എന്‍റെ സംതൃപ്തി ചലഞ്ചിംഗ് സിനിമകള്‍

02:56 PM Dec 26, 2022 | Deepika.com

സിദ്ധാര്‍ഥ് ഭരതന്‍റെ രണ്ടു സിനിമകളിലാണ് ഈ വര്‍ഷം ശാന്തി ബാലചന്ദ്രന്‍റെ വേഷപ്പകര്‍ച്ചകള്‍. ജിന്നിലാണ് ആദ്യം അഭിനയിച്ചതെങ്കിലും തിയറ്ററുകളില്‍ ആദ്യമെത്തിയത് പിന്നീടു വേഷമിട്ട ചതുരം. ചതുരത്തിലേത് ജിജിമോള്‍ എന്ന അതിഥി വേഷമായിരുന്നെങ്കില്‍ കൊമേഴ്സ്യല്‍ എന്‍റര്‍ടെയ്നര്‍ ജിന്നില്‍ സൗബിന്‍റെ നായികയാണ് ശാന്തി.

‘ഫാമിലി ഡ്രാമ ത്രില്ലറാണ് ജിന്ന്. നാട്ടിന്‍പുറത്തിന്‍റെയും പട്ടണത്തിന്‍റെയും കാഴ്ചകളിലൂടെ സഞ്ചരിക്കുന്ന കഥ. സൗബിന്‍റെ കഥാപാത്രത്തിന്‍റെ യാത്രകളാണ് സിനിമ പറയുന്നത്. സൗബിന്‍റെയും എന്‍റെയും കഥാപാത്രങ്ങള്‍ ദമ്പതികളാണ്. ഞാന്‍ ഇതുവരെ ചെയ്യാത്ത വേഷമാണ് ഇതിലെ സഫ’- ശാന്തി പറയുന്നു.



സഫയിലേക്ക് എത്തിയത്...

വ്യക്തിപരമായി പ്രയാസമേറിയ ചില സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് സഫ. അതിന്‍റെ വിഷമവും ബുദ്ധിമുട്ടും മനസിലാക്കാന്‍ എന്‍റേതായ രീതിയില്‍ ചില റിസേര്‍ച്ചൊക്കെ നടത്തി. മാംഗളൂരിലായിരുന്നു എന്‍റെ സീനുകളുടെ ഷൂട്ടിംഗ്.

സെറ്റിലെത്തിയപ്പോള്‍ സഫയെക്കുറിച്ച് സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിവരുമായി വിശദമായി സംസാരിച്ചു. ജല്ലിക്കെട്ടു മുതല്‍ പരിചയമുള്ള ഗിരീഷ് ഗംഗാധരനാണ് കാമറ ചെയ്തത്.



സംവിധായകന്‍റെയും തിരക്കഥാകൃത്തിന്‍റെയും സപ്പോര്‍ട്ട്...

സംവിധായകൻ എന്ന നിലയിൽ വ്യത്യസ്ത ജോണറുകളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് സിദ്ധാര്‍ഥ് ഭരതൻ. പ്രമേയത്തിലും ആവിഷ്കാരശൈലിയിലും ജിന്നും ചതുരവും വിഭിന്നമാണ്. ഓരോ സീനിലും അഭിനേതാക്കളില്‍ നിന്ന് എന്താണു വേണ്ടതെന്ന കാര്യത്തില്‍ അദ്ദേഹത്തിനു കൃത്യമായ ധാരണയുണ്ട്. അതേസമയം, ഇംപ്രോവൈസേഷനും ഇടമുണ്ട്. ഇതു രണ്ടും ബാലന്‍സ് ചെയ്യുന്ന ശൈലി.

ഒരു കാര്യം പറയുമ്പോള്‍ അതിനു പിന്നിലെ പൊളിറ്റിക്സിനെപ്പറ്റി നല്ല ബോധ്യമുള്ള തിരക്കഥാകൃത്താണ് രാജേഷ് ഗോപിനാഥ്. ‘കലി’ക്കു ശേഷമുള്ള രചനയാണിത്. ഇവരുടെ ചര്‍ച്ചകളിലൂടെ തിരക്കഥയില്‍ പരിണാമങ്ങള്‍ സംഭവിക്കുന്നത് അടുത്തറിയാനായി.



സൗബിനൊപ്പമുള്ള അനുഭവങ്ങൾ...

ചില വ്യത്യസ്ത മാനറിസങ്ങള്‍ ആവശ്യമുള്ള വേഷമാണ് സൗബിന്‍ ചെയ്തത്. അദ്ദേഹത്തിന്‍റെ കരിയറിലെ മികച്ച സിനിമകളിലൊന്നാവും ഇത്. ഏറെ പോസിറ്റീവായിരുന്നു സൗബിനുമൊത്തുള്ള ചിത്രീകരണം.

ഞങ്ങള്‍ രണ്ടുപേരും നന്നായി ഭക്ഷണം ആസ്വദിക്കുന്നവരുമാണ്. മാംഗളൂരിലെ ഷൂട്ടിംഗ് ദിവസങ്ങളില്‍ അവിടത്തെ കടല്‍വിഭവങ്ങള്‍ തേടിപ്പിടിച്ച് പോയതൊക്കെ ഓര്‍മയിലുണ്ട്.



ജിന്നിലെ ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച്...

പോസ്റ്റ് ക്ലൈമാക്സ് സീനൊഴികെ കോവിഡിനു മുമ്പു ഷൂട്ട് ചെയ്ത പടമാണിത്. സിനിമയില്‍ ക്ലൈമാക്സ് നടന്നു രണ്ടു വര്‍ഷത്തിനു ശേഷമാണ് പോസ്റ്റ് ക്ലൈമാക്സ് സീന്‍. യാദൃച്ഛികമെന്നു പറയട്ടെ, സിനിമയിലെപ്പോലെ തന്നെ രണ്ടു വര്‍ഷത്തിനു ശേഷം ഈ വര്‍ഷം ഏപ്രിലിലായിരുന്നു അതിന്‍റെ ഷൂട്ടിംഗ്.

ഷൈന്‍ ടോം ചാക്കോ, ഷറഫുദീന്‍, സാബുമോന്‍ , നിഷാന്ത് സാഗര്‍ തുടങ്ങി ധാരാളം അഭിനേതാക്കള്‍ ഈ സിനിമയിലുണ്ട്. അധികം സീനുകളില്ലെങ്കിലും ഏറെ അനുഭവസമ്പത്തുള്ള, എന്‍റെ ഇഷ്ട അഭിനേതാക്കളില്‍ ഒരാളായ കെപിഎസി ലളിതയ്ക്കൊപ്പം അഭിനയിക്കാനായതും അവര്‍ സെറ്റില്‍ വന്നതും വര്‍ക്ക് ചെയ്തതും കാണാന്‍ അവസരമുണ്ടായതും വലിയ അനുഭവം.



പൊളിറ്റിക്കല്‍ കറക്ട്നെസില്‍ വിശ്വസിക്കുന്നുണ്ടോ...

പെര്‍ഫക്ടായവര്‍ ആരുമില്ലല്ലോ. എല്ലാവര്‍ക്കും ഗ്രേ ഷേഡാണുള്ളത്. എന്‍റെ കഥാപാത്രത്തിനു ഗ്രേ ഷേഡ് വരുന്നതില്‍ കുഴപ്പമില്ല. ആ കഥാപാത്രം നമുക്കു തെറ്റെന്നു തോന്നുന്ന ഒരു തീരുമാനം എടുത്തത് കഥപറച്ചിലിന്‍റെ ഭാഗമാണെങ്കില്‍ എനിക്കു പ്രശ്നമില്ല.

എന്നാല്‍, നീതീകരിക്കാനാവാത്ത കാഴ്ചപ്പാടുകളെ സിനിമ മഹത്വവത്കരിക്കുകയാണെങ്കിൽ, അതിന്‍റെ ഭാഗമാകാൻ ബുദ്ധിമുട്ടു തോന്നും.



തരംഗം മുതല്‍ ജിന്ന് വരെ...കുറച്ചു സിനിമകള്‍ മാത്രം...

വന്ന ഓഫറുകളിൽ ഇതുവരെ ചെയ്തിട്ടില്ലെന്നു തോന്നിയതോ ഈ ക്രൂവിനൊപ്പം വര്‍ക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ടായതോ ആയ സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്. തൃപ്തിയില്ലാതെ സിനിമകള്‍ ചെയ്തിട്ട് എന്തുകാര്യം. എനിക്കു ചലഞ്ചിംഗായ ഒരു കാര്യം അതിലുണ്ടാവണം.

ജിന്നും ആഹായും പാപം ചെയ്യാത്തവർ കല്ലെറിയട്ടെയുമെല്ലാം ഒരേവര്‍ഷം റിലീസ് ചെയ്യേണ്ടവയായിരുന്നു. പല കാരണങ്ങളാല്‍ പല വര്‍ഷങ്ങളിലാണ് അവ റിലീസായത്. വര്‍ഷത്തില്‍ ഒരു സിനിമയേ ചെയ്യൂ എന്നോ വളരെക്കുറച്ചു പടങ്ങളേ ചെയ്യൂ എന്നോ തീരുമാനിച്ചതല്ല.



ഇനി വരാനുള്ള സിനിമകളെക്കുറിച്ച്...

ഹിന്ദിയില്‍ ആദ്യ സിനിമ ഗുല്‍മോഹര്‍ ഹോളിക്കു റിലീസാവും. ഷര്‍മിള ടാഗോര്‍, മനോജ് വാജ്പേയി, അമോല്‍ പാലേക്കര്‍, സിമ്രന്‍ എന്നിവര്‍ക്കൊപ്പം. മീരാ നായരുടെ അസോസിയേറ്റായ രാഹുല്‍ ചിത്തല്ലയാണു സംവിധാനം. ആമസോണിന്‍റെ തമിഴ് വെബ് സീരിസ് സ്വീറ്റ് കാരം കോഫിയുടെ ഷൂട്ടിംഗ് കഴിഞ്ഞു. യഥാക്രമം അമ്മൂമ്മ, അമ്മ, മകള്‍ വേഷങ്ങളില്‍ ലക്ഷ്മി, മധുബാല, ഞാന്‍.

എട്ട് എപ്പിസോഡുകളിൽ രണ്ടെണ്ണം ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്തു. മ്യൂസിക് ഗോവിന്ദ് വസന്ത. ആര്‍ട്ട് ശര്‍മിഷ്ഠ റോയ്. കെഎസ്എഫ്ഡിസിയുടെ ഒരു സിനിമയില്‍ കാമിയോ റോളും ചെയ്തു.



ഗീതാഞ്ജലി വിവര്‍ത്തനത്തിനു പെയിന്‍റിംഗ് ചെയ്യാനിടയായത്...

അച്ഛന്‍ റിട്ടയേര്‍ഡ് ബാങ്കറായ എം. ബാലചന്ദ്രന്‍റെ വിവര്‍ത്തന പുസ്തകം ‘ടാഗോറിന്‍റെ ഗീതാഞ്ജലി’ക്കു വേണ്ടിയാണ് കവര്‍ചിത്രമുള്‍പ്പെടെ 16 പെയിന്‍റിംഗുകള്‍ ചെയ്തത്. ലോക്ഡൗണ്‍ സമയത്താണ് അച്ഛന്‍ കവിതകള്‍ വിവര്‍ത്തനം ചെയ്തത്. സിനിമകള്‍ക്കായി വടക്കേ ഇന്ത്യയിലും മറ്റുമുള്ള യാത്രകളില്‍ ഞാന്‍ പെയിന്‍റിംഗുകള്‍ തീര്‍ത്തു. അച്ഛന്‍റെ ആവശ്യപ്രകാരമാണ് വരച്ചത്.

ഒറിജിനല്‍ ഇംഗ്ലീഷ് ഗീതാഞ്ജലി ഒരു പുറത്തും വിവര്‍ത്തനം മറുപുറത്തും ചേര്‍ത്തിരിക്കുന്നു. താരതമ്യം ചെയ്തു വായിക്കാവുന്ന തരത്തില്‍ ഇത്തരമൊരു രൂപകല്പന ഇതാദ്യമായാണ്.



ഇഷ്ടങ്ങളിൽ അഭിനയം, എഴുത്ത്, പെയിന്‍റിംഗ്. സംവിധാനം എപ്പോള്‍

അതു വലിയ ഉത്തരവാദിത്വമാണ്. ഞാന്‍ ആദരവോടെ കാണുന്ന പ്രഫഷന്‍. വളരെ പ്രയാസമേറിയ ജോലി. അതിനുള്ള സ്കില്‍സ് നേടിയശേഷം ആലോചിക്കുന്നതാവും ഉചിതം.

ടി.ജി.ബൈജുനാഥ്