഉദയയും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സും നിര്‍മിച്ചിട്ടില്ലാത്ത, നോവല്‍ പ്രമേയമാകുന്ന, പ്രതിഭാസമ്പന്നരായ സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളുമുള്ള സിനിമകള്‍ ഈ വര്‍ഷം നിര്‍മിക്കും. കുറച്ചുകൂടി വലുതും ചിരിപ്പിക്കുന്നതും വാണിജ്യപരമായും വിമര്‍ശനാത്മകമായും അഭിമാനിക്കാവുന്നവയുമായ സിനിമകളും ഉണ്ടാവും.

ഏതെങ്കിലും സിനിമകളുടെ രണ്ടാം ഭാഗം ചെയ്യണമെന്ന് ആഗ്രഹമുണ്ടോ..?

ഏതെങ്കിലും സിനിമയുടെ രണ്ടാം ഭാഗം ചെയ്യണമെന്ന് ഇതുവരെ ആഗ്രഹമുണ്ടായിട്ടില്ല. ഏറെ സ്വീകാര്യത ലഭിച്ച ആദ്യ ഭാഗത്തിനു മേലേ നില്‍ക്കുന്ന രണ്ടാം ഭാഗം ഉണ്ടാക്കുക എന്നതു റിസ്ക്കാണ്. അതുകൊണ്ടുതന്നെയാണ് ആറാംപാതിരയ്ക്കു സമയമെടുക്കുന്നത്.

അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തെ പല സീക്വലുകളിലേക്കും കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. പക്ഷേ, ആ കഥയുമായി യാതൊരു ബന്ധവും ഉണ്ടാകാനും പാടില്ല. നിറം, ഓര്‍ഡിനറി തുടങ്ങിയ സിനിമകളുടെ രണ്ടാം ഭാഗത്തോട് എനിക്കു യാതൊരു താത്പര്യമില്ല.