ഞെട്ടിക്കുന്ന സത്യവുമായി ടീച്ചര്‍

03:03 PM Dec 02, 2022 | Deepika.com

സിനിമ എന്‍റര്‍ടെയ്നറാവണം, അതു സംസാരവിഷയമാവണം എന്നു വിശ്വസിക്കുന്ന ചലച്ചിത്രകാരനാണ് വിവേക്. അതിരനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്ത ടീച്ചറില്‍ അമല പോളാണ് നായിക.

"ഞെട്ടിക്കുന്ന ഒരു സത്യം, ഒരു സംഭവം ഉള്ളിലുള്ള സിനിമ. അങ്ങനെ സംഭവിക്കുമോ, അങ്ങനെ സംഭവിച്ചിട്ടുണ്ടാകുമോ, അതു സംഭവിച്ചാല്‍ ഞാന്‍ എങ്ങനെ പ്രതികരിക്കും എന്നൊക്കെ ചിന്തിപ്പിക്കുന്ന സിനിമ. ഒഴുക്കില്‍നിന്നു മാറിനില്‍ക്കുന്ന ചില പടങ്ങളില്ലേ. അതിലാണ് ടീച്ചറിന്‍റെ ഇടം' - വിവേക് പറയുന്നു.



ഒരു ടീച്ചറിന്‍റെ അനുഭവം

അതിരന്‍ ഒരു കെട്ടുകഥയാണ്. കുറച്ചുകൂടി ആഴത്തിലുള്ള, കേള്‍ക്കാത്ത കഥകള്‍ പറയാനുള്ള ശ്രമമാണ് ടീച്ചർ. ഇവിടെ നിങ്ങള്‍ കാണുന്നത് അയല്‍പക്കത്തുള്ള ഒരു കുടുംബമാവാം, ഒരു സ്ത്രീയാവാം, പരിചയത്തിലുള്ളവരാവാം. പക്ഷേ, കഥപറച്ചില്‍ കണ്ടുപരിചയമുള്ളതാവില്ല.

ടീച്ചര്‍ എന്ന പേരിലേക്ക് ഒതുങ്ങുന്ന കഥയോ പ്രമേയമോ അല്ല. യഥാര്‍ഥ ജീവിതത്തില്‍ ക്ലാസ്മുറിയില്‍ മാത്രമല്ലല്ലോ നമ്മള്‍ പഠിക്കുന്നത്. വളരെയടുത്ത സഹപാഠികളായ ചില പെണ്‍ സുഹൃത്തുക്കള്‍ ഒരു കാര്യത്തില്‍ അവര്‍ക്കുണ്ടായ ചില അനുഭവങ്ങള്‍ പല അവസരങ്ങളിലായി എന്നോടു പങ്കുവച്ചു. അങ്ങനെ സംഭവിക്കാന്‍ ഒരിക്കലും സാധ്യതയില്ലെന്നു നമ്മള്‍ എഴുതിത്തള്ളുന്ന ചിലത്. ഒരു ടീച്ചറിന്‍റെ അനുഭവമായാണ് അതു ഞാന്‍ സിനിമയില്‍ പറയുന്നത്.



അമല, ഹക്കീം ഷാ

കൊല്ലം തെന്മലയില്‍ വളരെ സിംപിളായി സന്തോഷത്തോടെ തന്‍റെ സഹപാഠിയായ ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയാണ് അമല പോളിന്‍റെ കഥാപാത്രം ദേവിക. ഒരു പ്രത്യേക ഘട്ടത്തില്‍ ദേവികയ്ക്കു നേരിടേണ്ടിവരുന്ന ഒരനുഭവവും യുവതി എന്ന നിലയിലുള്ള മാനുഷിക പരിമിതികളെ അതിജീവിക്കാനുള്ള അവരുടെ ശ്രമവുമാണ് സിനിമ പറയുന്നത്.

ഹക്കീം ഷാ എന്ന പുതുമുഖമാണ് ദേവികയുടെ ഭര്‍ത്താവായി വരുന്നത്. ചെറിയ വേഷങ്ങള്‍ മുമ്പു ചെയ്തിട്ടുണ്ടെങ്കിലും ഹക്കീം മുഴുനീള വേഷത്തിലെത്തുന്ന ആദ്യ സിനിമയാണിത്.



അമല പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവരികയാണ്. സ്ക്രിപ്റ്റ് വായിച്ചിട്ടല്ല അമല ഡേറ്റ് തന്നത്. ഈ പറഞ്ഞതില്‍ തന്നെ ഒരു കഥയുണ്ട്. എനിക്കു നിങ്ങളെ വിശ്വാസമാണ്...കഥ കേട്ടപ്പോള്‍ അമല പറഞ്ഞു. ഇതുവരെ കാണാത്ത ഒരു അമലാ പോളിനെ സ്ക്രീനിലെത്തിക്കണമെന്ന് ആഗ്രഹിച്ചു.

തീവ്രമായി വികാരങ്ങള്‍ ആവിഷ്കരിക്കുന്ന ഊര്‍ജസ്വലയായ പെര്‍ഫോര്‍മറാണ് അമല. മൈനയ്ക്കു ശേഷം എനിക്ക് ഏറ്റവുമിഷ്ടമുള്ള അമലയുടെ പെര്‍ഫോമന്‍സാണ് ഇതില്‍.



മഞ്ജു പിള്ള

ഇതിലെ ഒരു വേഷം ചെയ്യാനായി മഞ്ജു പിള്ളയോടു കഥ പറഞ്ഞു. ചെയ്യില്ലെന്നായിരുന്നു മറുപടി. പിറ്റേന്നു രാവിലെ അപ്രതീക്ഷിതമായി മഞ്ജു പിള്ള എന്നെ വിളിച്ച് ആ കഥാപാത്രം എനിക്കു വര്‍ക്കായി, ഞാനതു ചെയ്യാം എന്നു പറഞ്ഞു.

കുറച്ചു സീനുകളേയുള്ളൂ, പക്ഷേ, കഥാപാത്രം പവര്‍ഫുളാണ്. നക്സല്‍ പശ്ചാത്തലമുള്ള വേഷം. പെര്‍ഫോമന്‍സിലൂടെ മഞ്ജു പിള്ള എന്നെ അതിശയിപ്പിച്ചു. അമലാ പോളിനു മുമ്പ് ഞാന്‍ മനസിലുറപ്പിച്ച കാസ്റ്റിംഗാണ് ചെമ്പന്‍ വിനോദിന്‍റേത്. ഫുട്ബോളര്‍ ഐ.എം. വിജയനും പ്രധാന വേഷത്തിലെത്തുന്നു.



വിമര്‍ശിക്കാം, പക്ഷേ...

നിരവധി നിര്‍മാതാക്കള്‍ തിരസ്കരിച്ച പ്രോജക്ടു കൂടിയാണിത്. ഞാന്‍ വിശ്വസിക്കുന്ന ഒരു കഥ ഞാന്‍ നിര്‍മിച്ചില്ലെങ്കില്‍ പിന്നെ ആരു നിർമിക്കും. അങ്ങനെയാണ് വിറ്റിവി ഫിലിംസ് എന്ന ബാനർ തുടങ്ങിയത്.

നട്ട്മെഗ് പ്രൊഡക്ഷൻസാണ് നിർമാണപങ്കാളി. പി.വി. ഷാജികുമാറും ഞാനും ചേര്‍ന്നാണു തിരക്കഥയൊരുക്കിയത്. എഴുത്തുകാരുമായി ചേര്‍ന്നു സിനിമ ചെയ്യുമ്പോള്‍ കംഫര്‍ട്ടാണ്.



ഫെമിനിസത്തില്‍ വിശ്വസിക്കുന്നുവെങ്കിലും ഇതൊരു സ്ത്രീപക്ഷ സിനിമയല്ല. ഈ സിനിമയുടെ പൊളിറ്റിക്സ് അവസാനത്തെ 30 സെക്കന്‍ഡില്‍ പറയുന്നുണ്ട്. അത് പ്രേക്ഷകര്‍ക്കു ദഹിക്കുമെന്നാണു പ്രതീക്ഷ. മറിച്ചാണെങ്കില്‍ എന്നെ വിമര്‍ശിക്കുന്നതിലും വിരോധമില്ല.

വിമര്‍ശനങ്ങള്‍ സിനിമയ്ക്കും ഗുണകരമാണ്. കുറഞ്ഞപക്ഷം ഒരു വർഷമെടുക്കും ഒരു നടൻ അല്ലെങ്കിൽ നടിയുടെ ഡേറ്റ് കിട്ടാൻ. സിനിമയെടുത്തുവരാൻ പിന്നെയും ഒരു വർഷം. അങ്ങനെ രണ്ടു വര്‍ഷക്കാലം പുതുമ നഷ്ടമാകാത്ത ഒരു സിനിമയുമായി സഞ്ചരിക്കുന്നവരാണ് മിക്ക യുവ സംവിധായകരും. സംവിധായകന്‍റെ ചലഞ്ച് എത്ര വലുതാണെന്നു കൂടി ഓര്‍ത്തുകൊണ്ടാവണം വിമര്‍ശനം.



അത് എംപുരാനു ശേഷം

എംപുരാനു ശേഷം മോഹന്‍ലാൽ സിനിമ തുടങ്ങുമെന്നാണ് പ്രതീക്ഷ. അദ്ദേഹവുമായി പരസ്യചിത്രം ചെയ്തു തുടങ്ങിയ ബന്ധം പിന്നീടു വളരെ കംഫര്‍ട്ടബിളായി. അങ്ങനെ ഒരു പ്രമേയം സംസാരിച്ചു.

അതില്‍ അദ്ദേഹം ഹാപ്പിയാവുകയും എൽ 353 എന്ന പ്രോജക്ട് പ്രഖ്യാപിക്കുകയുമായിരുന്നു. അത് ഒരു ന്യൂ ഏജ് ഫിലിം മേക്കർ ആയും മോഹൻലാൽ ഫാൻ ബോയ് ആയും എന്‍റെ ഡ്രീം പ്രോജക്ടാണ് - വിവേക് പറയുന്നു.

ടി.ജി.ബൈജുനാഥ്