കോർട്ട് റൂം ഫാന്‍റസിയാണ് മഹാവീര്യർ: എബ്രിഡ് ഷൈൻ

01:44 PM Jul 19, 2022 | Deepika.com

‘മഹാവീര്യർ പോലെയൊന്ന് ലോകസിനിമയിൽത്തന്നെ ഉണ്ടായിട്ടില്ല ’- മാസ് സിനിമകൾ പ്രിയതരമാകുന്ന കാലത്ത് പരീക്ഷണചിത്രവുമായി വരുന്പോൾ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് എബ്രിഡ് ഷൈന്‍റെ മറുപടി.

‘ഏതു ജോണർ ചെയ്താലും അതിന് അതിന്‍റേതായ റിസ്ക്കുണ്ട്. ആക്‌ഷൻ മൂവിയെടുത്താൽ... ഇതൊക്കെ എന്ത് ആക്ഷൻ! ആക്ഷൻ കാണണമെങ്കിൽ ജോണ്‍ വിക് കണ്ടൂടെ എന്നു ചോദിക്കും. ക്രൈം ത്രില്ലർ ചെയ്യുന്പോൾ ആളുകൾ പറയും... ത്രില്ലർ വേണമെങ്കിൽ കൊറിയൻ മൂവി കണ്ടൂടെ എന്ന്. മഹാവീര്യർ സിനിമയുടെ കാര്യത്തിൽ അങ്ങനെ പറയാനാവില്ല. കാരണം, ഇങ്ങനെയൊരു സിനിമ വേറെ ഇല്ല. അതുകൊണ്ടുതന്നെ ആശങ്കയുമില്ല.’



കളർഫുൾ സിനിമ

മഹാവീര്യർ 100 ശതമാനവും കളർഫുൾ എന്‍റർടെയ്നറാണെന്ന് എബ്രിഡ് പറയുന്നു. ‘പരീക്ഷണചിത്രമെന്നൊക്കെ നിങ്ങൾ പറയുന്നതു തന്നെ ഇതിൽ ഡ്രൈ ആയ ഒരു കണ്ടന്‍റ് ആർക്കും മനസിലാകാത്ത രീതിയിൽ പറയുന്നു എന്നൊക്കെ വിചാരിച്ചിട്ടാവാം.

വാസ്തവം അതല്ല. ഇതിൽ കണ്‍ഫ്യൂഷനുണ്ടാക്കുന്നതൊന്നുമില്ല. നിറങ്ങളും വിഷ്വലുകളും തമാശയും പ്രണയവും ചതിയും സംഗീതവും ശബ്ദവും പെർഫോമൻസും ലൈറ്റും അതിന്‍റെയൊരു ആന്പിയൻസും വലുപ്പവുമൊക്കെയുള്ള കൊമേഴ്സ്യൽ സിനിമയാണിത്.’



മൂന്നാമൂഴം

1983, ആക്ഷൻ ഹീറോ ബിജു, ഇപ്പോൾ മഹാവീര്യർ... നിവിൻപോളിയുമായി എബ്രിഡിനിതു മൂന്നാമൂഴം. നിവിൻ - എബ്രിഡ് കംഫർട്ട് സോണിനെപ്പറ്റി എബ്രിഡ് പറയുന്നു- ‘നിവിൻ എന്‍റെ സുഹൃത്താണ്. ഞങ്ങൾ തമ്മിൽ ഒരു കെമിസ്ട്രിയുണ്ട്. ഒരു സബ്ജക്ട് കിട്ടിയാൽ പെട്ടെന്നു കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്ന ഒരാളെന്ന നിലയിൽ അതു നിവിനോടു പറയാറുണ്ട്; നിവിൻ അഭിനയിക്കുന്ന പടങ്ങളുടെ മാത്രമല്ല, ഞാൻ ചെയ്യുന്ന മറ്റു പടങ്ങളുടെയും.

നിവിൻ ചെയ്യുന്ന സിനിമകളുടെയും ചില കാര്യങ്ങൾ എന്നോടും ചർച്ച ചെയ്യാറുണ്ട്. ഈ സബ്ജക്ട് വന്നപ്പോഴും ഞാൻ നിവിനോടു പറഞ്ഞു. അത് നിവിന് അറിയാവുന്ന സബ്ജക്ടായിരുന്നു. അങ്ങനെ മുന്നോട്ടുപോയി.



എം.മുകുന്ദൻ

മഹാവീര്യർ സിനിമയ്ക്ക് എം. മുകുന്ദനുമായി ആത്മാവിൽ തൊടുന്ന ബന്ധമുണ്ട്. എബ്രിഡ് പറയുന്നു - ‘ മുകുന്ദൻ സാറിന്‍റെ ഒരു പുസ്തകത്തിലെ ഒരാശയം വർഷങ്ങൾക്കു മുന്പുതന്നെ എന്‍റെ മനസിൽ കിടന്നിരുന്നു. അതേപ്പറ്റി അദ്ദേഹവുമായി സംസാരിച്ച് സിനിമയ്ക്കു വേണ്ടി ഡെവലപ് ചെയ്തതാണ് ഈ കഥ. അല്ലാതെ, മഹാവീര്യർ എന്ന പേരിൽ ഈ രൂപത്തിലുള്ള ഒരു കഥ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടില്ല.

എല്ലാ ഘട്ടങ്ങളിലും മുകുന്ദൻ സാറുമായി കണ്‍സൾട്ട് ചെയ്തിരുന്നു. മഹാവീര്യർ എന്ന വാക്കിനെ അക്ഷരാർഥത്തിൽ എടുത്തല്ല സിനിമ ചെയ്തിരിക്കുന്നത്. മഹാവീര്യർ അഥവാ മഹാവീരന്മാരായ ചിലരുടെ, വീരസ്യങ്ങളെ സംബന്ധിച്ച സറ്റയറിക്കൽ ബ്ലാക്ക് ഹ്യൂമർ ആണ് ഈ സിനിമ.’



ടൈം ട്രാവൽ

കോർട്ട് റൂം ഫാന്‍റസി - അതാണു സിനിമയുടെ ജോണർ. കോടതിയും വിചാരണകളുമാണ് സിനിമ. എബ്രിഡ് പറയുന്നു - ‘പലരും പല രീതിയിലായിരിക്കും ഈ സിനിമയെ വായിക്കുക, കാണുക. അതിനുള്ളിൽ നിന്ന് രാഷ്‌ട്രീയവും വായിച്ചെടുക്കാം. ആ രീതിയിൽ ഒരുപാടു ലെയറുകളുള്ള സിനിമയാണ്.

ഒരു റിയൽ ലോകവും മറ്റൊരു സറിയൽ പീര്യേഡ് കാലഘട്ടവും രണ്ടുംകൂടി ചേർന്ന മറ്റൊരു സമകാലിക മാജിക്കൽ ലോകവുമൊക്കെക്കൂടി ചേർന്നതാണ് ഈ സിനിമ. ടൈം ലൂപ്പ് അല്ല. കാലത്തിലൂടെയുള്ള ഒരു യാത്രയെന്നു പറയാം. കാലവും സ്പേസും അതിന്‍റെ തുടർച്ചയുമൊന്നും കൃത്യമായി ഫോളോ ചെയ്യാത്ത സിനിമയാണ്.

ഏതു കാലത്തും ഏതു പ്രതലവുമായും നമുക്കു കണക്ട് ചെയ്യാൻ പറ്റുന്ന രീതിയിലാണ് സിനിമ ചെയ്തിരിക്കുന്നത്. നേർരേഖയിലുള്ള കാലത്തിന്‍റെ യാത്രയെ ആർട്ടിന്‍റെ സ്വാതന്ത്ര്യത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്.’



ആൾദൈവമല്ല

അപൂർണാനന്ദൻ നിവിനു കറക്ടായിരിക്കുമെന്ന് ആദ്യം തന്നെ തോന്നിയിരുന്നതായി എബ്രിഡ് പറയുന്നു. ‘ആൾദൈവമൊന്നുമല്ല. രണ്ടു കാലഘട്ടങ്ങളിൽ, രണ്ടു ലുക്കിൽ വരുന്ന കഥാപാത്രമാണ്. കുറച്ചു ഫണ്ണി കഥാപാത്രമാണ്. കുറച്ചു കുസൃതികളും ചെറിയ തമാശയുമൊക്കെയുളള കഥാപാത്രം. നിവിൻ അതു നല്ല രസമായി ചെയ്തിട്ടുണ്ട്.

കഥ സംഭവിക്കുന്ന ചിത്രപുരി ഒരു സാങ്കല്പിക ലോകമാണ്. എന്നാൽ, സ്വപ്നാടനം പോലെയല്ല. പഴയകാലത്തെ ഒരു സ്ഥലം എന്ന രീതിയിലാണു പറയുന്നത്. ഏതെങ്കിലുമൊരു ചരിത്രകാലത്തെ രാജാവുമായിട്ടോ സന്യാസിയുമായിട്ടോ മറ്റൊന്നുമായിട്ടോ ഇതിനു ബന്ധമില്ല.



ആസിഫും ഷാൻവിയും

നിവിനും ആസിഫിനും നല്ല പ്രാധാന്യമുള്ള സിനിമയാണ് മഹാവീര്യർ എന്ന് എബ്രിഡ്. ‘ഈ കഥയിൽ തുല്യപ്രാധാന്യത്തിലോ രണ്ടുപേരും തമ്മിൽ വൈരികളായോ... അങ്ങനെയൊന്നുമല്ല. ഇതിൽ കഥയാണു ഹീറോ.

സിനിമയിലെ രണ്ടിടങ്ങളിലെ രണ്ടു സ്ഥാനങ്ങളിൽ രണ്ടുപേരും കറക്ടാണ്. വീരഭദ്രൻ... അതാണ് ആസിഫിന്‍റെ കഥാപാത്രം.



മുഖ്യസ്ത്രീകഥാപാത്രമാകുന്നതു ഷാൻവി ശ്രീവാസ്തവ. കഥാപാത്രത്തിനു ചേരുന്ന ആളിനെ കൃത്യമായി തെരഞ്ഞു കണ്ടുപിടിക്കുകയായിരുന്നു.

അവരുടെ സിനിമകൾ, അവരുടെ പെർഫോമൻസ് എല്ലാം ശ്രദ്ധേയമാണ്. വളരെ സീനിയറായ, അനുഭവപരിചയമുള്ള അഭിനേത്രിയാണ്.’



പ്രധാന വെല്ലുവിളി

പ്രധാന വെല്ലുവിളി സ്ക്രിപ്റ്റിംഗ് ആയിരുന്നുവെന്ന് എബ്രിഡ് ഓർക്കുന്നു. ‘തലപുകഞ്ഞ് ചെയ്ത സ്ക്രിപ്റ്റാണ്. നല്ല റിസേർച്ച് വേണ്ടിവന്നു. അതിന്‍റെ നിർവഹണവും പ്രയാസകരമായിരുന്നു. മ്യൂസിക്കിന്‍റെ റിസേർച്ച്, സൗണ്ടിംഗ്, ആർട്ടിസ്റ്റുകളുടെ പെർഫോമൻസ്, കോസ്റ്റ്യൂം, ആർട്ട്, മേക്കപ്പ്, ലൊക്കേഷൻ... എല്ലാം ചലഞ്ചിംഗ് ആയിരുന്നു. സിനിമ എപ്പോഴും അങ്ങനെയാണല്ലോ.

തീർച്ചയായും പ്രയത്നമുണ്ടാവണം. അത്തരത്തിലുള്ള എല്ലാ പ്രയത്നവും 100 ശതമാനം എടുത്തിട്ടുള്ള സിനിമയാണ് മഹാവീര്യർ. മെൽവിൻ, സഞ്ജയ് ലീല ബെൻസാലിയുടെയൊക്കെ സിനിമകൾ ചെയ്യുന്ന മുംബൈ ഡിസൈനർ ചന്ദ്രകാന്ത് എന്നിവരാണു വസ്ത്രങ്ങൾ രൂപകല്പന ചെയ്തത്. കൃത്യമായി സ്കെച്ച് ചെയ്ത് മനുഷ്യപ്രയത്നത്തിൽ ഉണ്ടാക്കിയ കോസ്റ്റ്യൂംസാണ് ഉപയോഗിച്ചത്.’



ബിജുവിന്‍റെ സ്ക്രിപ്റ്റ് റെഡി

ആക്ഷൻ ഹീറോ ബിജുവിനു രണ്ടാം ഭാഗം പ്ലാനിംഗിലാണെന്ന് എബ്രിഡ്. ‘ഞാനും നിവിനും കൂടി ചെയ്യുന്ന നാലാമതു സിനിമ. സ്ക്രിപ്റ്റായി. ചെറിയ മിനുക്കുപണികൾ ചെയ്തുകൊണ്ടിരിക്കുന്നു. ഷൂട്ടിംഗ് ഡേറ്റ്, ഷെഡ്യൂൾ കൃത്യമായി ചാർട്ട് ചെയ്തിട്ടില്ല.’

ടി.ജി.ബൈജുനാഥ്