പ്രേമം എന്ന മലയാളചിത്രം ഹിറ്റായപ്പോൾ എല്ലാവരുടെയും മനസിൽ നിറഞ്ഞുനിന്നത് സായി പല്ലവി അവതരിപ്പിച്ച മലർ മിസ് എന്ന കഥാപാത്രമായിരുന്നു. ഇപ്പോൾ ഇതാ തെലുങ്ക് ചിത്രം ഫിദയിലെ സായിയുടെ ഭാനുമതി എന്ന കഥാപാത്രത്തെപ്പറ്റിയാണ് തെലുങ്ക് സിനിമയിൽ സംസാരം. ഭാനുമതിയെ കാണാൻ വേണ്ടി ചിലർ ഫിദ എന്ന ചിത്രം വീണ്ടും വീണ്ടും കാണുന്നു. ചിത്രം വന്പൻ വിജയമായതോടെ സായി പല്ലവി പ്രതിഫലം കുത്തനെ ഉയർത്തി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
സായി പല്ലവിയെയും വരുണ് തേജയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമുല സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമാണ് ഫിദ. 40 കോടി ഗ്രോസ് കളക്്ഷൻ നേടിയ ചിത്രം ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിക്കഴിഞ്ഞു. വരുണിനും മുകളിലാണ് സായി പല്ലവിയുടെ പേര്. ഇപ്പോൾ തെലുങ്ക് സിനിമയിൽ ഏറ്റവും ഡിമാൻഡുള്ള നായികമാരിൽ ഒരാളായിരിക്കുകയാണ് സായി പല്ലവി. ഫിദയിലെ നടിയുടെ അഭിനയത്തെ പ്രശംസിച്ച് മുൻനിര താരങ്ങളും മുതിർന്ന താരങ്ങളും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ സായി പല്ലവി തന്റെ പ്രതിഫലം ഉയർത്തി എന്നാണ് പുതിയ വാർത്തകൾ. ഫിദയിൽ അഭിനയിക്കുന്നതിനായി 40 ലക്ഷം രൂപയാണ് സായി പല്ലവി വാങ്ങിയത്. ഇപ്പോൾ 40 ൽ നിന്ന് 70 ലക്ഷത്തിലേക്ക് ഉയർത്തിയത്രെ പ്രതിഫലം.
തെലുങ്കിലെ മുൻനിര നായികമാരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഒരു കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നത്. ഇപ്പോൾ സായി 70 ലക്ഷത്തിൽ എത്തിയതോടെ മറ്റ് നടിമാരുടെ ഉറക്കം പോയി എന്നാണ് പപ്പരാസികൾ പറയുന്നത്. തമിഴിൽ നിന്നും മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നും ഇപ്പോൾ സായി പല്ലവിക്ക് ധാരാളം അവസരങ്ങൾ വരുന്നുണ്ട്. നാനിക്കൊപ്പമുള്ള എംസിഎ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഡിസംബറിൽ സിനിമ റിലീസ് ചെയ്യും.
പ്രതിഫലം കുത്തനെ കൂട്ടി സായി പല്ലവി
12:55 PM Aug 16, 2017 | Deepika.com