രക്ഷപെടാനാവാത്ത വിധം അകപ്പെട്ടു പോകുന്നതാണ് ചുഴൽ എന്നുദ്ദേശിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി നിഗൂഢത നിറക്കുന്ന സസ്പെൻസ് ത്രില്ലർ കഥ പറയുന്ന പുതിയ ചിത്രത്തിനു സംവിധായകൻ നൽകിയിരിക്കുന്നതും ചുഴൽ എന്ന പേരാണ്.
സോഫ്റ്റ്വെയർ എൻജിനിയറായ ബിജു മാണി ആദ്യമായി സംവിധാനം ചെയ്യുന്ന ചുഴലിന്റെ ട്രെയിലർ കഴിഞ്ഞ വാരമാണ് സോഷ്യൽ മീഡിയയിൽ ടോവിനോ തോമസ് റിലീസ് ചെയ്തത്. പിന്നീട് വിനയ് ഫോർട്ട്, ആന്റണി വർഗീസ്, അനാർക്കലി മരക്കാർ തുടങ്ങിയവർ ട്രെയിലർ പങ്കുവെയ്ക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ചുഴലി ചർച്ചയാകുന്പോൾ ചിത്രത്തിന്റെ അവസാനഘട്ട പണിപ്പുരയിലാണ് പാലക്കാട് സ്വദേശിയായ ബിജു മാണിയും സംഘവും.
ആകാംക്ഷ സൃഷ്ടിക്കുന്ന പേരും ട്രെയിലറും ഇതിനോടകം ചർച്ചയായി. ചുഴലിനെക്കുറിച്ച് സംവിധായകൻ പറയുന്നത്?
ഹൊറർ ത്രില്ലർ പശ്ചാത്തലത്തിൽ മലയാളത്തിനു കണ്ടു പരിചിതമല്ലാത്ത ട്രാക്കിലൂടെയാണ് ചുഴൽ സഞ്ചരിക്കുന്നത്. പാശ്ചാത്യ സിനിമകളിൽ കണ്ടിട്ടുള്ള ഒരു കണ്‍സെപ്റ്റിനെ മലയാളത്തിൽ പുതിയൊരു ട്രാക്കിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും അവർ അറിയാതെ പെട്ടുപോകുന്ന ചുഴലിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഒരു എക്സ്പെരിമെന്റൽ ചിത്രമായിരിക്കും ചുഴൽ. ഇത്തരം ഒരു കഥ പറയുന്പോൾ പ്രേക്ഷകർക്ക് ഒരു മുൻ വിധിയുമുണ്ടാകാൻ പാടില്ല എന്നു തീരുമാനിച്ചിരുന്നു. ആരാണ് നായകനെന്നും വില്ലനെന്നും അറിയാത്തവിധം കഥാപാത്രങ്ങളുടെ സഞ്ചാരം പ്രവചനാതീതമായിരിക്കണം. അങ്ങനെയാണ് പുതുമുഖങ്ങളെ കാസ്റ്റ് ചെയ്തത്.
ആദ്യ ചിത്രത്തിന്റെ അവസാനഘട്ട ജോലികളിലാണല്ലോ? എങ്ങനെയായിരുന്നു സിനിമാ യാത്ര?
എൻജിനിയറിംഗ് ജോലി ചെയ്യുന്പോഴാണ് കോട്ടയം ആർഐടിയിൽ സിനിമ പഠിക്കാനെത്തുന്നത്. പഠനത്തിനു ശേഷം കുറച്ചു ഷോർട് ഫിലിമുകൾ ചെയ്തിരുന്നു. ഞാൻ സംവിധാനം ചെയ്ത ആദ്യത്തെ മറവി എന്ന ഷോർട് മൂവി ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ കാറ്റഗറി ഗണത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഒരുപിടി അന്തരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങളും നേടിത്തന്നു.
ലോക്ഡൗണിനു ശേഷം ബെവ് ക്യൂ എന്ന ഷോർട് മൂവിയും ചെയ്തു. അതിനു ശേഷമാണ് ചുഴലുമായി ഫീച്ചർ ഫിലിം രംഗത്തേക്കെത്തുന്നത്. കുട്ടിക്കാനം, വാഗമണ്‍ എന്നിവിടങ്ങളായിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ. ഞാനടക്കം ഒരുപിടി പുതിയ ആൾക്കാരാണ് ചിത്രത്തിനു പിന്നിലുള്ളത്. ചുഴലിന്റെ അവസാനം ഘട്ട പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
ചുഴലിന്റെ പിന്നാന്പുറ വിശേഷങ്ങൾ?
ചിത്രത്തിന്റെ രചന ഒരുക്കിയിരിക്കുന്നതും ഞാനാണ്. നക്ഷത്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷ മഹേശ്വരരാണ് നിർമിച്ചിരിക്കുന്നത്. ജാഫർ ഇടുക്കിക്കൊപ്പം ആർജെ നിൽജ, എബിൻ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസൽ അഹമ്മദ്, സഞ്ജു പ്രഭാകർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സാജിദ് നാസർ ഛായാഗ്രഹണവും അമർ നാഥ് ചിത്രസംയോജനവും ഹിഷാം അബ്ദുൾ വഹാബ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
ലിജിൻ കെ. ഈപ്പൻ