എഴുതുമ്പോള്‍ മുന്നില്‍ കഥ മാത്രം

12:52 PM Dec 12, 2022 | Deepika.com

നര്‍മത്തിലൂടെ വികാരസ്പര്‍ശിയായ ഒരു കുടുംബകഥ പറയുകയാണ് തിരക്കഥയുടെ മര്‍മംഅറിയുന്ന സിന്ധുരാജും ജനത്തിന്‍റെ പള്‍സറിയുന്ന സംവിധായകന്‍ ഷാഫിയും ആദ്യമായി ഒന്നിക്കുന്ന ആനന്ദം പരമാനന്ദം. കാട്ടിപ്പറമ്പില്‍ ദിവാകരക്കുറുപ്പ് എന്ന അമ്മായിയച്ഛനായി ഇന്ദ്രന്‍സും ഗിരീഷ് പി.പി. എന്ന മരുമകനായി ഷറഫുദീനും വേഷമിടുന്ന ചിത്രം ക്രിസ്മസിനു തിയറ്ററുകളിലെത്തും.

‘മനസിനെ സ്പര്‍ശിച്ച ഒരു വിഷയം തന്നെയാണു പറയുന്നത്. ഷാഫിക്കും അങ്ങനെതന്നെ ആ വിഷയം ഉള്‍ക്കൊള്ളാനായി. ഒരേ വേവ് ലെംഗ്തില്‍ പോകുന്നവരാണു ഞാനും ഷാഫിയും. അതുകൊണ്ടാണ് ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമ പെട്ടെന്നു സംഭവിച്ചത്. ഏറെ നാളുകളായി അങ്ങനെയൊരു സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. - സിന്ധുരാജ് പറയുന്നു.



ദിവാകരക്കുറുപ്പും ഗിരീഷ് പി.പിയും

റിട്ടയേര്‍ഡ് പോസ്റ്റ്മാനാണ് കാട്ടിപ്പറമ്പില്‍ ദിവാകരക്കുറുപ്പ്. കല്യാണം കഴിക്കാനായി ഗള്‍ഫില്‍ നിന്ന് അവധിക്കു നാട്ടിലെത്തുന്ന ചെറുപ്പക്കാരനാണ് ഗിരീഷ് പി.പി. ഇവര്‍ക്കിടയിലുള്ള കാര്യങ്ങളും സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ഷറഫ് എന്‍റെ മുന്തിരിവള്ളികളില്‍ അഭിനയിച്ചിരുന്നു.

ഇന്ദ്രന്‍സും ഞാനും ആദ്യമായാണു വര്‍ക്ക് ചെയ്യുന്നത്. ഫോണിലൂടെയാണ് കഥ പറഞ്ഞത്. വൈകാതെ അദ്ദേഹം എന്നെ കാണാന്‍ വന്നു. വീണ്ടും കഥ പറയണോ എന്നു ചോദിച്ചപ്പോള്‍ അന്നു പറഞ്ഞതെല്ലാം മനസിലുണ്ടെന്നു മറുപടി. ഏതു വേഷവും തനിക്കു പറ്റുമെന്ന് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. ഹോമിലെ വേഷത്തിനു ശേഷം ഇന്ദ്രന്‍സ് പ്രശംസ നേടുന്ന കഥാപാത്രമായിരിക്കും ദിവാകരക്കുറുപ്പ്.



ദിവാകരക്കുറുപ്പിന്‍റെ ജീവിതയാത്രയില്‍ ചില സംഭവങ്ങളുണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ‘എന്‍റെ ജീവിതം ആരും ഫോളോ ചെയ്യരുത്, ലൈക്ക് ചെയ്യരുത്, ഷെയര്‍ ചെയ്യരുത്, എന്‍റെ ജീവിതം ആരോഗ്യത്തിനു ഹാനികരമാണ്’ എന്ന് അയാള്‍ പറയുന്നത്.

എന്തുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ജീവിതം ആരോഗ്യത്തിനു ഹാനികരം എന്നത് സിനിമ പറയുന്നുണ്ട്. വ്യക്തിജീവിതം കൈവിട്ടുപോയ ചിലരില്‍ നിന്നു ചില തിരിച്ചറിവുകളിലേക്കു പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുകയാണ്. ഒരു ശുദ്ധാത്മാവിന്‍റെ കഥയെന്നാണു ടാഗ് ലൈന്‍. അതിന്‍റെ പൊരുൾ സിനിമ കണ്ടിറങ്ങുമ്പോള്‍ വ്യക്തമാകും.



അനഘ നാരായണന്‍

മരുമകള്‍ അനുപമയായി വേഷമിടുന്നത് അനഘ നാരായണന്‍. തിങ്കളാഴ്ച നിശ്ചയത്തിലെ പ്രകടനമാണ് അനഘയെ ഇതിലെത്തിച്ചത്. മുളകിട്ട ഗോപി - അതാണ് അജു വര്‍ഗീസിന്‍റെ കഥാപാത്രം. സുധന്‍ അളിയന്‍ എന്ന വേഷത്തില്‍ ബൈജു സന്തോഷ്. സാദിഖ്, നിഷാ സാരംഗ്, വനിതാ കൃഷ്ണചന്ദ്രന്‍ തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍. നിർമാണം സപ്ത തരംഗ് ക്രിയേഷൻസ്.

മുമ്പ്, ആനന്ദം പരമാനന്ദം എന്ന പേരില്‍ ഐ.വി. ശശിയുടെ സിനിമ വന്നിരുന്നു. പലതും ആലോചിച്ചെങ്കിലും ഈ സിനിമയ്ക്കു യോജിച്ച ഹൃദ്യമായ ഒരു ടൈറ്റിലിലേക്ക് എത്താന്‍ പറ്റാതിരുന്നപ്പോള്‍ ഷാഫിയാണ് അതു പറഞ്ഞത്.



മദ്യപാനം ഈ സിനിമയില്‍ ഒരു വിഷയമായി വരുന്നുണ്ട്. പക്ഷേ, ഇതു മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയല്ല. ഒരു സെലിബ്രേഷന്‍ മൂഡില്‍ അത്തരം സംഭവങ്ങള്‍ ഉപയോഗിച്ചുവെന്നേയുള്ളൂ.

വിനീത് ശ്രീനിവാസന്‍ പാടിയ കള്ളുപാട്ടൊക്കെ അങ്ങനെ വന്നതാണ്. അടിസ്ഥാനപരമായി അതു മാത്രമല്ല ഈ സിനിമ.



പൊളിറ്റിക്കല്‍ കറക്ട്നെസ്

എഴുതുമ്പോള്‍ പൊളിറ്റിക്കല്‍ കറക്ട്നെസിനെക്കുറിച്ചല്ല, കഥയെക്കുറിച്ചു മാത്രമാണു ചിന്തിക്കുന്നത്. എനിക്കു പറയാനുള്ള കഥ ഏറ്റവും രസകരമായി പ്രേക്ഷകരിലേക്ക് എങ്ങനെ എത്തിക്കാം എന്നതിനെക്കുറിച്ചും. എന്നാലും, കഥാപാത്രങ്ങളോടു നീതിപുലര്‍ത്തുക എന്ന ചിന്ത ബോധപൂര്‍വം ഉള്ളിന്‍റെയുള്ളില്‍ ഉണ്ടാകാറുണ്ട്.

എന്‍റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ നോക്കിയാല്‍ ...എല്‍സമ്മയും പട്ടണത്തില്‍ സുന്ദരനിലെ രാധാമണിയുമെല്ലാം പൊളിറ്റിക്കല്‍ കറക്ട്നെസോടുകൂടി ഉപയോഗിച്ചിട്ടുള്ളവയാണ്. കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്ന രീതിയിലുള്ള പാത്രസൃഷ്ടിയും കഥപറച്ചിലുമേ നടക്കുകയുള്ളൂ. നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ പ്രതിഫലനമാണു സിനിമ. അതില്‍ നിന്നു മാറി ഒന്നും ആലോചിക്കാനാവില്ല.



വലിയ സിനിമയും വലിയ കാന്‍വാസും എന്നതല്ല, നമുക്ക് ഇഷ്ടപ്പെട്ട കഥ പറയുക എന്നതാണു പ്രധാനം. മുന്തിരിവള്ളികളില്‍ മോഹന്‍ലാലുമായും താപ്പാനയില്‍ മമ്മൂട്ടിയുമായും സിനിമ ചെയ്തിട്ടുണ്ട്. ബോധപൂര്‍വം അവര്‍ക്കുവേണ്ടി മാത്രം കഥകള്‍ ആലോചിക്കുക എന്നതിനപ്പുറം നമ്മുടെ മുന്നില്‍ വരുന്ന കഥകളില്‍ നിന്ന് ഏറ്റവും നല്ലതു പറയാന്‍ ശ്രമിക്കുകയാണു ചെയ്യുന്നത്.

കഥയാണു പ്രധാനം. ഏറ്റവും രസകരമായി എനിക്കു ചെയ്യാന്‍ പറ്റുന്ന കഥയാണു സിനിമയാക്കാന്‍ തീരുമാനിക്കുന്നത്. പിന്നീട് ആ കഥയ്ക്ക് ആരെ ആവശ്യമുണ്ട് എന്നതു മാത്രമാണ് കാസ്റ്റിംഗ്.



എം. പദ്മകുമാര്‍ സിനിമ

എക്കാലവും എഴുത്തില്‍ വെല്ലുവിളികളുണ്ട്. നമ്മുടെ മുന്നില്‍ വരുന്ന കഥ പറയുക, വിജയിപ്പിക്കുക എന്നതാണ് വെല്ലുവിളി. എഴുതാനും പറയാനും തോന്നുന്ന കഥകള്‍ കിട്ടണം. അത് എഴുതി ഫലിപ്പിക്കുക എന്നത് എന്നത്തെയും വെല്ലുവിളിയാണ്.

എഴുതിയ സിനിമകളൊക്കെ ആദ്യ ഭാഗത്തു തന്നെ പൂര്‍ണമായവയാണ്. അതിനാല്‍ ഒന്നിന്‍റെയും രണ്ടാം ഭാഗം ആലോചനയിൽ ഇല്ല.



എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കാണ് ഇപ്പോള്‍ എഴുതുന്നത്. ഫെബ്രുവരിയില്‍ ഷൂട്ടിംഗ് ഉണ്ടാവും. അതു ഞാന്‍ സാധാരണ എഴുതുന്ന ഫാമിലി ഡ്രാമകളില്‍ നിന്നു മാറി സഞ്ചരിക്കുന്ന സിനിമയായിരിക്കും -സിന്ധുരാജ് പറയുന്നു.

ടി.ജി. ബൈജുനാഥ്