ഡ്യുവൽ ഹീറോസ്, വെടിക്കെട്ട് ഹീറോസ്

04:22 PM Oct 16, 2022 | Deepika.com

പുതുമകളുടെ വെടിക്കെട്ടുമായി വരികയാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും. ഇത്തവണ പരീക്ഷണചിത്രമെന്നാണ് ഇരുവരും പറയുന്നത്. എങ്ങനെ മാറ്റിപ്പിടിച്ചാലും ബിബിന്‍റെ ചിത്തിരേശും വിഷ്ണുവിന്‍റെ ഷിബൂട്ടനും ഹിറ്റിന്‍റെ രസക്കൂട്ടുമായിത്തന്നെയാവും വരവെന്ന വിശ്വാസത്തിലാണു പ്രേക്ഷകര്‍. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ചവര്‍ തന്നെ ഡ്യുവൽ ഹീറോകളായി അഭിനയിക്കുന്ന ലോകത്തിലെ ആദ്യപടമെന്ന പുതുമയും വെടിക്കെട്ടിനുണ്ട്.

‘ഞങ്ങള്‍ മുമ്പു ചെയ്ത അമര്‍ അക്ബര്‍ അന്തോണിയും കട്ടപ്പനയിലെ ഹൃത്വിക് റോഷനുമൊക്കെ ഫണ്‍ റൈഡ് പടങ്ങളാണ്. ഇതില്‍ ഫുള്‍ ഫണ്‍ അല്ല. കുറച്ചു തമാശ, കുറച്ചു പാട്ട്... എന്‍റര്‍ടെയ്നറാണു പടം. ഫണ്‍ എന്‍റര്‍ടെയ്നറല്ല, ഫുള്‍ എന്‍റര്‍ടെയ്നറാണ്. ഞങ്ങള്‍ ഇതുവരെ പരീക്ഷിക്കാത്ത ജോണറാണ്. അല്പം സീരിയസായ ഒരു കാര്യവുമുണ്ട് സിനിമയിൽ. അതു തന്നെയാവും ഏറ്റവും വലിയ പുതുമ’ - ബിബിനും വിഷ്ണുവും പറയുന്നു.



ഞങ്ങളെ സംവിധായകരാക്കിയത്

1,500 പേരെ ഓഡിഷന്‍ ചെയ്താണ് 230 പുതുമുഖങ്ങളെ തെരഞ്ഞെടുത്തത്. ഞങ്ങള്‍ അവരെ സിനിമയിലെടുത്തു എന്നതിലുപരി ഞങ്ങളെ സംവിധായകരാക്കാന്‍ തീരുമാനിച്ചത് അവരാണ്. പണ്ടുമുതലേ സംവിധായകരാവണം എന്നുള്ള വലിയ ആഗ്രഹങ്ങളൊന്നുമില്ലായിരുന്നു.

ഞങ്ങളുടെ കണ്‍മുന്നില്‍ത്തന്നെ ഒരുപാടു നല്ല കലാകാരന്മാരുണ്ട്, അവരിൽ സുഹൃത്തുക്കളുമുണ്ട്. അവര്‍ക്കൊന്നും അവസരം കൊടുക്കാന്‍ ഞങ്ങള്‍ക്കു പറ്റിയിരുന്നില്ല. പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണമെന്ന ഒറ്റച്ചിന്തകൊണ്ടാണ് ഞങ്ങള്‍ സംവിധായകരാകാന്‍ തീരുമാനിച്ചത്.

ആക്ടേഴ്സിനെ മാത്രമല്ല, ഈ പടത്തിലൂടെ മൂന്നു സംഗീത സംവിധായകരെയും നാലു പുതിയ ഗാനരചയിതാക്കളെയും രണ്ടു പുതിയ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെയും പരിചയപ്പെടുത്തുന്നുണ്ട്. ശ്യാംപ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി. അക്ഷയ, അരുണ്‍രാജ്(ടൈറ്റില്‍ സോംഗ്) എന്നിവരാണ് പാട്ടുകളൊരുക്കിയത്. പശ്ചാത്തലസംഗീതം അല്‍ഫോണ്‍സ്.



നാടൻ പ്രണയവും...

എറണാകുളത്തുള്ള ഒരു നാട്ടിന്‍പുറത്തെ പ്രണയവും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പ്രശ്നങ്ങളുമൊക്കെയാണ് കഥ. ഞങ്ങള്‍ എപ്പോഴും പറയാറുള്ളതുപോലെ ഇതും സാധാരണക്കാരുടെ കഥയാണ്. കുറേ നാളായില്ലേ നാടന്‍ കഥാപാത്രങ്ങളും കഥയുമൊക്കെ വന്നിട്ട്...ആ ഒരു മൂഡിലാണ് പടം പിടിച്ചിരിക്കുന്നത്.

വെടിക്കെട്ടെന്നാണു പേരെങ്കിലും ഇത് ഉത്സവത്തിന്‍റെയും വെടിക്കെട്ടുകാരുടെയും കഥയുമൊന്നുമല്ല. ഉത്സവമൊക്കെ വരുന്നതു ക്ലൈമാക്സ് ഏരിയയിലാണ്. കോവിഡ്കാലത്തിനു ശേഷം സംഭവിക്കുന്ന കഥയാണിത്. ഞങ്ങൾക്കും പുതുമുഖങ്ങൾക്കും പിന്തുണയേകി നിർമാതാക്കളായ ബാദുഷയും ഷിനോയ് മാത്യുവും മുടക്കിയത് ഏഴു കോടി! വലിയ ബജറ്റ് തന്നെയാണത്.



ഐശ്വര്യ അനിൽകുമാർ

ഇതില്‍ അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റുകളായി ഞാനും വിഷ്ണുവും മാത്രമേയുള്ളൂ. നായിക പുതുമുഖമാണ്, ഐശ്വര്യ അനില്‍കുമാർ. എഴുതുമ്പോള്‍ മുതല്‍ സ്ഥിരം നായികാരൂപമല്ലായിരുന്നു മനസിൽ. നാടന്‍വേഷമാണ്. കഥാപാത്രത്തിനു ചേരുന്ന നായികയെ ഓഡിഷനിലൂടെ കണ്ടെത്തുകയായിരുന്നു.

ഞങ്ങള്‍ സിനിമയില്‍ വന്ന കാലം മുതല്‍ കാണാന്‍ തുടങ്ങിയതാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കഷ്ടപ്പാടുകള്‍. എന്നെങ്കിലും ഞങ്ങള്‍ പടം ചെയ്യുമ്പോള്‍ അവരെ പരിചയപ്പെടുത്തണമെന്ന് അന്നേ പ്ലാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ ചിത്രം ഉള്‍പ്പെടുത്തി മോഷന്‍ പോസ്റ്ററുകള്‍ ഇറക്കിയത്.

പരസ്യം എന്നതിനപ്പുറം ഓരോ ഡിപ്പാര്‍ട്ട്മെന്‍റിലും പ്രവര്‍ത്തിക്കുന്നവരുടെ മക്കള്‍ ഇതു സ്കൂളില്‍ കൊണ്ടുപോയി ദേ, എന്‍റെ അച്ഛന്‍റെ ഫോട്ടോ എന്നും മറ്റും പറഞ്ഞു കാണിക്കുന്ന ഒരു സന്തോഷമുണ്ടല്ലോ...അതൊക്കെയേ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടുള്ളൂ.



ട്രേഡ് സീക്രട്ട്

അടിസ്ഥാനപരമായി ഞങ്ങള്‍ രണ്ടുപേരുടെയും കെമിസ്ട്രി സ്നേഹം തന്നെയാണ്. രണ്ടുപേരും രണ്ടു സ്വഭാവക്കാരാണ്. വിഷ്ണു ഇത്തിരി ഒതുങ്ങിയ ടൈപ്പാണ്. ഞാന്‍ ഇത്തിരി ലൗഡാണ്. രണ്ടുംകൂടി മിക്സാകുമ്പോഴാണ് എപ്പോഴും നല്ല ഒരു സ്ക്രിപ്റ്റിലേക്ക് ഞങ്ങള്‍ എത്തുന്നത്. വഴക്കിട്ടാല്‍പോലും ഒരു ദിവസത്തിലധികം അതു നീണ്ടുനില്‍ക്കില്ല.

എഴുതുമ്പോള്‍ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും തര്‍ക്കിക്കും. നമ്മള്‍ പറയുന്നതു ശരിയാണ് എന്നല്ലേ നമുക്കു തോന്നുകയുള്ളൂ. മനുഷ്യരല്ലേ! അവസാനം പറഞ്ഞു കണ്‍വിന്‍സാവും. കണ്‍വിന്‍സ് ആയാല്‍ അതു പിന്നെ ഞങ്ങളുടെ തീരുമാനമാണ്. ആ സീന്‍ വിജയിച്ചാലും ഇല്ലെങ്കിലും പിന്നെയെല്ലാം രണ്ടുപേരുടെയും കൂടി ഉത്തരവാദിത്വമാണ്.



അപകടങ്ങൾ കടന്ന്...

പുതുമുഖങ്ങളുടെ കാര്യത്തിൽ ഞങ്ങള്‍ക്ക് ഓവര്‍ ടെന്‍ഷന്‍ ഉണ്ടായില്ല. കാരണം, എല്ലാവരും ഉഗ്രന്‍ ആര്‍ട്ടിസ്റ്റുകളാണ്. അതുകൊണ്ടുതന്നെ ഏറെ ടേക്ക് എടുക്കേണ്ടി വരികയോ ഞങ്ങള്‍ ഉദ്ദേശിച്ചത് അവര്‍ ചെയ്യാതിരിക്കുകയോ... അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, മഴ ഞങ്ങളെ വലുതായി ബാധിച്ചു. അതിന്‍റെ ടെന്‍ഷന്‍ മാത്രമേ ഉണ്ടായുള്ളൂ.

പിന്നെ, വിഷ്ണുവിന്‍റേതുള്‍പ്പെടെ ഷൂട്ടിനിടെ 25 നു മുകളില്‍ അപകടങ്ങളുണ്ടായി. അതു ഞങ്ങളെ ഒരുപാടു തളര്‍ത്തി. മൂന്നാലുപേര്‍ കറന്‍റടിച്ചു വീണു. ഒരാളുടെ കൈയും കാലും ഒടിഞ്ഞു. അതിന്‍റെ ഭയത്തിലാണ് പടം മൊത്തം ഷൂട്ട് ചെയ്തത്.

ഒരു കൊല്ലത്തോളം ഡയറക്‌ഷനുവേണ്ടി അഭിനയത്തില്‍ നിന്നു മാറിനിന്നു. ഇനി കുറച്ചുനാളത്തേക്ക് എഴുത്ത് ഉണ്ടാവില്ല, അഭിനയത്തിലാവും ശ്രദ്ധ.



ഷിബൂട്ടൻ വേറെ ലെവലാണ്

ഞങ്ങള്‍ നായകന്മാരാകുമ്പോള്‍ പലപ്പോഴും കാലഘട്ടത്തിനനുസരിച്ചുള്ള കഥകള്‍ കിട്ടാറില്ല. അങ്ങനെയാണ് ഈ കഥ പെട്ടെന്നു കയറിവന്നപ്പോള്‍ ഞങ്ങള്‍ തന്നെ നായകന്മാരാവാം എന്നു തീരുമാനിച്ചത്. അങ്ങനെയൊരു പരീക്ഷണ സിനിമ തന്നെയാണിത്.

പടം വിജയിക്കുകയാണെങ്കില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ആക്ടിംഗിലും ഗ്രേസ്മാര്‍ക്ക് കിട്ടുന്ന കഥാപാത്രങ്ങളാണ്. ഇതിലെ നായകവേഷങ്ങളിലേക്ക് മറ്റു താരങ്ങളെ സമീപിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടേയില്ല. എഴുതുമ്പോള്‍പ്പോലും ഞങ്ങളെ മനസില്‍ കരുതിയാണ് എഴുതിയിരിക്കുന്നത്.



എന്‍റെ വില്ലന്‍വേഷമൊക്കെ നിങ്ങള്‍ മുമ്പു കണ്ടിട്ടുണ്ടാവും. പക്ഷേ, വിഷ്ണുവിന്‍റെ കഥാപാത്രം ഷിബൂട്ടൻ വേറെ ലെവലാണ്. ആ കഥാപാത്രത്തെക്കുറിച്ചു നിങ്ങള്‍ക്കു ചിന്തിക്കാന്‍പോലുമാവില്ല.’ -ബിബിൻ പറയുന്നു.

ടി.ജി. ബൈജുനാഥ്