യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയനായ ദുൽഖർ സൽമാൻ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സിനിമകളുടെ തിരക്കുകളിൽ പെട്ടു നെട്ടോട്ടമോടുന്ന അവസ്ഥയിലാണ് താരമിപ്പോൾ. അന്യഭാഷാ ചിത്രങ്ങളിലടക്കം നിലവിൽ അഞ്ച് സിനിമകളുടെ തിരക്കുകളിലാണ് ദുൽഖർ. എന്നാൽ മലയാളി ആരാധകരെ ഞെട്ടിച്ചുകൊണ്ട് ദുൽഖറിന്റെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ചും വാർത്ത വന്നിരിക്കുകയാണ്.
റോണി സ്ക്രുവാല നിർമിക്കുന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ബോളിവുഡിൽ അഭിനയിക്കാൻ ഒരുങ്ങുന്നതെന്നാണ് വാർത്തകൾ. അക്ഷയ് ഖുറാന സംവിധാനം ചെയ്യുന്ന ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിൽ ഇർഫാൻ ഖാൻ, മിഥില പൽക്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് പറയുന്നത്.
സെപ്റ്റംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. തമിഴിൽ നേരത്തെ തന്നെ അഭിനയിച്ചിരുന്നെങ്കിലും ഇപ്പോൾ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നടി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനദി എന്ന ചിത്രത്തിലാണ് ദുൽഖർ തെലുങ്കിൽ അഭിനയിക്കാൻ പോവുന്നത്. ചിത്രത്തിൽ ജെമിനി ഗണേശന്റെ വേഷമാണ് ദുൽഖർ അവതരിപ്പിക്കുന്നത്.
തൊട്ടുപിന്നാലെ ദുൽഖറും സായ് പല്ലവിയും മലയാള ത്തിൽ അഭിനയിച്ച കലി എന്ന സിനിമയും തെലുങ്കിലേക്കെത്തുകയാണ്. മലയാളത്തിന് പുറമെ ആദ്യമായി ദുൽഖർ അഭിനയിച്ചത് തമിഴിലായിരുന്നു. ഓകെ കണ്മണി എന്ന ചിത്രത്തിൽ നിത്യ മേനോന്റെ കൂടെയായിരുന്നു അഭിനയിച്ചിരുന്നത്. ചിത്രം തെലുങ്കിലും ഡബ്ബ് ചെയ്തിരുന്നു.
ദുല്‍ഖര്‍ ബോളിവുഡിലേക്ക് ?
05:05 PM Aug 12, 2017 | Deepika.com