‘കടുവ’യിൽ തീരില്ല; പ്രീക്വലും സീക്വലും ആലോചനയിൽ: തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം

02:55 PM Jun 27, 2022 | Deepika.com

കണ്ണിനു കണ്ണ്, പല്ലിനു പല്ല്. ഇതു കടുവാക്കുന്നേൽ കുറുവച്ചന്‍ എന്ന ‘കടുവ’യുടെ നിയമം. വെറും പോര് ആഗ്രഹിച്ചു വന്നവർക്ക് ഒരു യുദ്ധം തന്നെ കരുതിവച്ച കുറുവച്ചൻ. ബൈബിളിലെ പുതിയ നിയമത്തേക്കാൾ പഴയ നിയമത്തോടു പ്രിയമുള്ള നാട്ടുപോരാളി; നാട്ടിൽ കുറുവച്ചൻ എന്ന വിളിപ്പേരുള്ള കുര്യൻ കോരുത്.

കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് കത്തിപ്പടരുന്ന ‘കടുവ’യ്ക്കു സ്ക്രിപ്റ്റൊരുക്കിയത് ആദം ജോണിന്‍റെ സംവിധായകനും രചയിതാവുമായ ജിനു വി. ഏബ്രഹാം.10 വർഷത്തിനു ശേഷം വീണ്ടുമൊരു ഷാജി കൈലാസ് മാസ് ആക്ഷൻ ത്രില്ലർ തിയറ്ററുകളിലെത്തുകയാണ്. പൃഥ്വിരാജും വിവേക് ഒബ്റോയിയും നായക, പ്രതിനായക വേഷങ്ങളിൽ നേർക്കുനേർ വരുന്ന ‘കടുവ’യിൽ പ്രതികാര പരന്പരകളുടെ കനലടരുകൾ ചിതറുമെന്നതു നിശ്ചയം.



‘ഞാനൊരു മാസ് സിനിമ ആലോചിക്കുന്പോൾ അതു വെറുതേ ഒരു മാസ് സിനിമ ആവരുതെന്ന ആഗ്രഹമുണ്ടായിരുന്നു. അതിനകത്ത് ഒരു പുതിയ വിഷയം, പുതിയ ഒരു തോട്ട് ഉണ്ടാവണം എന്നും ആഗ്രഹമുണ്ടായിരുന്നു. അതു കടുവയിലുണ്ടാവും.

ഒപ്പം, ഇതു സെറ്റ് ചെയ്തിരിക്കുന്നതു മാസ് കൊമേഴ്സ്യൽ സിനിമയുടെ പശ്ചാത്തലത്തിലാണ്. അത്തരം സിനിമകളുടെ ആരാധകൻ എന്ന നിലയിലാണ് ഞാൻ ഇതു ട്രൈ ചെയ്തിരിക്കുന്നത്.’ - പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നു നിർമിച്ച കടുവയ്ക്കു തിരക്കഥയൊരുക്കിയ ജിനു വി.ഏബ്രഹാം പറയുന്നു.



മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ്, ആദം ജോണ്‍, കടുവ...പൃഥ്വിരാജിനൊപ്പം നാലാംവട്ടം. പൃഥ്വിയെ മനസിൽ കണ്ട് എഴുതിയതാണോ കടുവ..?

കടുവ ഒരു മാസ് സിനിമ എന്ന രീതിയിൽത്തന്നെ എഴുതിയതാണ്. അതു രാജുവിലേക്ക് എത്തിയതാണ്. ആദം ജോണിന്‍റെ ഷൂട്ടിംഗ് സമയത്തു തന്നെ ഞാൻ പൃഥ്വിരാജിനോട് ഈ കഥയെക്കുറിച്ചു പറഞ്ഞിരുന്നു. ഇതിലെ സീനുകൾ പറഞ്ഞിരുന്നു. രാജു ചെയ്യാൻ വേണ്ടിയൊന്നുമായിരുന്നില്ല അന്ന് ഞാനതു പറഞ്ഞത്. അങ്ങനത്തെ ആലോചനകളൊന്നും അന്നു നടന്നിരുന്നില്ല.

ഞാൻ എഴുതാൻ പോകുന്ന ഒരു സിനിമ എന്ന നിലയിൽ ഏറ്റവും അടുത്ത സുഹൃത്തിനോട് വളരെ ആവേശത്തോടെ എപ്പോഴും സംസാരിക്കാറുണ്ട്. അങ്ങനെ സംസാരിച്ച കൂട്ടത്തിൽ പറഞ്ഞതാണ്. പിന്നീടു രണ്ടു വർഷം കഴിഞ്ഞ് ഈ കഥ രാജുവിനോടു പറഞ്ഞപ്പോൾ ഞാൻ അന്നു പറഞ്ഞ ആ സീനിനെക്കുറിച്ച് രാജു ഓർത്തെടുത്തു പറഞ്ഞു.



ഷാജി കൈലാസ് രഞ്ജിപണിക്കർ മോഹൻലാൽ ടീമിന്‍റേതായി മുന്പ് അനൗണ്‍സ് ചെയ്യപ്പെട്ട പ്രോജക്ടിനു താങ്കൾ ഒരുക്കിയ സ്വതന്ത്ര രൂപാന്തരമാണോ കടുവ..?

അല്ല. എല്ലാ ജോണറുകളിലുമുള്ള സിനിമകൾ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സ്കൂൾ കാലഘട്ടത്തിലെ ഏറ്റവും വലിയ നൊസ്റ്റാൾജിയയാണ് ഷാജി കൈലാസ്, ജോഷി സാർ, രഞ്ജിത്ത്, രഞ്ജിപണിക്കർ, ഡെന്നീസ് ജോസഫ് എന്നിവരുടെയൊക്കെ സിനിമകൾ. മാസ് സിനിമകൾ എനിക്കു വലിയ ഇഷ്ടമാണ്. അത്തരം ജോണർ പരീക്ഷിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

പാലായുടെ പശ്ചാത്തലത്തിലായിരിക്കണം അത്തരമൊരു കഥ സെറ്റ് ചെയ്യേണ്ടതെന്ന് എപ്പോഴോ ഒരു ഘട്ടത്തിൽ എനിക്കു തോന്നി. ആദം ജോണിന്‍റെ ലൊക്കേഷൻ കാണാൻ പോയ സമയത്ത് ഞാൻ ആ നാട്ടിലൂടെ ധാരാളം സഞ്ചരിച്ചു.



മണർകാട് പാപ്പൻ മുതലാളി, മറ്റത്തിൽ ദേവസ്യാച്ചൻ തുടങ്ങിയ ലെജൻഡെറിയായ ആളുകൾ...ഇരട്ടച്ചങ്കന്മാർ എന്നൊക്കെ പറയാവുന്നവർ ജീവിച്ചിട്ടുള്ള സ്ഥലമാണത്. അക്കാലത്ത് അവർ പരീക്ഷിച്ചിട്ടുള്ള ബിസിനസുകളൊക്കെ ഇന്നു കേട്ടാൽ നമ്മൾ ഞെട്ടിപ്പോകും. അത്തരത്തിലുള്ള ആളുകളുള്ള ഒരു സ്ഥലം. ഒരുപാടു കഥകൾക്കു സ്കോപ്പുള്ള സ്ഥലമാണത്.

ഷാജി കൈലാസ് - രഞ്ജിപണിക്കർ സിനിമയുടെ കഥ എന്താണെന്ന് ഈ നിമിഷം വരെ എനിക്കറിയില്ല. ഞാൻ ഒന്പതാം ക്ലാസിൽ പഠിക്കുന്പോഴാണ് ആ സിനിമയുടെ അനൗണ്‍സ്മെന്‍റ് കേൾക്കുന്നത്. അതിനുശേഷം അവർ ആ പ്രോജക്ട് ഡ്രോപ്പ് ചെയ്തു.

പിന്നെയും വർഷങ്ങൾക്കു ശേഷമാണല്ലോ ഞാൻ ഇങ്ങനെയൊരു പ്രോജക്ട് എഴുതുന്നത്. അതിന്‍റെ കഥയെന്താണെന്ന് ഷാജിയേട്ടനോ രഞ്ജിയേട്ടനോ എന്നോടു പറഞ്ഞിട്ടില്ല, ഞാൻ അവരോടു ചോദിച്ചിട്ടുമില്ല. അതല്ല ഈ സിനിമ. ഈ സിനിമ കണ്ടു കഴിയുന്പോൾ അത്തരം വിവാദങ്ങളൊക്കെയും കെട്ടടങ്ങും. ഈ കഥയുടെ ഏരിയകളൊക്കെ ഏറെ പുതുമയും അസാധാരണത്വവുമുള്ളതെന്നു ഞാൻ വിശ്വസിക്കുന്നു.



ഈ കാലഘട്ടത്തിൽ സംഭവിക്കുന്ന കഥയാണോ..?

മാസ് ആക്ഷൻ ത്രില്ലറാണു കടുവ. എന്നാൽ, ഇതിൽ ഫാമിലി ഇമോഷനുകളുണ്ട്. ഇതിൽ ഒരു വിഷയം പറയുന്നുണ്ട്. നിങ്ങളാരും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളിൽ, ഇതുവരെ ഞങ്ങൾ വെളിപ്പെടുത്താത്ത ചില ഏരിയകളിലൂടെ ഈ സിനിമ കടന്നുപോകുന്നുണ്ട്. 93-94 കാലഘട്ടത്തിൽ ഏകദേശം ആറേഴു മാസത്തിനിടയ്ക്കു നടക്കുന്ന കഥയാണ്.

93-94 കാലഘട്ടത്തിൽ ഇവിടെ നടന്നിട്ടുള്ള പല കാര്യങ്ങളും ഈ സിനിമയിൽ വിഷയമായി വരുന്നുണ്ട്. അക്കാലത്തെ സാമൂഹിക സാന്പത്തിക അവസ്ഥയൊക്കെ കടന്നുവരുന്നുണ്ട്. കുടിയേറ്റക്കാരുടെ കഥ പറയുന്ന സിനിമയാണിത്. കുടിയേറ്റക്കാരുടെ കാവൽപിതാവാണ് ഗിവർഗീസ് സഹദാ. പാൽവർണ കുതിര മേൽ എന്ന പാട്ടിൽ അതിന്‍റെ പരാമർശങ്ങളുണ്ട്.



സിനിമ അനൗണ്‍സ് ചെയ്തപ്പോൾ മുതൽ വിവാദങ്ങളിലൂടെയാണല്ലോ കടുവയുടെ യാത്ര..?

മനപ്പൂർവം ഈ സിനിമ തടസപ്പെടുത്താനുള്ള ഒരുപാടു ശ്രമങ്ങൾ ഈ നിമിഷവും നടക്കുന്നുണ്ട്. അതിനെയൊക്കെ തരണം ചെയ്താണു മുന്നോട്ടു പോകുന്നത്. വിവാദങ്ങൾ സിനിമയ്ക്കു നല്ലതിനാവട്ടെ.

ഏറ്റവും താഴത്തെ കോടതി മുതൽ മുകളിലത്തെ കോടതി വരെ പോയിട്ടും നമ്മുടെ ഭാഗത്താണു ന്യായമെന്നുള്ളതു ബഹു. കോടതികൾക്കു മനസിലായി. ഒരു ദിവസം പോലും ഷൂട്ടിംഗ് തടസപ്പെടുകയോ റിലീസിംഗ് മാറ്റിവയ്ക്കേണ്ടിവരികയോ... അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല.



ഈ സിനിമ ഷാജി കൈലാസോ ജോഷിയോ പോലെയുള്ളവർ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നോ..?

ഈ സിനിമ ഒരു മാസ്റ്റർ ക്രാഫ്റ്റ്സ്മാനെ ഡിമാൻഡ് ചെയ്യുന്നു. അങ്ങനെയൊരാൾ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ഞാനൊക്കെ തൊണ്ണൂറുകളിലെ കുട്ടിയാണ്. ആ കാലഘട്ടത്തിലെ സെറ്റപ്പിൽ അവരുടെ കൈമുതലും കാര്യങ്ങളുമൊക്കെയുള്ള ഒരു സിനിമ ഉണ്ടാകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ഷാജിയേട്ടനും നല്ല ഒരു തിരക്കഥ കാത്തുനിൽക്കുകയായിരുന്നു.

അദ്ദേഹത്തിന്‍റെ ഏറ്റവും കംഫർട്ടബിൾ സോണിലുള്ള രഞ്ജിയേട്ടനും രഞ്ജിത്തും കൂടി ഒരു സിനിമ ആലോചിച്ചുകൊണ്ടിരുന്ന സമയത്താണ് ഞങ്ങൾ ഈ പ്രോജക്ടുമായി എത്തിയത്. പൂർണമായ തിരക്കഥ ഉണ്ടായിരുന്നു. ഷാജി കൈലാസ്... അതു രാജുവും ഞാനും കൂടിയെടുത്ത തീരുമാനമാണ്.

രാജുവാണ് അത് ഷാജി ചേട്ടനെ വിളിച്ച് കണക്ട് ചെയ്തത്. ആദ്യത്തെ കഥപറച്ചിൽ കഴിഞ്ഞപ്പോൾത്തന്നെ എഴുത്തുകാരനും സംവിധായകനും ഒന്നാകുന്ന നിമിഷം തിരിച്ചറിയാനായി.



യഥാർഥ ജീവിതത്തിൽ നിന്നുള്ള വ്യക്തിയുടെ സംഭവകഥയാണോ കടുവ...?

ഈ സിനിമ 95 ശതമാനവും ഫിക്ഷനാണ്. ബാക്കിയുള്ള അഞ്ചു ശതമാനം ഒന്നിലധികം വ്യക്തികളുടെ ചരിത്രങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഞാൻ വായിച്ചതും കേട്ടതും അറിഞ്ഞതുമൊക്കെയായ കാര്യങ്ങൾ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. അത് എതൊരു കഥയിലും ഏതൊരെഴുത്തുകാരനെയും പ്രചോദിപ്പിക്കുന്ന കാര്യങ്ങളാണ്. അല്ലാതെ, ഒരു പ്രത്യേക വ്യക്തിയെയോ കുടുംബത്തെയോ ഒന്നും ഈ സിനിമയിൽ എടുത്തിട്ടില്ല.

ഇനി അങ്ങനെ അവകാശപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ ജീവിതമെടുത്തു പരിശോധിച്ചാൽ അതിൽ നിന്നു കടുവ പോലെ ഒരു സിനിമ ഉണ്ടാക്കാൻ പറ്റില്ലെന്നു മനസിലാവും. സിനിമ കാണുന്പോൾ അതു കൂടുതൽ വ്യക്തമാകും.



കുറുവച്ചന്‍റെ ജ്യേഷ്ഠൻ കടുവാക്കുന്നേൽ മാത്തൻ എന്ന കഥാപാത്രമായി മോഹൻലാൽ കാമിയോ റോളിൽ വരുന്നതായി വാർത്തകളുണ്ട്. വാസ്തവമെന്താണ് ?

അതു വെറും സാങ്കല്പിക സൃഷ്ടിയാണ്. മാത്തൻ എന്ന ഒരു കഥാപാത്രം ഈ സിനിമയിൽ ഇല്ല. മോഹൻലാലിന്‍റെ സാന്നിധ്യം ഈ സിനിമയിൽ ഉണ്ടാകണമെന്ന ആഗ്രഹം നമുക്കൊക്കെയുണ്ട്. പക്ഷേ, ഈ സിനിമയിൽ അദ്ദേഹം ഇല്ല. കടുവയുടെ ഒരു പ്രീക്വൽ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതായത് കടുവയുടെ അപ്പൻ കടുവയുടെ കഥ. കടുവാക്കുന്നേൽ കോരുത് മാപ്പിളയുടെ കഥ.

അന്പതുകളിലെയും അറുപതുകളിലെയും പാലാ, മുണ്ടക്കയത്തിന്‍റെ കഥയാണത്. കുടിയേറ്റത്തിന്‍റെ കഥയാണത്. നമ്മുടെ മെഗാസ്റ്റാറുകളിൽ ആരെങ്കിലും ഒരാൾ ആ കാരക്ടർ ചെയ്താൽ കൊള്ളാമെന്ന വലിയ ആഗ്രഹവും എനിക്കുണ്ട്. പക്ഷേ, ആ കഥ സെറ്റാവണം. അവരോട് അതു പറയണം. അവർക്ക് അത് ഇഷ്ടപ്പെടണം. അങ്ങനെ ഒരുപാടു കടന്പകളുണ്ട്.



ഈ സിനിമയിൽ കടുവാക്കുന്നേൽ കോരുത് മാപ്പിള എന്ന എന്ന കഥാപാത്രത്തെക്കുറിച്ചു ചില പരാമർശങ്ങളുണ്ട്. അയാൾ ചെയ്തിട്ടുള്ള ചില കാര്യങ്ങളെക്കുറിച്ചുള്ള പറച്ചിലുകളുണ്ട്. അതിൽ നിന്നു മനസിലാക്കാം എത്രമാത്രം ശക്തമായ കഥാപാത്രമാണ് അതെന്ന്.

കടുവയ്ക്ക് ഒരു സീക്വലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. കടുവയുടെ അവസാന സീൻ കാണുന്പോൾ ഇതിനൊരു സീക്വൽ വളരെയധികം ഡിമാൻഡ് ചെയ്യുന്നതായി മനസിലാവും. അത്തരത്തിലുള്ള പ്ലാനിംഗും എന്‍റെ മനസിലുണ്ട്.



കടുവയുടെ തീം പ്ലാന്‍റർ- പോലീസ് ഈഗോ ക്ലാഷ് അല്ലേ?

മനുഷ്യന്‍റെ ഈഗോയാണ് ഇതിലും വിഷയമായി വരുന്നത്. ആ ഈഗോയിൽ നിന്നുണ്ടാകുന്ന അതിന്‍റെയൊരു വളർച്ച...അതു മറ്റു സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. അത് അയ്യപ്പനും കോശിയിൽ നിന്നും ഡ്രൈവിംഗ് ലൈസൻസിൽ നിന്നുമൊക്കെ ഏറെ വ്യത്യസ്തമാണ്.

ഡ്രൈവിംഗ് ലൈസൻസിന്‍റെ ലൊക്കേഷനിലാണ് ഈ പ്രോജക്ട് സംഭവിക്കുന്നത്. അതിൽനിന്ന് ഏറെ വ്യത്യസ്തമായതുകൊണ്ടാണല്ലോ പൃഥ്വിരാജ് ഈ സിനിമ ഏറ്റെടുക്കാനും ഇതിൽ നായകനായി അഭിനയിക്കാനും തയാറായത്. ഇതിന്‍റെ കഥാപരമായ വളർച്ച വേറൊരു രീതിയിലാണ്. അത് എവിടെച്ചെന്ന് എത്തി നിന്നു എന്ന കാര്യം സിനിമയുടെ ഒരു ഏരിയയിൽ ഒരു കഥാപാത്രം പറയുന്നുണ്ട്. അത്തരം ഒരു ഈഗോ ക്ലാഷിനെ എങ്ങനെ നമുക്ക് അങ്ങേയറ്റം മാസായി ചെയ്യാം എന്നുള്ളതാണ് ഈ സിനിമ.

സംഘം, കോട്ടയം കുഞ്ഞച്ചൻ... അത്തരം പാറ്റേണിലുള്ള സിനിമകളുടെയൊക്കെ ആരാധകനാണു ഞാൻ. എന്നാൽ കുട്ടപ്പായിയോ കുഞ്ഞച്ചനോ ഒന്നുമല്ല കുറുവച്ചൻ. ഇതു വേറെ തന്നെയൊരു കഥാപാത്രമാണ്.



പൃഥ്വിരാജ് ഫാൻസിനെക്കൂടി മനസിൽ കണ്ടാണോ കടുവ എഴുതിയത്..?

പൃഥ്വിരാജ് ഫാൻസ് എന്നുള്ളതല്ല, മാസ് സിനിമകൾ ഇഷ്ടപ്പെടുന്ന ആബാലവൃദ്ധം ആളുകളെയും മനസിൽ കണ്ടാണ് കടുവ എഴുതിയത്.

പൃഥ്വിരാജിൽനിന്ന് ഈ സിനിമയുടെ മേക്കിംഗിൽ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷൻ ഉണ്ടായിട്ടുണ്ടോ..?

എപ്പോഴും സ്വാഭാവികമായി പരസ്പര ചർച്ചകൾ ഉണ്ടാവാറുണ്ട്. രാജു മോശം അഭിപ്രായങ്ങളോ നിർദേശങ്ങളോ പറയുന്ന ആളേ അല്ല. നമ്മൾ പിടിവിട്ട് ഇരിക്കുന്ന സമയത്ത് രാജു എന്താണു പറയുന്നതെന്ന് ആകാംക്ഷയോടെ കേൾക്കുകയും നല്ലതാണെങ്കിൽ അതു സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്‍റെ ആദ്യത്തെ സിനിമ മുതൽ ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്.

പിന്നെ, ഇതിൽ ഷാജി കൈലാസ് എന്ന മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഉണ്ടല്ലോ. അദ്ദേഹം എങ്ങനെയൊക്കെ ഈ സിനിമ ചെയ്യുന്നു, എവിടെയൊക്കെയാണ് അദ്ദേഹം ഈ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നത്, ഏതു രീതിയിലാണ് ചില സീനുകളെ അദ്ദേഹം മാറ്റിമറിക്കുന്നത്, ചില ഷോട്ടുകൾ വയ്ക്കുന്നത്, ഷോട്ട് ഡിവിഷൻ ചെയ്യുന്നത്....അതൊക്കെ ഞാനും രാജുവും മാറിനിന്നു കണ്ടു പഠിക്കുകയായിരുന്നു.



പൃഥ്വിയുടെ നായികയായി എൽസകുര്യൻ എന്ന വേഷത്തിലേക്ക് സംയുക്ത മേനോനെ പരിഗണിച്ചത്..?

കുറുവച്ചൻ - എൽസ ദന്പതികൾക്കു മൂന്നു കുട്ടികൾ. അതിൽ മൂത്ത കുട്ടിയുടെ പ്രായം 12 വയസാണ്. 25 വയസായപ്പോൾ കുറുവച്ചനെ പിടിച്ചു കല്യാണം കഴിപ്പിച്ചതാണ്. അവിടെയുള്ള ആളുകളെ സംബന്ധിച്ച് അത്യാവശ്യം ഡിഗ്രി വരെ പോയാൽ പിന്നെ, തോട്ടവും ബാറുമൊക്കെ നോക്കിനടത്തി ബിസിനസ് ഏറ്റെടുത്ത് അപ്പന്മാരുടെ ഭാരം കുറയ്ക്കുക, പിന്നെ ഒത്ത ഒരു പെണ്ണിനെ കണ്ടുപിടിച്ചു കല്യാണം കഴിക്കുക - അതാണ് മക്കൾ ചെയ്യേണ്ടത്.

മൂന്നു കുട്ടികളുടെ അമ്മയായി അഭിനയിക്കുക എന്നതു സംയുക്തയെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേ ആയിരുന്നില്ല. ഇമേജുകളൊന്നും നോക്കാതെ വളരെ ധീരമായിട്ടാണ് അവർ ഈ കഥാപാത്രത്തെ സമീപിച്ചത്.



താങ്കളുടെ തിരക്കഥകളിൽ ഏറ്റവും പ്രിയപ്പെട്ടതാണോ കടുവ..‍?

എല്ലാ തിരക്കഥകളും എനിക്കു പ്രിയപ്പെട്ടതാണ്. എനിക്ക് എഴുത്തിൽ ഒരുപാടു സംതൃപ്തിയും ആത്മവിശ്വാസവും എഴുതിക്കഴിഞ്ഞപ്പോൾ തന്ന തിരക്കഥയാണു കടുവ. പക്ഷേ, എന്‍റെ ഏറ്റവും പ്രിയപ്പെട്ട തിരക്കഥ എന്‍റെ ആദ്യചിത്രമായ മാസ്റ്റേഴ്സിന്‍റേതാണ്. പക്ഷേ, അതു വേണ്ടരീതിയിൽ കണ്‍സീവ് ചെയ്യപ്പെട്ടില്ല എന്ന വലിയ ഒരു ദുഃഖം എനിക്ക് എപ്പോഴുമുണ്ട്.

ഇപ്പോഴും ഓരോ സ്ഥലത്തു ചെല്ലുന്പോഴും മാസ്റ്റേഴ്സിന്‍റെ തിരക്കഥയെക്കുറിച്ച് ആളുകൾ ആവേശത്തോടെ സംസാരിക്കുന്നത് വാസ്തവത്തിൽ എനിക്കു സന്തോഷത്തേക്കാൾ കൂടുതൽ വിഷമമാണ്.

എടുക്കേണ്ട രീതിയിൽ ഹോംവർക്ക് ചെയ്ത് എടുക്കപ്പെടാത്ത ഒരു സിനിമയാണ് അതെന്ന ബോധ്യം കാലങ്ങൾ കഴിയുംതോറും എന്നിൽ വലിയതോതിൽ ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ എന്‍റെ ഏറ്റവും മികച്ച തിരക്കഥയായായി എന്നും കരുതുന്നതു മാസ്റ്റേഴ്സാണ്.

ടി.ജി.ബൈജുനാഥ്