തീരദേശത്തിന്‍റെ കഥ പറയുന്ന പന്ത്രണ്ട്

11:11 AM Jun 25, 2022 | Deepika.com

ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീയ രംഗങ്ങള്‍. സംഭവബഹുലമായ ചില മുഹൂർത്തങ്ങൾ. ഇവയെല്ലാം ഒരേ അളവിൽ കോര്‍ത്തിണക്കിയ ചിത്രമാണ് പന്ത്രണ്ട്.

ലിയോ തദേവൂസിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പന്ത്രണ്ട് എന്ന ചിത്രം സിനിമ ആസ്വാദകരുടെ ഹൃദയം കവരുമെന്നതില്‍ തര്‍ക്കമില്ല. വിനായകന്‍റെ അന്ത്രോ എന്ന കഥാപാത്രവും ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന പത്രോസ് എന്ന കഥാപാത്രവും സഹോദരന്‍മാരായി തകര്‍ത്തഭിനയിക്കുകയാണ്.

തീരദേശമേഖലയിലാണ് ഇവരുടെ ജീവിതം. അങ്ങനെ തട്ടും മുട്ടുമായി മുന്നോട്ടു പോകുമ്പോള്‍ ഔദ് വിദ്വാനായ ഇമ്മാനുവേല്‍ എന്നൊരാള്‍ ഇവരുടെയിടയിലേക്ക് വരുന്നിടത്ത് കഥയുടെ ഗതി മാറുന്നു. ദേവ് മോഹനാണ് ഇമ്മാനുവേലിന്‍റെ കഥാപാത്രം അവതരിപ്പിക്കുന്നത്.



പിന്നീട് ഈ കഥാപാത്രം ആരെന്നുള്ളതും ചിത്രത്തിന്‍റെ നിഗൂഡത വര്‍ദ്ധിപ്പിക്കുന്നു. ദേവ് മോഹന്‍റെ വളരെ വ്യത്യസ്തമാര്‍ന്ന അഭിനയവും കഥാപാത്രവുമായിരുന്നു ഇമ്മാനുവേല്‍ എന്നതില്‍ സംശയമില്ല.

വേറിട്ട അഭിനയത്തിന് ഉദാഹരമാണമായിരുന്നു ചിത്രത്തില്‍ ലാലിന്‍റേത്. തീര്‍ത്തും അനായസമായി ചിത്രത്തിന് മറ്റൊരു മുഖം കൊണ്ടുവരാന്‍ ലാലിന്‍റെ കഥാപാത്രത്തിനായി. നിഗൂഢതകള്‍ നിറഞ്ഞ ത്രില്ലര്‍ ജോണറിലുള്ള ഒരു ചിത്രമാണ് പന്ത്രണ്ട്. തീരദേശവും കടലും അവരുടെ ജീവിതവും തനിമയോടെ തന്നെ പകര്‍ത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.