വീണ്ടും രാജീവ്നാഥ്; ഹൃദയം തൊടാൻ ഹെഡ്മാസ്റ്റർ!

02:56 PM Jul 27, 2022 | Deepika.com

30 വർഷം മുന്പ് വായിച്ച കഥ. ആറു വർഷം മുന്പ് കെ.ബി. വേണുവിനൊപ്പം പൂർത്തിയാക്കിയ സ്ക്രിപ്റ്റ്. ഒടുവിൽ രാജീവ്നാഥിന്‍റെ ആ സ്വപ്നം സഫലമാവുകയാണ്. കാരൂരിന്‍റെ ചെറുകഥ ‘പൊതിച്ചോറ്’ ഹെഡ്മാസ്റ്റർ എന്ന പേരിൽ സ്ക്രീനിലെത്തുന്നു. അതിനു പിന്നിൽ വലിയ തപസ്യയുണ്ടായിരുന്നതായി സംവിധായകൻ രാജീവ്നാഥ് പറയുന്നു.

‘കഥ വായിച്ച കാലത്തുതന്നെ സിനിമാസാധ്യത തോന്നിയിരുന്നു. അതിലൊരു ദൃശ്യഭാഷ കാണാനായി. ശ്രീലാൽ ദേവരാജാണ് ഈ സിനിമയുടെ നിർമാതാവ്; ടെലിഫോണിൽ കഥ കേട്ടയുടൻ ആവേശഭരിതനായി സിനിമ നിർമിക്കാൻ തയാറാവുകയായിരുന്നു.’



വിശപ്പിന്‍റെ അക്ഷരങ്ങൾ!

സ്കൂൾ അധ്യാപകനായി ജീവിതം തുടങ്ങിയ കാരൂർ ഏറെയും പറഞ്ഞതു മധ്യവർഗത്തിന്‍റെ കഥകൾ. പൊതിച്ചോറ് ഒരധ്യാപകന്‍റെ കഥയാണ്. സാന്പത്തിക ഭദ്രതയുള്ള ഇന്നത്തെ സർക്കാർ അധ്യാപകന്‍റെ കഥയല്ല. അധ്യാപകർക്കു തുച്ഛമായ വേതനം മാത്രമുണ്ടായിരുന്ന അറുപതുകളിലെ അധ്യാപകന്‍റെ പ്രതിനിധിയാണു കഥാനായകൻ. വിശപ്പു സഹിക്കാനാകാതെ വിദ്യാർഥിയുടെ പൊതിച്ചോറ് മോഷ്ടിച്ചു കഴിക്കേണ്ട വന്ന നിസഹായ നിമിഷങ്ങളുടെ കഥ.

‘എത്രമേൽ അസഹ്യമായ വിശപ്പുണ്ടെങ്കിലാണ് അന്യന്‍റെ ചോറെടുത്ത് ഉണ്ണുക...! ’ഈ വാചകങ്ങളിലാണ് കാരൂരിന്‍റെ പൊതിച്ചോറ് മനസിൽ തറയ്ക്കുന്നത്. പൊതിച്ചോറ് സിനിമയാക്കണമെന്ന് രാജീവ്നാഥ് മോഹിച്ചതിൽ അതിശയത്തിനു വകയില്ല.



അന്ന്, കടൽത്തീരത്ത്

ഇതാദ്യമായല്ല രാജീവ്നാഥ് സാഹിത്യകൃതികളിൽ സിനിമ കണ്ടെത്തുന്നത്.1988ൽ ഒ.വി. വിജയന്‍റെ കടൽത്തീരത്ത് അതേപേരിൽ സിനിമയാക്കിയിരുന്നു. കടൽത്തീരത്ത് അക്കൊല്ലത്തെ ഇന്ത്യൻ പനോരമയിലെത്തി. ഐഎഫ്എഫ്ഐയിൽ പ്രദർശിപ്പിച്ചു.

സാഹിത്യകൃതികളോടുള്ള ഇഷ്ടത്തെക്കുറിച്ച് ചോദിച്ചപ്പോൾ രാജീവ്നാഥിന്‍റെ മറുപടി: - ‘ 46 വർഷം മുന്പ് 1976 ലാണ് ആദ്യപടം ചെയ്തത്. എം.ജി സോമൻ മുഖ്യവേഷത്തിലെത്തിയ തണൽ. ഇതുവരെ 15 സിനിമകൾ മാത്രമാണു ചെയ്തത്. വല്ലപ്പോഴും സിനിമ ചെയ്യുന്നതാണ് ഇഷ്ടം. മനസിൽ തറയ്ക്കുന്ന കഥ കിട്ടുന്പോഴാണ് ഞാൻ സിനിമ ചെയ്യുന്നത്.’



തന്പി ആന്‍റണി, ബാബു ആന്‍റണി

എഴുത്തുകാരനും നടനുമായ തന്പി ആന്‍റണിയും ആക്ഷൻ സ്റ്റാർ ബാബു ആന്‍റണിയുമാണ് ഹെഡ്മാസ്റ്ററിൽ മുഖ്യവേഷങ്ങളിൽ. ഹെഡ്മാസ്റ്ററായി തന്പി ആന്‍റണിയും മകൻ ശ്രീധരനായി ബാബു ആന്‍റണിയും സ്ക്രീനിലെത്തുന്നു.

വൈശാലി, ശയനം പോലെ ചുരുക്കം ചില സിനിമകൾ മാറ്റിനിർത്തിയാൽ ഏറെയും ആക്‌ഷൻ റോളുകളിലാണ് ബാബു ആന്‍റണിയെ കണ്ടിട്ടുള്ളത്. ഈ കാസ്റ്റിംഗ് സംഭവിച്ചു പോയതാണെന്നു രാജീവ്നാഥ് പറയുന്നു.



‘ഈ കഥ മോഹൻലാലിനോടു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനു താത്പര്യവുമായിരുന്നു. അവിചാരിത കാരണങ്ങളാൽ അദ്ദേഹത്തിന് ഈ സിനിമ ചെയ്യാനായില്ല.

ബാബു ആന്‍റണിയുടെ ചുരുക്കം ചില പടങ്ങൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ലോമപാദ രാജാവായി വേഷമിട്ട വൈശാലി അതിലൊന്നാണ്. ഈ കഥ കേട്ടയുടൻ ബാബു ആന്‍റണി സമ്മതിച്ചു.’



ആകാശ് രാജ്

‘ഒരു കഥ പറയുകയാണ്, ഈ സിനിമയിൽ ഒരു ഹീറോ എന്നു പറയാൻ പ്രത്യേകിച്ച് ആരുമില്ല ’- രാജീവ്നാഥ് പറയുന്നു. ജഗദീഷ്, പ്രേംകുമാർ, സേതുലക്ഷ്മി, മഞ്ജുപിള്ള, ജലജയുടെ മകൾ ദേവി, ശങ്കർ രാമകൃഷ്ണൻ, മധുപാൽ, പൂജപ്പുര രാധാകൃഷ്ണൻ, ഗാനരചയിതാവ് രാജീവ് ആലുങ്കലിന്‍റെ മകൻ ആകാശ് രാജ് തുടങ്ങിയവരാണ് മറ്റു വേഷങ്ങളിൽ.

ആകാശാണ് ബാബു ആന്‍റണിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത്. രമേഷ് പിഷാരടി ഒരു ചാനൽ പരിപാടിയിൽ പറഞ്ഞ നർമകഥയെ ആധാരമാക്കി ചെയ്ത വീഡിയോയിലൂടെ സോഷ്യൽമീഡിയയിൽ താരമായ അതേ ആകാശ് രാജ്; ചേർത്തല കണ്ടമംഗലം സ്കൂളിലെ പത്താക്ലാസുകാരൻ. തിരുവനന്തപുരം വെങ്ങാനൂരിലായിരുന്നു ചിത്രീകരണം. സ്കൂൾ രംഗങ്ങളെടുത്തതു തിരുമല സ്കൂളിൽ.



കാവാലം ശ്രീകുമാർ

കാവാലം ശ്രീകുമാറാണ് ഹെഡ്മാസ്റ്ററിന് സംഗീതമൊരുക്കിയത്. രണ്ടു പാട്ടുകൾ. പി. ജയചന്ദ്രൻ പാടിയ മാനത്തൊരു പൊതിച്ചോറ്, നിത്യ മാമന്‍റെ ശബ്ദത്തിൽ ആയിരത്തിരി. വരികളെഴുതിയതു പ്രഭാവർമ.

രാജീവ്നാഥ് പറയുന്നു: ‘ കാവാലം ശ്രീകുമാർ ചെയ്താൽ നന്നായിരിക്കുമെന്ന ആലോചനയിലാണ് അദ്ദേഹത്തെ പാട്ട് ഏൽപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ പിതാവ് കാവാലം നാരായണപ്പണിക്കർ സാർ എന്‍റെ ഗുരുവാണ്. ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ ഈ പടത്തിന്‍റെ മ്യൂസിക് ചെയ്യേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു.’

1986 ൽ റിലീസായ രാജീവ് നാഥിന്‍റെ കാവേരി സിനിമയ്ക്കു പാട്ടെഴുതിയത് കാവാലം നാരായണപ്പണിക്കരാണ്. അഹത്തിലും നിറം പകർന്ന് കാവാലത്തിന്‍റെ വരികളുണ്ട്.



സ്വർണച്ചാമരം, ഏഴാംമുദ്ര

നിറങ്ങളേ..., നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു എന്നീ പാട്ടുകളിലൂടെയും ഇന്നും പച്ചപ്പുള്ള അഹം, 1998 ൽ ദേശീയ പുരസ്കാരം (മികച്ച സംവിധായകൻ) നേടിയ ജനനി, അനൂപ് മേനോൻ ആദ്യമായി തിരക്കഥയെഴുതിയ പകൽനക്ഷത്രങ്ങൾ, സീനത്ത് അമൻ വേഷമിട്ട മോക്ഷം തുടങ്ങിയ സിനിമകൾക്കൊപ്പമാണ് രാജീവ്നാഥിന്‍റെ പേര് ഏറെയും ചേർത്തുവായിക്കപ്പെട്ടത്.



പക്ഷേ, വാർത്തകളിൽ നിറഞ്ഞിട്ടും പിറക്കാതെ പോയ ചില ‘രാജീവ്നാഥ് സിനിമക’ളുമുണ്ട്. അതിലൊന്നാണ് സ്വർണച്ചാമരം. അതേക്കുറിച്ച് രാജീവ്നാഥ് പറയുന്നു: ‘1996 ൽ മോഹൻലാലിനെയും ശിവാജി ഗണേശനെയും മുഖ്യകഥാപാത്രങ്ങളാക്കി ജോണ്‍പോളിന്‍റെ തിരക്കഥയിൽ സ്വർണച്ചാമരം എന്ന പടം പ്ലാൻ ചെയ്തു. കുറച്ചു ഭാഗങ്ങളുടെ ചിത്രീകരണവും നടന്നു. നല്ല കഥയായിരുന്നു. പക്ഷേ, സ്ക്രിപ്റ്റ് ശരിയാവാത്തതിനാൽ ആ പടം ഇടയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.’

ആ ലിസ്റ്റിലെ മറ്റൊരു സിനിമയാണ് ഏഴാംമുദ്ര. സുരേഷ്ഗോപി, മന്ദിരാബേദി എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. 2007ലാണ് അതു സംബന്ധിച്ച വാർത്തകൾ പ്രചരിച്ചത്; ഓസ്കർ നേടിയ അമേരിക്കൻ സിനിമ കാസബ്ലാങ്കയുടെ റീമേക്ക് ആണെന്നും. പക്ഷേ, ആ സിനിമ സംഭവിച്ചില്ല. അത്തരമൊരു സിനിമ ആലോചിച്ചിരുന്നു എന്നതു വാസ്തവമാണെന്ന് രാജീവ്നാഥ് പറയുന്നു.



പാരീസ് ഹിൽട്ടണെപ്പോലെ...

ആ ലിസ്റ്റിലെ മൂന്നാമത്തെ സിനിമയാണ് മദർ തെരേസ. മദർ തെരേസയുടെ ജീവിതം ജോണ്‍പോളിന്‍റെ തിരക്കഥയിൽ രാജീവ്നാഥ് സിനിമയാക്കുന്നു എന്നു വാർത്തകൾ വന്നു. മദറായി അമേരിക്കൻ മോഡലും ഗായികയുമായ പാരീസ് ഹിൽട്ടണ്‍ വേഷമിടുന്നതായും! അതിലെ വാസ്തവം രാജീവ് നാഥ് പറയുന്നു:

‘അങ്ങനെയൊരു സിനിമയുടെ ആലോചനകളുണ്ടായിരുന്നു. ഒരിക്കൽ പത്രക്കാർ ചോദിച്ചപ്പോൾ പാരീസ് ഹിൽട്ടണെപ്പോലെ നിഷ്കളങ്ക മുഖമുള്ള ഒരാളെയാണ് മദറിന്‍റെ വേഷത്തിലേക്കു തേടുന്നതെന്നു ഞാൻ പറഞ്ഞു. അല്ലാതെ പാരീസ് ഹിൽട്ടണെ വച്ച് ആ പടം ചെയ്യും എന്നല്ല. ചില മാധ്യമങ്ങളിൽ മറിച്ചാണു വാർത്ത വന്നത്.

കുറച്ചു മാസങ്ങൾക്കു ശേഷം ഒരു കോൾ വന്നു. പാരീസ് ഹിൽട്ടന്‍റെ സെക്രട്ടറിയാണു വിളിച്ചത്. കേട്ടതു വാസ്തവമാണോ എന്നു ചോദിച്ചു. മനസാവാചാ പോലും അറിയാത്ത കാര്യമാണെന്നു ഞാൻ പറഞ്ഞു. ഞാനും ജോണ്‍പോളും അങ്ങനെയൊരു സിനിമയെക്കുറിച്ച് ആലോചിച്ചിരുന്നു എന്നതു മാത്രമാണ് വാസ്തവം.’ അങ്ങനെയൊരു പടം ചെയ്യുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചനകളില്ലെന്നും രാജീവ്നാഥ് കൂട്ടിച്ചേർക്കുന്നു.

ടി.ജി. ബൈജുനാഥ്