കഥ കേട്ട മാത്രയിൽ മമ്മൂക്ക റോഷാക്ക് നിർമിക്കാനൊരുങ്ങി: സംവിധായകൻ നിസാം ബഷീർ

02:45 PM Oct 06, 2022 | Deepika.com

കെട്ട്യോളാണ് എന്‍റെ മാലാഖ ഹിറ്റാക്കിയ നിസാം ബഷീർ അതുക്കുംമേലെ ഒരനുഭവവുമായി വരികയാണ്. റോഷാക്ക് ട്രെയിലർ കണ്ടുതീരുന്പോൾ പ്രേക്ഷകരും അതുറപ്പിക്കുന്നു... ലൂക്ക് ആന്‍റണി, ആ ഓണംകേറാമൂലയിൽ വെറുതേ വന്നതല്ലെന്ന്.

കഥ കേട്ട മാത്രയിൽ ഈ സിനിമ താൻ നിർമിക്കുമെന്നു മമ്മൂട്ടി തീരുമാനിച്ചതിനു പിന്നിലും അതിലെ നിഗൂഢ വിസ്മയങ്ങൾ തന്നെയാവണം. മമ്മൂട്ടി കന്പനി നിർമിച്ച റോഷാക്ക് ബിഗ് സ്ക്രീനിലെത്തിക്കുന്നതു ദുൽഖറിന്‍റെ വേഫെറർ ഫിലിംസ്.

‘യുകെ സിറ്റിസണ്‍ ആണ് ലൂക്ക് ആന്‍റണി. അയാൾ നാട്ടിലേക്കു വരികയാണ്. ചില ഉദ്ദേശങ്ങളോടെയാണ് ആ വരവ്. അയാൾ വന്നതിനു ശേഷം ഗ്രാമത്തിൽ ചില മാറ്റങ്ങളുണ്ടാകുന്നു. അതുമായി അയാൾക്കു ബന്ധമുണ്ടോ‍? എന്താണ് അയാളുടെ ഉദ്ദേശം‍? അതു നിറവേറുന്നുണ്ടോ‍? ഇതൊക്കെയാണ് റോഷാക്ക് എന്ന സിനിമ.’ - സംവിധായകൻ നിസാം ബഷീർ പറയുന്നു.



രചന സമീർ അബ്ദുൾ

ഒരു സുഹൃത്തിനു ഡയറക്ട് ചെയ്യാനുള്ള പ്രോജക്ടിനു വേണ്ടിയാണ് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് സിനിമകളുടെ രചയിതാവ് സമീർ അബ്ദുളിനെ പരിചയപ്പെട്ടത്. ഈ ത്രഡ് കേട്ടപ്പോൾ എനിക്കു താത്പര്യമായി.

ഒരു വണ്‍ ലൈൻ ഐഡിയയിൽ നിന്നാണ് റോഷാക്കിന്‍റെ തുടക്കം. അതിൽ നിന്നു ഞങ്ങൾ രണ്ടുപേരും കൂടി ഒരു സ്ക്രീൻപ്ലേയിലേക്ക് എത്തിച്ചതാണ്. സ്ക്രിപ്റ്റിംഗിന് ഒന്നര വർഷത്തോളമെടുത്തു. റോഷാക്ക് ഹൊറർ അല്ല, ത്രില്ലറാണ്. പൂർണമായും ഫിക്‌ഷണലാണ്.



റോഷാക്ക് പറയുന്നത്

ത്രില്ലറായതുകൊണ്ടുതന്നെ സിനിമയെക്കുറിച്ചുള്ള പല കാര്യങ്ങളും ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ഈ സിനിമയിൽ കുറേ വ്യക്തിത്വങ്ങളെ അവതരിപ്പിക്കുകയാണ്.

അവരവരുടേതായ ആവശ്യങ്ങൾ നിറവേറ്റാൻവേണ്ടി അവരവരുടേതായ വഴികളിലൂടെ സഞ്ചരിക്കുന്ന വ്യത്യസ്തരായ വ്യക്തിത്വങ്ങളാണ് മമ്മൂക്കയുടെയും മറ്റ് ആക്ടേഴ്സിന്‍റെയും കഥാപാത്രങ്ങൾ. ഓരോരുത്തർക്കും ഓരോ നീതിന്യായങ്ങളുമുണ്ട്. എന്താണ് അവരുടെ ഉദ്ദേശ്യം, എന്തൊക്കെയാണ് അവർ ചെയ്യുന്നത് എന്നുള്ളത് സിനിമ കണ്ടുതന്നെ അറിയണം.



റോഷാക്ക് ടൈറ്റിൽ...

ഒന്നിനൊന്നു വ്യത്യസ്തരായ കുറേ കഥാപാത്രങ്ങളുടെ പ്രവൃത്തികളാണ് സിനിമയിൽ കാണിക്കുന്നത്. ഇതാണ് ഇയാളുടെ സ്വഭാവം എന്ന് എവിടെയും പറയുന്നില്ല. ഇവർ ചെയ്യുന്ന പ്രവൃത്തിയിലൂടെ പ്രേക്ഷകർ അതു കണ്ടു മനസിലാക്കിയെടുക്കണം. ഒരാൾ നായകനാണോ വില്ലനാണോ എന്നു പറയാനാവാത്ത അവസ്ഥ.

ചിലർക്കു തോന്നും ഇയാൾ നായകനാണ്, നല്ലയാളാണ് എന്നൊക്കെ. ചിലർക്കു തോന്നും ഇയാൾ മോശം ആളാണെന്ന്.



കാണുന്ന ആളുകളുടെ പേഴ്സണാലിറ്റിയും ഐഡിയയും പോലെയിരിക്കും ഇവർ നല്ലവരോണോ ചീത്ത ആളുകളാണോ എന്നൊക്കെ തോന്നുന്നതും ഇവരുടെ ഉദ്ദേശ്യമെന്തെന്നു മനസിലാക്കാനാവുന്നതുമൊക്കെ.

റോഷാക്ക് എന്ന പേഴ്സണാലിറ്റി ടെസ്റ്റിലും ഇതുപോലെയാണ്. ഒരേ ചിത്രം പലരെ കാണിച്ചാൽ ഓരോരുത്തരും അതു വായിച്ചെടുക്കുക പല രീതിയിലാവും. റോഷാക്ക് എന്നു പേരിടാൻ വേറെയും കാരണങ്ങളുണ്ട്.



വൈറ്റ് റൂം ടോർച്ചർ

പുറംനാടുകളിലെ ജയിലുകളിൽ ചോദ്യംചെയ്യലിനും മറ്റും അവർ ഉപയോഗിക്കുന്ന ഒരു രീതിയാണ് വൈറ്റ് റൂം ടോർച്ചർ. പ്രതികളിൽ നിന്ന് അവർക്ക് അറിയേണ്ടതു കിട്ടാൻ അവരെ അതിലൂടെ കടത്തിവിടും. പുറത്തുണ്ടായിരുന്ന സമയത്ത് ലൂക്കിനും ഈ വൈറ്റ് റൂം ടോർച്ചറിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്.

അയാൾ കടന്നുപോയിട്ടുള്ള സാഹചര്യങ്ങളിൽ ഒന്നുമാത്രമാണത്. അത്രേയുള്ളൂ ഈ സിനിമയിൽ അതിനുള്ള പ്രാധാന്യം. അല്ലാതെ അതിൽനിന്ന് ഉരുത്തിരിഞ്ഞുണ്ടായ കഥയൊന്നുമല്ല ഇത്. ആളുകൾക്ക് ഇതൊരു ഫ്രഷ് സംഭവം ആയതുകൊണ്ടാവാം ഇത്രയേറെ ചർച്ചയായത്.



മമ്മൂക്ക അല്ലായിരുന്നുവെങ്കിൽ

ഫുൾ സ്ക്രിപ്റ്റ് കേട്ടു കഴിഞ്ഞപ്പോൾത്തന്നെ മമ്മൂക്കയ്ക്കു കഥയിൽ വിശ്വാസമായി. വേറെ ആക്ടർ ആയിരുന്നുവെങ്കിൽ ഞങ്ങൾ പറഞ്ഞ കഥ മാത്രം കേട്ട് ഈ പടം ചെയ്യില്ല. അത്രയും വ്യത്യസ്തമായ ഇതിന്‍റെ ഇതിവൃത്തം(പ്ലോട്ട്) മമ്മൂക്ക സ്വീകരിച്ചു. അതു ചെയ്യാമെന്നു സമ്മതിച്ചു.

ഈ പടത്തിനു വേണ്ടി മമ്മൂക്ക വലിയ തോതിലുള്ള ശാരീരിക അധ്വാനവും മാനസിക സമർപ്പണവും കൂടുതലായി എടുത്തിട്ടുമുണ്ട്.



ഒന്നിനൊന്നു മെച്ചം

ഇതിൽ വളരെ കുറച്ചു കഥാപാത്രങ്ങളേ ഉള്ളൂ. എല്ലാവർക്കും അവരവരുടേതായ വ്യക്തിത്വവും സ്ക്രീൻ ഇടവുമുണ്ട്. ആക്ടേഴ്സിനു സീൻ പറഞ്ഞുകൊടുക്കുക, അവരെ കഥാപാത്രങ്ങളുടെ മീറ്ററിലേക്കു കൃത്യമായി കൊണ്ടുവരിക..എന്നതിനപ്പുറം എനിക്കു പ്രത്യേക പ്രയത്നമൊന്നും വേണ്ടിവന്നില്ല. വാസ്തവത്തിൽ ആക്ടേഴ്സാണ് എഫേർട്ട് എടുത്തിരിക്കുന്നത്.

മമ്മൂക്ക, ജഗദീഷേട്ടൻ, കോട്ടയം നസീർ, ബിന്ദുചേച്ചി, ഗ്രേസ് ആന്‍റണി, ഷറഫുദീൻ...ഇവരെല്ലവരും ഒന്നിനൊന്നു മെച്ചമായിട്ടാണ് അവരവരുടെ കഥാപാത്രങ്ങൾക്കു വേണ്ടി എഫേർട്ട് എടുത്തിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും. ജഗദീഷേട്ടനൊക്കെ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള പെർഫോമൻസാണ് ഇതിൽ തന്നിട്ടുള്ളത്. അവരുടെ ഉള്ളിൽ അത്രയും കഴിവുകളുണ്ട്. അതു പുറത്തെടുക്കാനായി.



ഷാജി നടുവിൽ, മിഥുൻ മുകുന്ദൻ

അതിരപ്പിള്ളിയിലും തിരുവാണിയൂരുമായിരുന്നു ഷൂട്ടിംഗ്. ഗ്രാമത്തിലാണെങ്കിൽ പോലും കഥാപരിസരങ്ങൾ കുറച്ചു വ്യത്യസ്തമാണ്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന പാലെറ്റ്സ്, വസ്തുക്കൾ, വാഹനങ്ങൾ...എല്ലാം അല്പം വ്യത്യസ്തമാണ്. എല്ലാം കുറച്ചു ഗ്രേ ഷേഡിലേക്കു മാറ്റിയിട്ടുണ്ട്.

ആർട്ട്, കോസ്റ്റ്യൂം വിഭാഗങ്ങളെല്ലാം അതിനുവേണ്ടി നമ്മൾ ചെയ്തുവച്ച ഡിസൈനിംഗിലേക്കു സംഭാവനകൾ നല്കിയിട്ടുണ്ട്. ആർട്ട് ഷാജി നടുവിൽ. ഹിറ്റ് കന്നഡ ചിത്രം "ഗരുഡ ഗമന വൃഷഭ വാഹന'യ്ക്കു മ്യൂസിക് ചെയ്ത മിഥുൻ മുകുന്ദനാണ് ഇതിൽ വളരെ വ്യത്യസ്തമായ ബിജിഎം ചെയ്തത്.



ആളുകൾ വായിച്ചെടുക്കണം

ഫ്രഷ് പ്ലോട്ടാണ്. ഫ്രഷ് കഥയാണ്. ആളുകൾ അത് എങ്ങനെയെടുക്കും എന്നൊരു ടെൻഷനുണ്ട്. എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്ത് വിശദമാക്കുന്ന ഒരു സിനിമയല്ല ഇത്.

പ്രേക്ഷകർ മനസുകൊണ്ട് അതിലൂടെ സൂക്ഷ്മമായ സഞ്ചാരം നടത്തി ഇതു വായിച്ചെടുത്താൽ നല്ല ഫിക്‌ഷണൽ സ്റ്റോറിയായി ഫീൽ ചെയ്യും.



എഡ്ജ് ഓഫ് ദ സീറ്റ് സിനിമയൊന്നുമല്ല. നമുക്കു റിലാക്സ് ചെയ്തു കാണാൻ പറ്റുന്ന സിനിമയാണ്. പക്ഷേ, കുറച്ചു ചിന്ത കൂടി ചേർത്ത് കാര്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കണം. ഡീറ്റയിൽസ് ശ്രദ്ധിക്കണം. ഫ്രഷ് ആൻഡ് ക്ലിയർ മനസോടെ മറ്റൊന്നിലേക്കും ശ്രദ്ധതെറ്റാതെ ഇരുന്നു കാണാൻ പറ്റിയാൽ ഇതൊരു നല്ല തിയറ്റർ അനുഭവം ആയിരിക്കും.

ടി.ജി. ബൈജുനാഥ്