മലയാളത്തിൽ നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച താരജോഡികളാണ് മോഹൻലാലും കാർത്തികയും. വിവാഹ ശേഷം സിനിമ വിട്ട കാർത്തിക കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന കാർത്തികയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ മോഹൻലാൽ എത്തിയിരുന്നു.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരെയും ഒന്നിച്ച് പ്രേക്ഷകർ കണ്ട ത്. കാർത്തികയുടെ മകൻ വിഷ്ണുവിന്റെയും പൂജയുടെയും വിവാഹ സത്കാരത്തിനാണ് താരം എത്തിയത്. ഇവർ വീണ്ടും കണ്ടുമുട്ടിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചടങ്ങിനെത്തിയ മോഹൻലാലിന് കുടുംബക്കാരെയെല്ലാം കാർത്തിക പരിചയപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
അടുത്ത ബന്ധുക്കളും കാർത്തികയുടെ സിനിമാരംഗത്തെ സുഹൃത്തുക്കളും വിവാഹത്തിനെത്തിയിരുന്നു. സുരേഷ് ഗോപി, ഭാര്യ രാധിക,വിനീത്, മഞ്ജു പിളള, ടി.കെ. രാജീവ് കുമാർ, മേനക സുരേഷ്, കാവാലം ശ്രീകുമാർ തുടങ്ങിയവരും വിവാഹസത്കാരത്തിൽ പങ്കെടുത്തു. പത്തിലധികം സിനിമകളിലാണ് മോഹൻലാലും കാർത്തികയും ഒന്നിച്ചഭിനയിച്ചത്.
ഒരുകാലത്ത് പ്രേക്ഷകരുടെ ഇഷ്ടതാരജോഡികൾ ആയിരുന്നു ഇരുവരും. 1986ൽ പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളികൾ കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചത്. തുടർന്ന് കരിയിലക്കാറ്റ് പോലെ, എന്റെ എന്റേ മാത്രം, സന്മനസുളളവർക്ക് സമാധാനം, അടിവേരുകൾ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, താളവട്ടം, ഇവിടെ എല്ലാവർക്കും സുഖം, ഉണ്ണികളെ ഒരു കഥ പറയാം, ജനുവരി ഒരു ഓർമ്മ തുടങ്ങിയവയാണ് മോഹൻലാലും കാർത്തികയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ.
സിനിമകൾ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും പ്രേക്ഷക മനസുകളിൽ നിറഞ്ഞുനിൽക്കുന്ന താരം കൂടിയാണ് കാർത്തിക. നടൻ വീനീത് വധുവരന്മാർക്കൊപ്പമുളള ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
താളവട്ടത്തിലെ നായകനും നായികയും വീണ്ടും കണ്ടുമുട്ടിയപ്പോൾ
01:05 PM Jan 22, 2020 | Deepika.com